Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി കലാപത്തിനിടെ യുവാവിന്റെ മരണം: പൊലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി

ന്യൂഡല്‍ഹി: 2020ല്‍ ഡല്‍ഹി വംശീയാതിക്രമത്തിനിടെ മുസ്ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡല്‍ഹി പൊലിസിനെ വിമര്‍ശിച്ച് ഹൈക്കോടതി. കലാപത്തിനിടെ 23കാരനായ മുസ്ലിം യുവാവ് ഫൈസാനെ പൊലിസടക്കം ദേശീയ ഗാനം ചൊല്ലാന്‍ ആവശ്യപ്പെട്ട് ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയാണ് കോടതി പരാമര്‍ശം നടത്തിയത്. ‘ഇത് എന്തുതരം അന്വേഷണമാണ്, ഇതില്‍ ഒന്നും തന്നെയില്ല, റിപ്പോര്‍ട്ട് എവിടെയും തൊടാതെ പോകുകയാണ്’ തല്‍സ്ഥിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് മുക്ത ഗുപ്ത കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് മുദ്രവച്ച കവറിലാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.

2020 ഫെബ്രുവരി 24നാണ് ഫൈസാനെ ഒരു പൊലിസുകാരന്‍ അടിക്കുകയും മറ്റു നാല് പേര്‍ ദേശീയ ഗാനം ചൊല്ലാനും വന്ദേമാതരം എന്നു വിളിക്കാനും ആവശ്യപ്പെട്ട് മര്‍ദിച്ചത്. ഇതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. തുടര്‍ന്ന് ഫൈസാനെ ജ്യോതി നഗര്‍ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തു. പിന്നീട് പുറത്തിറങ്ങിയ ഉടന്‍ തന്നെ അദ്ദേഹം മരിച്ചു.

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ 2020 ഫെബ്രുവരി 23 മുതല്‍ 26 വരെ നടന്ന മുസ്ലിം വിരുദ്ധ കലാപത്തിനിടെ 53 പേരാണ് കൊല്ലപ്പെട്ടിരുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന് ശേഷം മുസ്ലീം പ്രതിഷേധക്കാര്‍ക്കെതിരെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അക്രമാസക്തമായ കലാപം അഴിച്ചുവിട്ടത്. കലാപത്തില്‍ കൊല്ലപ്പെട്ടവരില്‍ 38 പേര്‍ മുസ്ലീങ്ങളായിരുന്നു.

സംഭവം പ്രത്യേക അന്വേഷണ സംഘത്തെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫൈസാന്റെ മാതാവ് കിസ്മതുന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പോലീസ് തന്റെ മകനെ നിയമവിരുദ്ധമായി തടങ്കലില്‍ വച്ചിരിക്കുകയാണെന്നും ഗുരുതരമായ പീഡനം നേരിട്ടെന്നും മെഡിക്കല്‍ സഹായം നിഷേധിച്ചുവെന്നും അതിനാലാണ് തന്റെ മകന്‍ കൊല്ലപ്പെട്ടതെന്നും കിസ്മത്തുന്‍ ഹരജിയില്‍ അവകാശപ്പെട്ടു.

Related Articles