Current Date

Search
Close this search box.
Search
Close this search box.

‘ഹിജാബ് ധരിക്കുന്നത് പൊതുസമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നത്’; കേസ് വാദത്തിനിടെ സിബല്‍

ന്യൂഡല്‍ഹി: ഹിജാബ് ധാരണം പൊതുസമൂഹത്തെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. വസ്ത്രം ഓരോ വ്യക്തിയുടെയും അവകാശമാണെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയിലെ ഹിജാബ് കേസ് വാദത്തിനിടെ പറഞ്ഞു.

നമ്മുടെ പാരമ്പര്യവും തത്വശാസ്ത്രവും ഭരണഘടനയും സഹിഷ്ണുതയാണ് പഠിപ്പിക്കുന്നത്. അതില്‍ വെള്ളം ചേര്‍ക്കരുത്. ഹിജാബ് ആര്‍ട്ടിക്കിള്‍ 29ന് കീഴിലുളള സംസ്‌കാരിക അവകാശമാണ്. കാവി ഷാള്‍ ധരിച്ച വിദ്യാര്‍ഥികളാണ് പ്രശ്‌നങ്ങളുണ്ടാക്കിയത്. പ്രശ്‌നമുണ്ടാക്കി സര്‍ക്കാറിനെ കൊണ്ട് നടപടി എടുപ്പിക്കുകയായിരുന്നു. സാംസ്‌കാരിക വൈവിധ്യത്തെ സംരക്ഷിക്കേണ്ടത് മൗലിക കടമയാണെന്ന് സിബല്‍ പറഞ്ഞു.

ഈ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ യൂണിഫോമിലാണ് വരുന്നതെന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്. ഡ്രസ് കോഡിന്റെ ലംഘനം ഉണ്ടായിട്ടില്ല. അതിനപ്പുറത്തുള്ളതാണ് ധരിക്കുന്നത്. അതെന്താണ് കാണിക്കുന്നത്. എന്റെ സംസ്‌കാരത്തെയാണ് അത് പ്രതിഫലിപ്പിക്കുന്നത്. പൊതുക്രമത്തിനോ ധാര്‍മികതക്കോ അത് പോറലേല്‍പ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കത് നിര്‍ത്തിവെക്കാം. ഞാന്‍ മനി സ്‌കര്‍ട്ടിലാണ് സ്‌കൂളില്‍ പോകുന്നതെങ്കില്‍ സ്‌കൂളിന് അത് തടയാം. എന്നാല്‍, ഹിജാബ് എങ്ങെനെയാണ് പൊതുക്രമത്തെ ബാധിക്കുന്നത് -അദ്ദേഹം ചോദിച്ചു.

കര്‍ണാടകയിലെ പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളില്‍ ഹിജാബ് വിലക്കിയ കര്‍ണാടക ഹൈകോടതിക്കെതിരെയുള്ള ഹരജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. മാര്‍ച്ച് 15നാണ് ഹിജാബ് ധാരണം വിദ്യാലയങ്ങളില്‍ വിലക്കികൊണ്ട് കര്‍ണാടക ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles