Current Date

Search
Close this search box.
Search
Close this search box.

കര്‍ണാടക: മുസ്ലിം കന്നുകാലി വ്യാപാരിക്ക് നേരെ ഹിന്ദുത്വ ഗുണ്ടകളുടെ ക്രൂര മര്‍ദ്ദനം

ബംഗളൂരു: കര്‍ണാടകയിലെ ബിദര്‍ താലൂക്കില്‍ മുസ്ലിം കന്നുകാലി വ്യാപാരിക്ക് നേരെ ഹിന്ദുത്വ സംഘത്തിന്റെ ആള്‍ക്കൂട്ട മര്‍ദ്ദനം. ശ്രീരാമ സേന അംഗങ്ങളാണ് അബ്ദുല്‍ സലീം എന്ന വ്യാപാരിയെ മന്നാലി ഗ്രാമത്തില്‍ വെച്ച് മര്‍ദ്ദിച്ചത്. സലീമിന്റെ പരാതിയെത്തുടര്‍ന്ന് ഔറാദ് പൊലിസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അനില്‍ ദേവഖട്ടെ, മുന്ന ഹാക്കെ, സാഗര്‍ ചിദ്രെ, രജനി ദാമ, ലക്ഷ്മണ്‍ കുംബാര്‍, ബസവരാജ്, വിശാല്‍ കോലി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെല്ലാം ഔറാദ് സ്വദേശികളാണ്.

ഔറാദ് ടൗണിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്ന സലീമിന്റെ വാന്‍ ഈ സംഘം തടയുകയും ഡ്രൈവറെയും കന്നുകാലികളുടെ ഉടമസ്ഥനായ സലീമിനെയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇരുവരെയും പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. കഴിഞ്ഞ ദിവസമാണ് പൊലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഐപിസി സെക്ഷന്‍ 143,147, 341,323, 504, 149 എന്നീ വകുപ്പുകള്‍ പ്രകാരം ഹിന്ദുത്വ സായുധ സംഘത്തിലെ അംഗങ്ങള്‍ക്കെതിരെ ഔറാദ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മറു വിഭാഗവും സലീമിനെതിരെ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. അബ്ദുല്‍ സലീമിനും മറ്റൊരു മുസ്ലീം യുവാവിനുമെതിരെയാണ് ചൗക്കംപള്ളെയും വിശാല്‍ കോലിയും പരാതി നല്‍കിയത്. കര്‍ണാടക കശാപ്പ് നിരോധനവും കന്നുകാലി സംരക്ഷണവും സംബന്ധിച്ച 2020ലെ ഓര്‍ഡിനന്‍സ് പ്രകാരം ഈ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles