Current Date

Search
Close this search box.
Search
Close this search box.

പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂരിന് നൽകിയ ആദരവും ജമാഅത്തെ ഇസ്ലാമിയും

ജമാഅത്തെ ഇസ്ലാമിക്കും അതിന്റെ പോഷക സംഘടനകൾക്കും താരതമ്യേന മറ്റു സംഘടനകളെ അപേക്ഷിച്ച് മേൽ കൈയ്യുള്ള ഒരു നാട്. പ്രസ്തുത സംഘടന മുന്നോട്ടു വെക്കുന്ന ആശയത്തെ നിരന്തരം വിമർശിക്കുകയും പൈശാചികവൽക്കരിക്കുകയും ചെയ്യുന്ന ഒരാളെ നാട്ടിലെ ചിലർ ആദരിക്കുന്നു. വിമർശകന് എഴുപത്തിയഞ്ച് വയസ്സ് തികഞ്ഞതിന്റെ പഞ്ചാത്തലത്തിലാണ് ആദരം. ജമാഅത്ത് വിമർശനത്തിന്റെ നീണ്ട അര നൂറ്റാണ്ട് പിന്നിട്ടതിന്റെ ആദരവ് എന്നു പറയാവുന്ന രീതിയിലാണ് വിമർശനം.

1981 ൽ താനാണ് ആദ്യമായി മാതൃഭൂമിയിലൂടെ ജമാഅത്ത് വിമർശനം നടത്തുന്നത് എന്ന് അദ്ദേഹം തന്നെ അവകാശപ്പെടുന്നുണ്ട്. എഴുപത്തിയഞ്ച് പൂർത്തിയാക്കിയതിന്റെ പശ്ചാത്തലത്തിൽ ജമാഅത്ത് വിമർശനത്തിന് മുന്തിയ പരിഗണ നൽകി പോരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ്, മലയാളം വാരിക മുതൽ RSS വാരിക കേസരിക്ക് വരെ നൽകിയ അഭിമുഖങ്ങളുടെ ആകത്തുക ജമാഅത്ത് വിരോധവും വിമർശനവുമാണ്.

ഇത്തരമൊരു സന്ധിയിൽ പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ എന്ന മേൽപ്പറഞ്ഞ വ്യക്തിയെ ആദരിക്കുന്ന ചടങ്ങിൽ ജമാഅത്തുകാരൻ പങ്കെടുക്കുമോ ? ആളുകൾക്ക് അറിയാൻ കൗതുകമുണ്ടാവും. എല്ലാവരും ഉറ്റുനോക്കുകയായിരുന്നു. പ്രമുഖ ജമാഅത്ത് ബുദ്ധിജീവി (പ്രൊഫസറിന്റെ ഭാഷയിൽ)ഒ. അബ്ദുറഹ്മാൻ പങ്കെടുക്കുമെന്ന് നേരത്തെ വാർത്ത വന്നിരുന്നു. പലരും പങ്കെടുക്കുന്നതിൽ നീരസം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം പങ്കെടുക്കുക മാത്രമല്ല, തനിക്ക് പറയാനുളളത് വെട്ടി തുറന്ന് പറയുകയും ചെയ്തു. സാധാരണ ഗതിയിൽ ഇത്തരം ആദരിക്കുന്ന ചടങ്ങുകളിൽ ആദരിക്കപ്പെടുന്ന വ്യക്തികളുടെ അപദാനങ്ങൾ വാഴ്ത്തിപ്പാടുകയാണ് നാട്ടുനടപ്പ്. എന്നാൽ അബ്ദുറഹ്മാൻ സാഹിബ് പരസ്പരമുളള സൗഹൃദ ത്തിന്റെ നാൾവഴികൾ ഓർത്തെടുത്തുകൊണ്ടു തന്നെ തനിക്ക് പറയാനുള്ളത് വളച്ചുകെട്ടില്ലാതെ പറഞ്ഞു.

അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി. അധികാരത്തിലെത്താനുള്ള സാധ്യതയാണ് കൂടുതൽ. ഇന്ത്യ ഹിന്ദുത്വ രാജ്യമായി മാറുകയാണ്. ഫാഷിസത്തിന്റെ കടന്നാക്രമണമാണ് മുമ്പിൽ.സംഘ്പരിവാർ തീവ്ര ദേശീയതയിലാണ് വിശ്വസിക്കുന്നത്. സവർക്കർ ഹിന്ദു മത വിശ്വാസി പോലുമായിരുന്നില്ല. എന്നാൽ വിശ്വമാനവികതയിൽ വിശ്വസിക്കുന്ന ജമാഅത്തെ ഇസ്ലാമി ഇന്ത്യയിൽ ഒരു ചെറിയ സംഘമാണ്. ഒരു പഞ്ചായത്ത് പോലും ഭരിക്കാനുളള ആൾ ശേഷിയില്ലാത്ത ജമാഅത്തെ ഇസ്ലാമിയെ ആർ.എസ് എസുമായി സമീകരിക്കുന്നത് സംഘ്പരിവാറിനേ ഗുണം ചെയ്യൂ. സുഹൃത്ത് യാഥാർത്ഥ്യത്തെ ഇനിയെങ്കിലും തിരിച്ചറിയണം.

