Current Date

Search
Close this search box.
Search
Close this search box.

ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഹിന്ദു യുവാവിനെ മുസ്ലിമെന്ന് വ്യാജമായി ചിത്രീകരിച്ച് യു.പി പൊലിസ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലീസ് നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടയാളെ വ്യാജമായി മുസ്ലിം യുവാവായി ചിത്രീകരിച്ചെന്ന് ആരോപണം. കൊല്ലപ്പെട്ട വിജയ് കുമാര്‍ ചൗധരിയുടെ കുടുംബമാണ് പൊലിസിനെതിരെ പരാതിയുന്നയിച്ച് രംഗത്തെത്തിയത്.

അദ്ദേഹം മുസ്ലീമാണെന്ന യു.പി പോലീസിന്റെയും ബി.ജെ.പി നേതാക്കളുടെയും മാധ്യമങ്ങളുടെയും അവകാശവാദങ്ങളെ കുടുംബം പൂര്‍ണമായും നിഷേധിച്ചു. ഹിന്ദുവായ ചൗധരി ഇസ്ലാം മതം സ്വീകരിച്ചെന്നും പേര് ഉസ്മാന്‍ എന്നാക്കി മാറ്റിയെന്നും പോലീസ് വ്യാജപ്രചാരണം നടത്തിയെന്നും കുടുംബം ആരോപിച്ചു. ഇത് ആസൂത്രിതവും നഗ്നമായ നുണയുമാണെന്ന് ഭാര്യ സുഹാനി പറഞ്ഞു.

വിജയ് കുമാര്‍ ചൗധരിയെ ഉസ്മാന്‍ എന്നാണ് ഉത്തര്‍പ്രദേശ് പോലീസ് ആദ്യം വിശേഷിപ്പിച്ചത്, അയാള്‍ ഇസ്ലാം മതം സ്വീകരിച്ചതാകാമെന്നും പൊലിസ് അവകാശപ്പെട്ടു. എന്നാല്‍, കുടുംബം ഇത് നിഷേധിച്ചു, വിജയ് എന്നാണ് പേരെന്നും അദ്ദേഹം ഹിന്ദുവാണെന്നും കുടുംബം വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍, വിജയ് ചൗധരിയെ ഉസ്മാന്‍ എന്നാണ് ആദ്യം പരാമര്‍ശിച്ചത്, വിജയ് ചൗധരി ഇസ്ലാം മതം സ്വീകരിച്ചതിന്റെ സാധ്യത അന്വേഷിക്കുകയാണെന്നും അദ്ദേഹം പിന്നീട് ‘ആജ് തക്കിനോട്’ പറഞ്ഞു.

തന്റെ ഭര്‍ത്താവിന്റെ പേര് ഉസ്മാന്‍ എന്നല്ലെന്നും അദ്ദേഹത്തെ ബോധപൂര്‍വം മുസ്ലീമായി ചിത്രീകരിക്കുകയാണെന്നും ചൗധരിയുടെ ഭാര്യ സുഹാനി പറഞ്ഞു. അവന്‍ ഉസ്മാന്‍ അല്ല. പോലീസ് നുണ പറയുകയാണ്. അവര്‍ ഇത് ആസൂത്രിതമായി ചെയ്യുന്നു. അദ്ദേഹത്തിന്റെ പേര് എന്താണെന്ന് ഈ ഗ്രാമത്തിലുള്ളവര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും അറിയാം. എങ്ങനെയാണ് നമ്മള്‍ മുസ്ലിമായത്? അവര്‍ അവനെ മുസ്ലീമാക്കി’ സുഹാനി കൂട്ടിച്ചേര്‍ത്തു.

Related Articles