Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങളെ സംഘ്പരിവാറിനോട് അടുപ്പിക്കും; ഹിന്ദു രാഷ്ട്രം ഗൗരവമായി കാണുന്നു: മോഹന്‍ ഭാഗവത്

മുംബൈ: ഹിന്ദു രാഷ്ട്ര സങ്കല്‍പ്പം വളരെ ഗൗരവത്തില്‍ തന്നെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് ഭീതി വേണ്ടെന്നും ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. ന്യൂനപക്ഷങ്ങളെ സംഘ്പരിവാറുമായി അടുപ്പിക്കുന്നതിനായി ആര്‍.എസ്.എസ് തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ബുധനാഴ്ച നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് വിജയദശമി ചടങ്ങുമായി ബന്ധപ്പെട്ട പ്രസംഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഇപ്പോള്‍, സംഘത്തിന് ആളുകളുടെ സ്‌നേഹവും വിശ്വാസവും ലഭിക്കുകയും അത് ശക്തമാകുകയും ചെയ്യുമ്പോള്‍, ഹിന്ദു രാഷ്ട്രം എന്ന ആശയം ഞങ്ങള്‍ ഗൗരവമായാണ് കാണുന്നത്. പലരും ഈ ആശയത്തോട് യോജിക്കുന്നു, പക്ഷേ ‘ഹിന്ദു’ എന്ന വാക്കിനെ എതിര്‍ക്കുന്നു, അവര്‍ മറ്റ് വാക്കുകള്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെടുന്നു. ഞങ്ങള്‍ക്ക് അതില്‍ ഒരു പ്രശ്‌നവുമില്ല. ആശയത്തിന്റെ വ്യക്തതയ്ക്കായി – ഞങ്ങള്‍ ഹിന്ദു എന്ന വാക്കിന് ഊന്നല്‍ നല്‍കിക്കൊണ്ടേയിരിക്കും. ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന് ചിലര്‍ ഭീതി പരത്തുന്നുണ്ടെന്നും എന്നാല്‍ ഇത് സംഘത്തിന്റെയോ ഹിന്ദുക്കളുടെയോ സ്വഭാവമല്ലെന്നും ഭാഗവത് പറഞ്ഞു.

സാഹോദര്യം, സൗഹാര്‍ദം, സമാധാനം എന്നിവയുടെ പക്ഷത്ത് നില്‍ക്കാനാണ് സംഘം ദൃഢനിശ്ചയം ചെയ്യുന്നതെന്ന് നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് ദസറ റാലിയെ അഭിസംബോധനം ചെയ്ത് ഭഗവത് പറഞ്ഞു. തന്റെ സംഘടനയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും അവര്‍ ‘ഭീകര ശക്തികളില്‍’ നിന്ന് രാജ്യത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭഗവത് മുസ്ലീം സമുദായത്തോട് അഭ്യര്‍ത്ഥിച്ചു. മറ്റുള്ളവരെ കീഴ്പ്പെടുത്താന്‍ തന്റെ ആര്‍എസ്എസിനാവില്ലെന്നും ഭഗവത് പറഞ്ഞു.

മുസ്ലീം സമുദായത്തിലേക്കുള്ള രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ വ്യാപനം ലക്ഷ്യമിട്ട് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി, ഡല്‍ഹി മുന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, റിട്ടയേര്‍ഡ് ആര്‍മി ഓഫീസര്‍ സമീറദ്ദീന്‍ ഷാ, രാഷ്ട്രീയ ലോക്ദള്‍ നേതാവ് ഷാഹിദ് സിദ്ദിഖി, വ്യവസായി സഈദ് ഷെര്‍വാണി എന്നിവരുമായി കഴിഞ്ഞ മാസം മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തിയിരുന്നു.

Related Articles