ഞങ്ങൾ ഒരു പാടത്തിന്റെ ഇരു കരകളിൽ താമസിക്കുന്നവരാണങ്കിലും ആശയപരമായി ഇരു ധ്രുവങ്ങളിലാണ്. നിരന്തരം പോരാടുന്നവരാണ്. ഇതായിരുന്നു ഏ.ആറിന്റെ പ്രസംഗത്തിന്റെ രത്നചുരുക്കം.

മുഖ്യപ്രഭാഷണം നടത്തിയ സുനിൽ പി . ഇളയിടവും ഫാഫ്സ്റ്റ് ഭീഷണിയുടെ , ഭൂരിപക്ഷ വർഗീയതയുടെ രൗദ്രത ഹമീദിനെ ഓർമിപ്പിച്ചു. ജമാഅത്തുകാരുടെ സഹിഷ്ണുതയുടെ മികച്ച മാത്രകയായി ഈ ആദരിക്കൽ ചടങ്ങിലെ ജമാഅത്ത് സാന്നിധ്യത്തെ ഒ.അബ്ദുല്ല സാഹിബ് എടുത്തു പറയുകയും ചെയ്തു.

പ്രൊഫ. ഹമീദ് ചേന്ദമംഗല്ലൂർ ആവട്ടെ ന്യൂനപക്ഷ വർഗീയതയാണ് ഭൂരിപക്ഷത്തെ വർഗ്ഗീയതയെ വളർത്തുന്നതെന്ന വാദമാണ് ഉന്നയിച്ചത്. ദുർബല വാദമായിട്ടാണ് ഫീൽ ചെയ്തത്. എന്നാൽ അടുത്ത തെരഞ്ഞെടുപ്പിലും ഹിന്ദുത്വ ശക്തികൾ അധികാരത്തിലെത്തുമെന്ന ഏ.ആറിന്റെ കടുത്ത ആശങ്ക ഹമീദും പങ്കു വെക്കുന്നു. പക്ഷെ അത് ന്യൂനപക്ഷത്തിന്റെ മേൽ കെട്ടിവെക്കാനാണ് പ്രഫസറുടെ തിടുക്കം.

മുസ്ലിം മജ്ലിസ് മുശാവറയുടെയും മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെയും രൂപീകരണം, സയ്യിദ് ശഹാബുദ്ധീൻ എം.പിയുടെ റിപ്പബ്ലിക് ബഹിഷ്കരണാഹ്വാനം, സിമിയുടെ ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രാവാക്യം, പാക്കിസ്ഥാനിൽ പോയി ഇബ്രാഹീം സുലൈമാൻ സേട്ട് നടത്തിയ ഇന്ത്യയിലെ മുസ്ലിംകൾ സുരക്ഷിതരല്ലെന്ന പരാമർശം, ശരീഅത്ത് വിവാദം തുടങ്ങിയവയാണത്രെ സംഘ് പരിവാറിനെ വളർത്തിയത്. എന്നാൽ ഇതിനൊക്കെ എത്രയോ മുമ്പെ ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്ക് ആശയ ശിലയിട്ട വീർ സവർക്കറിനെയും ഗോൾ വാക്കറെയും ഹെഡ്ഗോവാറിനെയും പ്രൊഫസർ വിസ്മരിക്കുന്നു.

ഗാന്ധി വധവും എണ്ണമറ്റ വർഗ്ഗീയ കലാപങ്ങളും രഥയാത്രയും ബാബരി തകർക്കലും കോടതി വിധിയും ഗുജറാത്ത് കലാപവും മണ്ഡൽ വിരുദ്ധ പ്രക്ഷോഭമൊന്നും പ്രൊഫസർ അറിയാനിടയില്ല. ഏതായാലും ആദരിക്കൽ ചടങ്ങ് ആരോഗ്യകരമായ ഒരു സംവാദത്തിന്റെ തലത്തിലേക്ക് ഉയർന്നു എന്നു വേണം പറയാൻ.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles