Current Date

Search
Close this search box.
Search
Close this search box.

ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്‌കാരം; ഗോഡ്‌സെക്ക് നല്‍കുന്നതിന് സമാനമെന്ന് കോണ്‍ഗ്രസ്

ഡല്‍ഹി: ഹിന്ദു മത ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഗീത പ്രസിന് കേന്ദ്ര സര്‍ക്കാര്‍ ഗാന്ധി സമാധാന പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഇത് ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്‌സെക്ക് അവാര്‍ഡ് നല്‍കുന്നതിന് സമാനമാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം. മഹാത്മാ ഗാന്ധിയുടെ ആദര്‍ശത്തിന്റെ ആദരസൂചകമായി കേന്ദ്ര സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കുന്ന വാര്‍ഷിക പുരസകാരമാണ് ഗാന്ധി സമാധാന പുരസ്‌കാരം.

ഉത്തര്‍പ്രദേശിലെ ഗൊരക്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗീത പ്രസ് രാജ്യത്തെ തന്നെ ഏറ്റവും വലിയ ഹിന്ദു മത ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പ്രസാധാലയമാണ്. ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറി ഗീത പ്രസിന് പുരസ്‌കാരം നല്‍കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

‘അഹിംസാത്മകവും മറ്റ് ഗാന്ധിയന്‍ രീതികളിലൂടെയും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ പരിവര്‍ത്തനത്തിനുള്ള അതിന്റെ മികച്ച സംഭാവനയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം. ജനങ്ങള്‍ക്കിടയില്‍ സാമൂഹികവും സാംസ്‌കാരികവുമായ പരിവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് അവര്‍ കഴിഞ്ഞ 100 വര്‍ഷമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി,” മോദി ട്വീറ്റില്‍ കുറിച്ചു.

എന്നാല്‍, ഹിന്ദുത്വ സൈദ്ധാന്തികന്‍ വി ഡി സവര്‍ക്കറിനും ഗാന്ധി ഘാതകന്‍ നാഥുറാം ഗോഡ്സെക്കും അവാര്‍ഡ് നല്‍കുന്നതിനോടാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇതിനെ ഉപമിച്ചത്.

2015ല്‍ അക്ഷയ് മുഗുള്‍ എഴുതിയ ‘Gita Press and the Making of Hindu India’ എന്ന പുസ്തകത്തില്‍ ഗീത പ്രസിന് ഹിന്ദുത്വ ദേശീയ പ്രസ്ഥാനവുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ടെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഇന്ത്യയുടെ നിര്‍മ്മാണത്തിന് ഇന്ത്യന്‍ സമൂഹത്തില്‍ ഗീതാ പ്രസ്സും അതിന്റെ പ്രസാധകരുടെയും സ്വാധീനത്തെയും ഹിന്ദു ദേശീയ പ്രസ്ഥാനവുമായുള്ള അതിന്റെ ബന്ധത്തെയും ഇതില്‍ വിശദമാക്കുന്നുണ്ട്. സവര്‍ക്കറിനും ഗോഡ്സെക്കും പുരസ്‌കാരം നല്‍കുന്നത് പോലെയാണ് ഈ തീരുമാനമെന്നും ഇത് ശരിക്കും പരിഹാസ്യമാണെന്നും അദ്ദേഹം ടീറ്റ് ചെയ്തു.

Related Articles