Current Date

Search
Close this search box.
Search
Close this search box.

ഹിജാബ് നിരോധനം: കര്‍ണാടക വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയിലേക്ക്

ഉഡുപ്പി: കഴിഞ്ഞ ഒരു മാസത്തിലേറെയായി ഹിജാബ് ധരിച്ചതിന്റെ പേരില്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയ കര്‍ണാടക ഉഡുപ്പി പി.യു കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 25 പ്രകാരം രാജ്യത്തെ പൗരന് മതപരമായ ആചാരങ്ങള്‍ അനുഷ്ടിക്കുന്നത് മൗലികാവകാശമാണെന്നും തങ്ങള്‍ക്ക് ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കണമെന്നുമാണ് കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടത്. ഉഡുപ്പി കോളേജിലെ വിദ്യാര്‍ത്ഥിനിയായ റിഷാം ആണ് ഹരജി നല്‍കിയത്. നിരവധി പരാതികള്‍ ഉന്നയിച്ചിട്ടും തങ്ങള്‍ക്ക് ഹിജാബ് ധരിച്ച് ക്ലാസിലോ ക്യാംപസിലോ കയറാന്‍ അനുമതി ലഭിക്കുന്നില്ലെന്നും വിദ്യാര്‍ഥിനിയായ റിഷാം ഹരജിയില്‍ പറഞ്ഞു.

മനസ്സിനിഷ്ടമുള്ള മതം തെരഞ്ഞെടുക്കാനും അതിന്റെ വിശ്വാസങ്ങളും അനുഷ്ടാനങ്ങളുമനുസരിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മതത്തിന്റെ മാത്രം പേരില്‍ കോളേജ് ഹരജിക്കാരിയുടെ വിദ്യാഭ്യാസ അവകാശം വെട്ടിക്കുറച്ചു, ദുരുപയോഗം ചെയ്തു, അവളെയും മറ്റ് വിദ്യാര്‍ത്ഥിനികളെയും കോളേജ് അധികാരികള്‍ ഇസ്ലാമിക വിശ്വാസത്തില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ ഏകപക്ഷീയമായി വിവേചനം കാണിച്ചു.
ഇത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരമുള്ള സംരക്ഷണ സിദ്ധാന്തത്തിന്റെ കാര്യങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.

ഇസ്ലാമിക വിശ്വാസപ്രകാരം സ്ത്രീകളില്‍ നിന്ന് ഹിജാബ് ധരിക്കുന്ന സമ്പ്രദായം എടുത്തുകളഞ്ഞാല്‍ അത് അടിസ്ഥാനപരമായ മാറ്റത്തിന് കാരണമാകുന്നു എന്നതാണ് ഇസ്ലാമിക മതത്തിന്റെ സവിശേഷതയെന്നും ഇക്കാരണത്താല്‍, ഹിജാബ് ധരിക്കുന്ന സമ്പ്രദായം ഇസ്ലാമില്‍ അത്യന്താപേക്ഷിതമാണെന്നും ഹരജിയില്‍ വാദിക്കുന്നുണ്ട്.

Related Articles