Current Date

Search
Close this search box.
Search
Close this search box.

ഹക്കീം ഫൈസിക്കെതിരെ കൂടിയാലോചിച്ച ശേഷമേ തുടര്‍നടപടി ഉണ്ടാകൂവെന്ന് സമസ്ത അറിയിച്ചിട്ടുണ്ട്: സാദിഖലി തങ്ങള്‍

കോഴിക്കോട്: കഴിഞ്ഞ ദിവസം സമസ്തയില്‍ നിന്നും പുറത്താക്കിയ സി.ഐ.സി സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹകീം ഫൈസിക്കെതിരെ കൂടിയാലോചിച്ച ശേഷമേ തുടര്‍നടപടിയുണ്ടാകൂവെന്ന് സമസ്ത അറിയിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഇക്കാര്യം സമസ്ത നേതാക്കളുമായി ഫോണിലൂടെ സംസാരിച്ചിരുന്നുവെന്നും തങ്ങള്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

ഫൈസിക്കെതിരായ തുടര്‍നടപടികള്‍ പാണക്കാട് തങ്ങളുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഉണ്ടാകൂ എന്ന് സമസ്ത അറിയിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും മാധ്യമങ്ങളോട് പറഞ്ഞു. നടപടിക്ക് മുന്‍പ് സമസ്ത നേതാക്കള്‍ സാദിഖലി തങ്ങളുമായി ഫോണില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സി.ഐ.സി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഹകീം ഫൈസി ആദൃശേരിയെ ബുധനാഴ്ചയാണ് സമസ്തയില്‍ നിന്നും പുറത്താക്കിയത്. സമസ്ത കേന്ദ്ര മുശാവറയാണ് ഇക്കാര്യം അറിയിച്ചത്. സുന്നി ആശയങ്ങള്‍ക്ക് വിരുദ്ധമായ ആശയപ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്തയുടെ എല്ലാ ഘടകങ്ങളില്‍ നിന്നും ഹകീം ഫൈസിയെ പുറത്താക്കിയതെന്നും സമസ്ത പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചിരുന്നു. സമസ്തയുടെ നടപടിയെ വിമര്‍ശിച്ചും എതിര്‍ത്തും വിവിധ കോണുകളില്‍ നിന്നും അഭിപ്രായപ്രകടനങ്ങള്‍ ഉയര്‍ന്നിരുന്നു.

ഹക്കീം ഫൈസി ആദൃശ്ശേരിയെ സംഘടനയില്‍ നിന്ന് പുറത്താക്കി സമസ്ത

 

Related Articles