Current Date

Search
Close this search box.
Search
Close this search box.

ഗസ്സ സന്ദര്‍ശിക്കാന്‍ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് ഹമാസ്

ഗസ്സ സിറ്റി: യുദ്ധാനന്തര ഗസ്സ സന്ദര്‍ശിക്കാന്‍ യു.എസ് ശതകോടീശ്വരനും എക്‌സ് ഉടമയുമായ ഇലോണ്‍ മസ്‌കിനെ ക്ഷണിച്ച് ഹമാസ്. ഇസ്രായേല്‍ ബോംബാക്രമണം സൃഷ്ടിച്ച നാശത്തിന്റെ വ്യാപ്തി കാണാന്‍ വേണ്ടിയാണ് ഗസ്സ മുനമ്പിലേക്ക് കൂടി മസ്‌കിനെ ക്ഷണിക്കുന്നതെന്ന് ഹമാസ് മുതിര്‍ന്ന വക്താവ് ഒസാമ ഹംദാന്‍ പറഞ്ഞു.

‘ഗസ്സയിലെ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ കൂട്ടക്കൊലകളുടെയും നാശനഷ്ടങ്ങളുടെയും വസ്തുനിഷ്ടമായതും കൃത്യതയുള്ളതുമായി വ്യാപ്തി കാണാന്‍ ഞങ്ങള്‍ അദ്ദേഹത്തെ ഗസ്സയിലേക്ക് ക്ഷണിക്കുന്നു. 50 ദിവസത്തിനുള്ളില്‍, പ്രതിരോധമില്ലാത്ത ഗസ്സക്കാരുടെ വീടുകളില്‍ ഇസ്രായേല്‍ 40,000 ടണ്ണിലധികം സ്‌ഫോടകവസ്തുക്കള്‍ വര്‍ഷിച്ചു,’ ബെയ്‌റൂതില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിനിടെ അദ്ദേഹം പറഞ്ഞു.

‘ഇസ്രായേലുമായുള്ള യു.എസ് ബന്ധം അവലോകനം ചെയ്യാനും അവര്‍ക്ക് ആയുധങ്ങള്‍ നല്‍കുന്നത് നിര്‍ത്താനും ഞാന്‍ യു.എസ് പ്രസിഡന്റ് ബൈഡനോട് ആവശ്യപ്പെടുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക സിവില്‍ ഡിഫന്‍സ് ടീമുകളെ വേഗത്തില്‍ അയക്കണമെന്ന്’ ഹംദാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ആയിരങ്ങള്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

നേരത്തെ, ജൂത വിരുദ്ധ പോസ്റ്റിനെ അനുകൂലിച്ചതിന് മസ്‌ക് സോഷ്യല്‍ മീഡിയയില്‍ ആക്രമണം നേരിട്ടിരുന്നു. മസ്‌ക് തിങ്കളാഴ്ച ഇസ്രയേലില്‍ ഹമാസ് ആക്രമണം നടന്ന സ്ഥലത്ത് പര്യടനം നടത്തുകയും വിദ്വേഷം പടരുന്നത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യാന്‍ തന്റെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Related Articles