Current Date

Search
Close this search box.
Search
Close this search box.

ആ ശംസും അസ്തമിച്ചു ..

ഉറുദു കവിയും നിരൂപകനുമായ ശംസുർറഹ്മാൻ ഫാറൂഖി (ജനനം 1935 ജനുവരി 15) ഇന്ന് 25-12-20 ന് ജുമുഅക്ക് തൊട്ടു മുമ്പ് അന്തരിച്ചു. പ്രശസ്ത സാഹിത്യ നിരൂപകനും ഉറുദു സാഹിത്യത്തിലെ ഗവേഷകനുമായിരുന്നു ഫാറൂഖി . ഉറുദുവിലെ ആധുനികതയുടെ വിളംബരം നടത്തിയിരുന്ന ശബെ ഖൂൻ മാസിക നാല് പതിറ്റാണ്ടായി അലഹബാദിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്നത് മിക്കവാറും അദ്ദേഹം ഒറ്റക്കായിരുന്നു. ശംസ് , ശബെ ഖൂൻ, ഫാറൂഖി തുടങ്ങിയ തൂലിക നാമങ്ങളിലും എസ് ആർ എഫ് എന്ന ഹൃസ്വ നാമത്തിലുമെല്ലാം അദ്ദേഹം എഴുതിപ്പോന്നു. ഇന്ത്യയിലെ രണ്ട് തലമുറ ഉർദു എഴുത്തുകാരെ ധിഷണാ പരമായി നയിച്ച മാഗസിനാണത്.ഫാറൂഖി സാഹിബ് ലക്ഷണമൊത്ത കവിത, കഥ എന്നിവകൾ കൂടാതെ നിഘണ്ടു, ഭാഷാ ഗവേഷണം എന്നിങ്ങനെ എല്ലാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.മൂന്ന് വർഷം മുമ്പ് അദ്ദേഹം എഴുതിയ സാഞ്ച എന്ന നോവൽ സാധാരണക്കാരെയടക്കം അദ്ദേഹത്തിന്റെ ഫാനാക്കി.

ഉറുദു സാഹിത്യത്തിൽ പോസ്റ്റ് മോഡേൺ സാഹിത്യ ചർച്ചകളെ സജീവമാക്കിയ ശംസ് ഫാറൂഖി മീർ തഖീ മീറിന്റെ കവിതാ നിരൂപണ ഗ്രന്ഥമായ ശിഅർ ശോർ അങ്കേസിലൂടെ സത്യസന്ധമായ നിരൂപണം നിർവ്വഹിച്ച് കേവല നിരൂപണമോ ന്യൂനതകൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടിയോ അല്ല നിരൂപണം എന്ന് തെളിയിച്ചു. നാല് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച പ്രസ്തുത ഗ്രന്ഥം നിരവധി തവണ പ്രസിദ്ധീകരിക്കപ്പെടുകയും 1996 ൽ സരസ്വതി അവാർഡിന് അർഹനാക്കുകയും ചെയ്തു. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി നല്കിയ ഡി.ലിറ്റ് ഓണററി ബിരുദം, പത്മശ്രീ, സാഹിത്യ അകാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി ബഹുമതികളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

നേരത്തെ അലഹബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും 1955ൽ ഉറുദു സാഹിത്യത്തിൽ എം.എ ബിരുദം നേടിയിട്ടുണ്ട്. ഇന്ത്യൻ പോസ്റ്റൽ സർവീസിൽ സർവിസ് ബോർഡ് അംഗവും ചീഫ് പോസ്റ്റ് മാസ്റ്ററുമായി ’60-68 കാലഘട്ടത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഉറുദുവിലേത് പോലെ ഇംഗ്ലീഷിലും നിരവധി സുപ്രധാന പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.

ഇസ്ബാതോ നഫി (നിഷേധവും സമ്മതവും ), ഗസൽ കെ അഹം മോഡ് (ഗസലിന്റെ വഴിത്തിരിവ് ), തഫ്ഹീമെ ഗാലിബ്
(ഗാലിബിന്റെ ബോധനം), സൂര്യയാത്ര (ഖുർശിദ് കാ സാമാനെ സഫർ ) എന്നിങ്ങനെ ഡസൻ കണക്കിന് ഗ്രന്ഥങ്ങൾ പ്രസിദ്ധീകൃതങ്ങളാണ്. സെലക്ടഡ് മിറർ ഇംഗ്ലീഷിൽ ഏറെ ചർച്ച ചെയ്യപ്പെട്ട നിരൂപണ ഗ്രന്ഥമാണ്.

പരേതന്റെ തെറ്റുകൾ പൊറുത്തു കൊടുക്കാനും സ്വർഗം നല്കി അനുഗ്രഹിക്കാനും നാഥനോട് പ്രാർഥിക്കുന്നു.

അവലംബം
1 -ഇന്റർവ്യൂ ശംസ് ഫാറൂഖി – പ്രേം കുമാർ നസർ ഉറുദു സ്റ്റഡീസ് ഡൈജസ്റ്റ് ആഗസ്റ്റ് 2012,
2-ലൗ ഓഫ് എ റൈറ്റർ
3 – വിക്കിപ്പീഡിയ

Related Articles