Current Date

Search
Close this search box.
Search
Close this search box.

ഒരു മിനിറ്റിനിടെ ഒരാള്‍ ആശുപത്രിയില്‍; അഞ്ചുമിനിറ്റിനിടെ ഒരാള്‍ കൊല്ലപ്പെടുന്നു -വീഡിയോ

ഗസ്സ സിറ്റി: ഗസ്സക്കു മേലുള്ള ഇസ്രായേല്‍ അധിനിവേശം 10ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണവും കുതിച്ചുയരുകയാണ്. ഒരോ അഞ്ചു മിനിറ്റിനിടെയും ഒരു ഫലസ്തീനി വെച്ച് കൊല്ലപ്പെടുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഓരോ മിനിറ്റിലും ഒരാള്‍ വെച്ച് ആശുപത്രിയിലെത്തുന്നുണ്ടെന്നും അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തിന്റെ പത്താം ദിനത്തിലെ പ്രധാനപ്പെട്ട അപ്‌ഡേറ്റുകള്‍

  • ഗാസ മുനമ്പ് ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മാരകമായ ഇസ്രായേലി ആക്രമണത്തിനാണ് താന്‍ ദൃക്‌സാക്ഷിയായതെന്ന് ജീവന്‍ പണയപ്പെടുത്തി ഫോട്ടോ പുറംലോകത്തെത്തിച്ച ഫലസ്തീനിയന്‍ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് ഖന്‍ദീല്‍ പറഞ്ഞു.
  • ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും ഗസ്സ മുനമ്പില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ചും തെക്കന്‍ ഫിലിപ്പീന്‍സില്‍ ബഹുജന റാലി നടന്നു. 25,000-ത്തോളം ആളുകള്‍ പങ്കെടുത്തു. തിങ്കളാഴ്ച കോട്ടബാറ്റോ പബ്ലിക് പാര്‍ക്കിലാണ് നാല് മണിക്കൂര്‍ നീണ്ട പ്രതിഷേധം നടന്നത്. പങ്കെടുത്തവര്‍ ഫലസ്തീന്‍ പതാകകള്‍ ഉയര്‍ത്തുകയും ഫലസ്തീന്‍ പതാകയുടെ നിറങ്ങള്‍ കൊണ്ട് കവിളില്‍ ചായം പൂശുകയും ചെയ്തിരുന്നു.
  • ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയും ഫോണ്‍ സംഭാഷണം നടത്തി. ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കാന്‍ തുര്‍ക്കി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
  • തിങ്കളാഴ്ച അധിനിവേശ വെസ്റ്റ്ബാങ്കില്‍ ഇസ്രായേല്‍ സേന നടത്തിയ റെയ്ഡുകളില്‍ നിരവധി പേര്‍ അറസ്റ്റിലായി.
  • തെക്കന്‍ ഗാസയില്‍ കടുത്ത വെള്ളക്ഷാമമാണ് നേരിടുന്നത്. യു.എന്നും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്, ആളുകള്‍ ഇപ്പോഴും കുടിവെള്ളം കണ്ടെത്താന്‍ പാടുപെടുകയാണ്. ജലവിതരണം പുനരാരംഭിച്ചിട്ടില്ലെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. ശുദ്ധമല്ലാത്ത വെള്ളമാണ് ഗസ്സ നിവാസികള്‍ കുടിക്കുന്നതെന്നു, ഇത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും, ഇത് പൗരന്മാരുടെ ജീവന് ഭീഷണിയാണെന്നും ” ഫലസ്തീന്‍ വക്താവ് ഇയാദ് അല്‍-ബോസോം പറഞ്ഞു.
  • ഗസ്സയിലെ ഖാന്‍ യൂനിസിലെ ഏറ്റവും വലിയ ആശുപത്രിയായ നാസര്‍ ആശുപത്രിയിലേക്ക് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെയും പരുക്കേറ്റവരെയും വഹിച്ചുള്ള ആംബുലന്‍സുകളുടെ ഒഴുക്കാണ്. പരുക്കേറ്റ് രോഗികളെ ഉള്‍ക്കൊള്ളാത്തതിനാല്‍ ആശുപത്രി വളപ്പില്‍ തന്നെ താല്‍ക്കാലിക ടെന്റുകള്‍ സ്ഥാപിച്ചിരിക്കുകയാണ്.
  • ഈജിപ്തിലേക്ക് കടക്കാന്‍ അനുവദിക്കുമെന്ന് പ്രതീക്ഷിച്ച് നൂറുകണക്കിന് ആളുകളാണ് ഇന്നും റഫ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നത്.
  • തെക്കന്‍ ഗാസ സിറ്റിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎന്‍ആര്‍ഡബ്ല്യുഎയുടെ വെയര്‍ഹൗസ് തകര്‍ന്നു.
  • വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ഇസ്രായേലും ഹമാസും തള്ളിക്കളഞ്ഞു.
  • ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ 1000-ത്തിലധികം ആളുകളെ കാണാതായതായി ഗാസ അധികൃതര്‍ അറിയിച്ചു.
  • മേഖലയില്‍ പര്യടനം നടത്തിയതിന് ശേഷം ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇസ്രയേലിലെത്തി. ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ചൊവ്വാഴ്ച ഇസ്രായേലിലേക്ക് പോകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
  • ഗാസയിലെ ആശുപത്രികളിലെക്കുള്ള ഇന്ധനത്തിന്റെ അവസാനത്തെ സ്റ്റോക്കും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീരുമെന്ന് യു.എന്‍ മാനുഷിക ഓഫീസ് മുന്നറിയിപ്പ് നല്‍കി.
  • ഗാസയിലെ എല്ലാ അധിനിവേശവും ‘വലിയ തെറ്റ്’ ആയിരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കി.
  • കര അധിനിവേശം ഉടന്‍ ആരംഭിക്കുമെന്നാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്.

 

Related Articles