Current Date

Search
Close this search box.
Search
Close this search box.

മുസ്ലിം യുവാക്കളെ പരസ്യമായി മര്‍ദിച്ചതിന് നാല് പൊലിസുകാര്‍ക്കെതിരെ കുറ്റം ചുമത്തി കോടതി

അഹ്‌മദാബാദ്: രണ്ട് മുസ്ലിം യുവാക്കളെ പരസ്യമായി മര്‍ദിച്ചതിന് നാല് പൊലിസുകാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കുറ്റം ചുമത്തി ഗുജറാത്ത് ഹൈക്കോടതി. 2022 ഒക്ടോബറില്‍ ഖേദ ജില്ലയില്‍ വെച്ച് നടന്ന സംഭവത്തിന് ഉത്തരവാദികളായ പൊലിസുകാര്‍ക്കെതിരെയാണ് കോടതി കേസ് ചാര്‍ജ് ചെയ്തത്. ജസ്റ്റിസുമാരായ എ.എസ് സുഫിയ എം.ആര്‍ മെങ്ഗ്‌ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഒരു പൊലിസ് ഇന്‍സ്‌പെക്ടര്‍ ഒരു സബ് ഇന്‍സ്‌പെക്ടര്‍ രണ്ട് കോണ്‍സ്റ്റബിള്‍ എന്നിവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.

1996ലെ ഡി.കെ ബസുവിന്റെ വിധിയിലെ സുപ്രീം കോടതി നിശ്ചയിച്ച അടിസ്ഥാന നിയമങ്ങളുടെ ലംഘനമാണ് പൊലിസ് മുസ്ലീം യുവാക്കളെ പൊതുസ്ഥലത്ത് ചാട്ടവാറുകൊണ്ട് അടിക്കുന്ന നടപടിയിലൂടെ ഉണ്ടായതെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് നടപടി. അറസ്റ്റ് ചെയ്യുമ്പോഴും തടങ്കലിലടക്കുമ്പോഴും പൊലിസ് പാലിക്കേണ്ട് പെരുമാറ്റ ചട്ടങ്ങളും ഈ വിധിയിലൂടെ സ്ഥാപിച്ചിട്ടുണ്ട്.

ഇന്‍സ്പെക്ടര്‍ എ.വി പര്‍മര്‍, സബ് ഇന്‍സ്പെക്ടര്‍ (എസ്ഐ) ഡിബി കുമാവത്, ഹെഡ് കോണ്‍സ്റ്റബിള്‍ കെ.എല്‍ ദാഭി, കോണ്‍സ്റ്റബിള്‍ ആര്‍ആര്‍ ദാഭി എന്നിവരാണ് പ്രതികളായ നാല് ഉദ്യോഗസ്ഥര്‍. 1971ലെ കോടതിയലക്ഷ്യ നിയമത്തിലെ സെക്ഷന്‍ 2(ബി) പ്രകാരമാണ് പോലീസുകാര്‍ ഇപ്പോള്‍ കുറ്റാരോപണം നേരിടുന്നത്. കോടതി വിധികളോ ഉത്തരവുകളോ നിര്‍ദ്ദേശങ്ങളോ ബോധപൂര്‍വം ധിക്കരിക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പാണിത്. കൂടാതെ കോടതിയില്‍ നല്‍കിയ പ്രതിബദ്ധതകളുടെ മനഃപൂര്‍വമായ ലംഘനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ഈ കുറ്റത്തിന് ആറ് മാസം വരെ തടവും അല്ലെങ്കില്‍ 2,000 വരെ പിഴയും ലഭിക്കും. സംഭവത്തില്‍ ഒക്ടോബര്‍ 11-നകം രേഖാമൂലം മൊഴി നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, കേസില്‍ ഉള്‍പ്പെട്ട 13 പോലീസ് ഉദ്യോഗസ്ഥരില്‍, ഖേഡയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ (സിജെഎം) റിപ്പോര്‍ട്ടില്‍ ഒമ്പത് പേര്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നില്ല. ജാഹിര്‍മിയ മാലെക് (62), മക്സുദാബാനു മാലെക് (45), സഹദ്മിയ മാലെക് (23), സകില്‍മിയ മാലെക് (24), ഷാഹിദ്രാജ മാലെക് (25) എന്നീ അഞ്ച് മുസ്ലിം യുലാക്കളാണ് 13 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചത്.

ഈ ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുകയും കോടതിയെ അവഹേളിക്കുകയും ചെയ്തുവെന്നും ഹരജിയില്‍ ആരോപിച്ചു. നേരത്തെ കഴിഞ്ഞ തവണ, മുസ്ലീങ്ങളെ പരസ്യമായി മര്‍ദിച്ച സംഭവത്തിന്റെ വീഡിയോകള്‍ ഗുണനിലവാരമില്ലാത്തതും കുറ്റാരോപിതരായ പോലീസ് ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിന് തടസ്സമാണെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നത്.

Related Articles