Current Date

Search
Close this search box.
Search
Close this search box.

വേറിട്ട സമരവുമായി ജി.ഐ.ഒവിന്റെ ‘ആസാദി സ്‌ക്വയര്‍’

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട രീതിയില്‍ നടത്തുന്ന ജി.ഐ.ഒവിന്റെ പ്രക്ഷോഭം ശ്രദ്ധേയമാകുന്നു. മൂന്നു ദിവസങ്ങളിലായി കൊച്ചി ഇടപ്പള്ളിയില്‍ ‘ആസാദി സ്‌ക്വയറി’ലാണ് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ രാപ്പകല്‍ പ്രതിഷേധ വീഥി എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ‘മുസ്ലിം വിരുദ്ധ വംശീയത ചെറുക്കുക, ഹിന്ദുത്വ രാഷ്ട്രപദ്ധതി തിരിച്ചറിയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി സി.എ.എ – എന്‍.ആര്‍.സി -എന്‍.പി.ആറിനെതിരെയാണ് പ്രക്ഷോഭ പരിപാടി. ആസാദി മുദ്രാവാക്യവും പാട്ടും നാടകവും പ്രകടനവുമായി മൂന്നു ദിവസം രാവും പകലും തുടര്‍ച്ചയായി നടത്തുന്ന പ്രക്ഷോഭം വ്യാഴാഴ്ച സമാപിക്കും.

പിഞ്ചു കുഞ്ഞുങ്ങളുമായി മരംകോച്ചുന്ന തണുപ്പില്‍ ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിക്കാന്‍ കൂടിയാണ് ആസാദ് സ്‌ക്വയര്‍ സംഘടിപ്പിച്ചത്. കൈകുഞ്ഞുങ്ങളുമായാണ് ഇവിടെയും സ്ത്രീകള്‍ സമരത്തില്‍ പങ്കെടുക്കാനെത്തിയത്. പൗരത്വ വിരുദ്ധ പ്രക്ഷോഭം നയിച്ചതിന്റെ പേരില്‍ അറസ്റ്റിലായി ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് സംഗമം അഭിവാദ്യം അര്‍പ്പിച്ചു.

ദലിത് ആക്റ്റിവിസ്റ്റുകളായ കെ.കെ കൊച്ച്, കെ.ബാബുരാജ്, ബി.റെജിദേവ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന പ്രസിഡന്റ് സി.വി ജമീല, എഴുത്തുകാരി.പി.എം. ലാലി., ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം, വിനീത വിജയന്‍, പെന്‍പിളൈ ഒരുമൈ നേതാവ് ജി. ഗോമതി, എസ്.ഐ.ഒ.സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി, മാധ്യമ പ്രവര്‍ത്തക ശബ്‌ന സിയാദ്, എഴുത്തുകാരനും, സാമൂഹ്യ നിരീക്ഷകനുമായ പി.ജെ. വിന്‍സന്റ് എന്നിവര്‍ പ്രതിഷേധ വീഥിയെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമരവേദിയില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.

Related Articles