Current Date

Search
Close this search box.
Search
Close this search box.

ഗുജറാത്ത്: സ്മാര്‍ട് സിറ്റിക്കായി പള്ളികളും ദര്‍ഗകളും പൊളിച്ചുനീക്കി

അഹ്‌മദാബാദ്: ഗുജറാത്തില്‍ ദാഹോദ് സ്മാര്‍ട് സിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി പള്ളികളും ദര്‍ഗകളും ക്ഷേത്രങ്ങളും പൊളിച്ചുനീക്കി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗിന മസ്ജിദും മറ്റ് ആരാധനലായങ്ങളുമാണ് സ്മാര്‍ട് സിറ്റി അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ച് നീക്കം ചെയ്തത്. ദാഹോദ് സ്മാര്‍ട് സിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി റോഡ് വീതി കൂട്ടുന്നതിനായാണ് പൊളിച്ചത്.

മസ്ജിദ് ട്രസ്റ്റ് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് ഇതിനെതിരെ ഇളവ് തേടാനും ഭൂമിയുടെ രേഖകള്‍ ഹാജരാക്കാനും ശ്രമിച്ചെങ്കിലും അവരുടെ ശ്രമങ്ങള്‍ വിജയിക്കാത്തതിനെത്തുടര്‍ന്ന് മസ്ജിദ് പൊളിക്കുകയായിരുന്നു. വന്‍ പൊലീസ് സന്നാഹത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ 4.30നാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചത്.

നടപടികളുടെ ഭാഗമായി ഈ മാസം ആദ്യത്തില്‍, ഗണേശന്റെ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവുംപൊളിച്ചിരുന്നു. നാഗിന മസ്ജിദ്, മൂന്ന് ദര്‍ഗകള്‍, നാല് ക്ഷേത്രങ്ങള്‍, കടകള്‍ എന്നിവയാണ് പൊളിച്ചത്. ദാവൂദി ബൊഹ്റ സമൂഹം നടത്തുന്ന തീര്‍ഥാടകര്‍ക്കുള്ള വിശ്രമകേന്ദ്രവും തകര്‍ത്തതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായെന്ന് തകര്‍ക്കപ്പെട്ട വസ്തുക്കളുടെ ഉടമകളും പരിപാലകരും അവകാശപ്പെട്ടതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍, സമാധാനപരവും സൗഹാര്‍ദ്ദപരവുമായ രീതിയിലാണ് മസ്ജിദ് തകര്‍ത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പുലര്‍ച്ചെ പൊളിക്കുന്ന സമയത്ത് കനത്ത പോലീസ് വിന്യാസം ഉള്ളതായി പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം.

1926 മുതല്‍ പള്ളി ഉപയോഗത്തിലുണ്ടെന്നും 1954 മുതല്‍ വഖഫ് സ്വത്താണെന്നും നാഗിന മസ്ജിദ് ദഹോദ് ട്രസ്റ്റ് അവകാശപ്പെട്ടു. ഏതാണ്ട് ഒരു നൂറ്റാണ്ടായി പള്ളി നിലനിന്നിരുന്നതിന് ഡോക്യുമെന്ററി തെളിവുകള്‍ ഉണ്ടെന്നും മസ്ജിദിന് ചുറ്റുമുള്ള ആറടി സ്ഥലം കടയുടമകള്‍ക്ക് വാടകയ്ക്ക് കൊടുത്തിരിക്കുകയാണെന്നും മസ്ജിദ് അധികൃതര്‍ പറഞ്ഞു.

Related Articles