Current Date

Search
Close this search box.
Search
Close this search box.

ഗസ്സയില്‍ നിന്നുള്ള ഇന്നത്തെ പ്രധാന അപ്ഡേറ്റുകള്‍

ഗസ്സ സിറ്റി: ഗസ്സക്കു മേലുള്ള ഇസ്രായേല്‍ അധിനിവേശം 16ാം ദിവസം പിന്നിടുമ്പോള്‍ ഇന്നത്തെ പ്രധാന സംഭവവികാസങ്ങള്‍ പരിശോധിക്കാം.

ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ ഇതുവരെയായി 5,087 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 15,273 പേര്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ 1,400 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 182 കുട്ടികളടക്കം 436 പേര്‍ മരിച്ചതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

ഗസ്സ മുനമ്പും ഗസ്സയിലെ അല്‍-ഷിഫ, അല്‍-ഖുദ്സ് ആശുപത്രികള്‍ക്ക് സമീപമുള്ള സ്ഥലങ്ങളും ഉള്‍പ്പെടെയുള്ള ഗസ്സയിലെ പാര്‍പ്പിട മേഖലകളിലാണ് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ബോംബിട്ടത്. ബോംബാക്രമണത്തില്‍ നാനൂറിലേറെ ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അധിനിവിഷ്ട വെസ്റ്റ് ബാങ്കിലും കഴിഞ്ഞ ദിവസം രാത്രി ഇസ്രായേല്‍ സൈന്യം റെയ്ഡുകള്‍ ശക്തമാക്കി, നബ്ലസില്‍ നടത്തിയ റെയ്ഡിനിടെ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.

തിങ്കളാഴ്ചയും റഫ അതിര്‍ത്തി വഴി ഗസ്സയിലേക്ക് ഈജിപ്തിലെ റെഡ് ക്രസന്റ് സഹായ വിതരണം എത്തിച്ചു.

ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും അക്രമം അവസാനിപ്പിക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്നും ചൈന പറഞ്ഞു.

ആശുപത്രികളില്‍ ഗുരുതരമായ രക്ത ക്ഷാമം നേരിടുന്നുണ്ടെന്നും എല്ലാവരും അടിയന്തരമായി രക്തം ദാനം ചെയ്യണമെന്നും ഗസ്സയിലെ ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഗസ്സയിലുടനീളമുള്ള ആശുപത്രികളിലേക്കും രക്തബാങ്കുകളിലേക്കും എത്രയും പെട്ടെന്ന് എത്താന്‍ മന്ത്രാലയം ഗസ്സക്കാരോട് ആവശ്യപ്പെടുകയും പ്രദേശത്തേക്ക് രക്തം എത്തിക്കാന്‍ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഞങ്ങളുടെ കരസേന ഒറ്റരാത്രികൊണ്ട് ഗസ്സയില്‍ റെയ്ഡുകള്‍ നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു.

‘യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിനായി തയ്യാറെടുക്കുന്ന തീവ്രവാദികളുടെ” ഗ്രൂപ്പുകളെ ഇല്ലാതാക്കുന്നതിനാണ് റെയ്ഡുകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സൈനിക വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. 222 ബന്ദികളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനാണ് ഓപ്പറേഷനുകള്‍ ലക്ഷ്യമിടുന്നതെന്നും ഹഗാരി കൂട്ടിച്ചേര്‍ത്തു. റെയ്ഡില്‍ ഒരു സൈനികന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചു.

തങ്ങളുടെ പോരാളികള്‍ തെക്കന്‍ ഗസ്സയിലേക്ക് നുഴഞ്ഞുകയറുന്ന ഇസ്രായേലി കവചിത സേനയെ നേരിട്ടതായി ഹമാസ് പറഞ്ഞു. ഖാന്‍ യൂനിസിന്റെ കിഴക്ക് ഭാഗത്താണ് നുഴഞ്ഞുകയറ്റം നടന്നതെന്ന് സംഘം പറഞ്ഞു. താവളത്തിലേക്ക് മടങ്ങുന്നതിന് മുമ്പ് തങ്ങളുടെ പോരാളികള്‍ ചില ഇസ്രായേലി സൈനിക ഉപകരണങ്ങള്‍ തകര്‍ത്തതായും ഹമാസ് കൂട്ടിച്ചേര്‍ത്തു.

ഖത്തര്‍ 100 ടണ്ണിലധികം സഹായം ഗാസയിലേക്ക് അയച്ചിട്ടുണ്ടെന്ന് ഖത്തര്‍ വികസന ഫണ്ടിലെ മാനുഷിക സഹായ പ്രവര്‍ത്തകനായ യൂസഫ് അല്‍ മുല്ല പറഞ്ഞു.

37 ഹമാസ് അംഗങ്ങള്‍ ഉള്‍പ്പെടെ 64 പേരെ ഒറ്റരാത്രികൊണ്ട് അറസ്റ്റ് ചെയ്‌തെന്നും റാമല്ലയുടെ വടക്കുള്ള ജലാസോണ്‍ ക്യാമ്പില്‍ നടന്ന ഒരു പ്രധാന ഓപ്പറേഷനില്‍ 15 പേരെ അറസ്റ്റ് ചെയ്‌തെന്നും ഇസ്രായേല്‍ പറഞ്ഞു.

യുദ്ധം ആരംഭിച്ചതിനുശേഷം, അധിനിവേശ വെസ്റ്റ്ബാങ്കില്‍ 800-ലധികം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 500 പേര്‍ ഉള്‍പ്പെടുന്നു.

ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന രണ്ട് വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 30 മൃതദേഹങ്ങള്‍ കണ്ടെടുത്തു.

വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിക്ക് സമീപം ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ ‘ഗുരുതരമായ നാശനഷ്ടങ്ങള്‍ക്കും പരിക്കുകള്‍ക്കും’ കാരണമായതായി ആശുപത്രി ഡയറക്ടര്‍ പറഞ്ഞു. അല്‍-ഷിഫ, അല്‍-ഖുദ്സ് എന്നീ രണ്ട് പ്രധാന ആശുപത്രികള്‍ക്ക് സമീപവും ഇസ്രായേല്‍ മിസൈലുകള്‍ പതിച്ചു.

Related Articles