Current Date

Search
Close this search box.
Search
Close this search box.

ലിബിയ: യു.എന്‍ അംഗീകാരമുള്ള സര്‍ക്കാര്‍ രാജിക്കൊരുങ്ങുന്നു

ട്രിപ്പോളി: ലിബിയയില്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള ഗവര്‍ണ്‍മെന്റ് നാഷണല്‍ അക്കോര്‍ഡ് (GNA) രാജിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജി.എന്‍.എ തലവന്‍ ഫായിസ് അല്‍ സറാജ് ആണ് ഒക്ടോബര്‍ അവസാനത്തോടെ രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. രാജ്യത്ത് വര്‍ഷങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരം തേടിയാണ് രാജിക്കൊരുങ്ങുന്നതെന്നും അധികാരം പുതിയ ഭരണനിര്‍വാഹക സമിതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച ദേശീയ ടെലിവിഷനില്‍ നടന്ന അഭിമുഖത്തിലാണ് സറാജ് രാജിക്കാര്യം പ്രഖ്യാപിച്ചത്. രാജ്യത്തെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പരിഹരിക്കുന്നതിന് യു.എന്നിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. യു.എന്നിന്റെ മധ്യസ്ഥതയില്‍ നടക്കുന്ന ചര്‍ച്ച രാജ്യത്ത് എതിരാളികള്‍ക്കിടയില്‍ പുതിയ ഘട്ടത്തിന് തുടക്കമാകുമെന്നും ലിബിയയിലെ സ്ഥാപനങ്ങളെ ഏകീകരിക്കാനും പ്രസിഡന്റ്,പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകള്‍ക്ക് തയാറാകാനും ചര്‍ച്ച ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാഴാഴ്ചയാണ് ലിബിയയില്‍ സമാധാനം സ്ഥാപിക്കുന്നതിനായി യു.എന്‍ പ്രത്യേക ദൂതനെ നിയോഗിക്കണമെന്ന് സുരക്ഷ കൗണ്‍സില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസിനോട് ആവശ്യപ്പെട്ടത്. വടക്കന്‍ ലിബിയ ആസ്ഥാനമായി മുന്‍ സൈനിക കമാന്‍ഡര്‍ ഖലീഫ ഹഫ്തറിന്റെ നേതൃത്വത്തിലും ജി.എന്‍.എയും തമ്മില്‍ വര്‍ഷങ്ങളായി ഏറ്റുമുട്ടല്‍ രൂക്ഷമാണ്.

Related Articles