Current Date

Search
Close this search box.
Search
Close this search box.

ഹമാസ് ഭീകരസംഘടനയല്ല, വിമോചന സംഘം: ഉര്‍ദുഗാന്‍

അങ്കാറ: ഫലസ്തീനില്‍ ഇസ്രായേലിനെതിരെ പോരാടുന്ന ഹമാസ് തീവ്രവാദ സംഘടനയല്ലെന്നും പിറന്ന മണ്ണിനായി പോരാടുന്ന വിമോചകരാണെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ആഗോളതലത്തില്‍ പാശ്ചാത്യന്‍ രാജ്യങ്ങളെല്ലാം ഹമാസിനെ ഭീകരസംഘടനയാണെന്ന് ആവര്‍ത്തിക്കുന്നതിനിടെയാണ് പിന്തുണയുമായി ഉര്‍ദുഗാന്‍ പരസ്യമായ നിലപാട് പ്രഖ്യാപിച്ചത്.

തുര്‍ക്കിയുടെ സദുദ്ദേശ്യത്തെ ഇസ്രായേല്‍ മുതലെടുത്തെന്നും മുമ്പ് ആസൂത്രണം ചെയ്ത ഇസ്രായേല്‍ യാത്ര റദ്ദാക്കുകയാണെന്നും പാര്‍ലമെന്റില്‍ തന്റെ പാര്‍ട്ടിയുടെ നിയമസഭാംഗങ്ങളോട് നടത്തിയ പ്രസംഗത്തില്‍ ഉര്‍ദുഗാന്‍ പറഞ്ഞു.

ഇസ്രായേല്‍-ഫലസ്തീന്‍ പോരാളികള്‍ തമ്മില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തണമെന്നും മേഖലയിലെ ശാശ്വത സമാധാനത്തിനായി മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമണം അവസാനിപ്പിക്കാന്‍ ഇസ്രയേലിനെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ ലോകശക്തികളോട് ഉര്‍ദുഗാന്‍ ആഹ്വാനം ചെയ്തു.

യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരിഷ്‌കരിക്കേണ്ടതുണ്ടെന്നും ഗസ്സയിലെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അന്താരാഷ്ട്ര സമിതിയുടെ കഴിവില്ലായ്മയില്‍ തനിക്ക് ദുഃഖമുണ്ടെന്നും ഉര്‍ദുഗാന്‍ പ്രസംഗത്തില്‍ പറഞ്ഞു.

ഒരു അന്താരാഷ്ട്ര ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന സമ്മേളനം സംഘടിപ്പിക്കാനും ദ്വിരാഷ്ട്ര പരിഹാരം സാധ്യമാകുന്നതിന് ഫലസ്തീന്‍ ജനത ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അറബ് രാജ്യങ്ങള്‍ ഇതിന് ധാര്‍മ്മികവും സാമ്പത്തികവുമായ പിന്തുണ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു.

ഹമാസിനെക്കുറിച്ചുള്ള ഉര്‍ദുഗാന്റെ വാക്കുകള്‍ ‘ഗുരുതരവും വെറുപ്പുളവാക്കുന്നതുമാണെന്ന്’ ഇറ്റലിയുടെ ഉപപ്രധാനമന്ത്രി അപലപിച്ചു.

Related Articles