Current Date

Search
Close this search box.
Search
Close this search box.

വലിയ തുക കൈക്കലാക്കിയാണ് രാജ്യം വിട്ടതെന്ന വാര്‍ത്ത നിഷേധിച്ച് ഗനി

അബൂദബി: അഫ്ഗാനിസ്ഥാന്‍ ഭരണം താലിബാന്‍ പിടിച്ചെടുക്കുന്നത് ഭയന്ന് ഒളിച്ചോടിയ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനി യു.എ.ഇയിലെത്തി. ഹെലികോപ്റ്റര്‍ നിറയെ പണവുമായാണ് ഗനി രക്ഷപ്പെട്ടതെന്നും രാജ്യത്തിന്റെ ഖജനാവ് കാലിയാക്കിയെന്നും അദ്ദേഹത്തിനെതിരെ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്ത് രക്തചൊരിച്ചില്‍ ഉണ്ടാകാതിരിക്കാനാണ് രാജ്യം വിട്ടതെന്നും പണമൊന്നും എടുത്തിട്ടില്ലെന്നുമാണ് കഴിഞ്ഞ ദിവസം യു.എ.ഇയില്‍ അഭയം തേടിയ ഗനി പ്രതികരിച്ചത്.

‘ഞാന്‍ അഫ്ഗാനില്‍ തന്നെ തുടര്‍ന്നിരുന്നെങ്കില്‍, കാബൂളില്‍ രക്തച്ചൊരിച്ചിലിന് ഞാന്‍ സാക്ഷ്യം വഹിക്കുമായിരുന്നു, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉപദേശപ്രകാരമാണ് ഞാന്‍ രാജ്യം വിട്ടത്. അധികാര തര്‍ക്കങ്ങളുടെ പേരില്‍ കാബൂളിനെ മറ്റൊരു യെമന്‍ അല്ലെങ്കില്‍ സിറിയയാക്കി മാറ്റരുത്, അതിനാല്‍ ഞാന്‍ പോകാന്‍ നിര്‍ബന്ധിതനായി-അദ്ദേഹം പറഞ്ഞു. യു എ ഇയിലുണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ പ്രതികരണമാണ് ഫേസ്ബുക്ക് വീഡിയോയിലൂടെ അദ്ദേഹം പങ്കുവെച്ചത്.

ദശലക്ഷക്കണക്കിന് ഡോളറുമായാണ് താന്‍ രാജ്യം വിട്ടതെന്ന കിംവദന്തികള്‍ പിന്‍വലിക്കണമെന്നും ഒരു കോട്ടും കുറച്ച് വസ്ത്രങ്ങളും എടുത്താണ് ഞാന്‍ പുറപ്പെട്ടത്. ഞാന്‍ പണം എടുത്തു എന്ന് പറഞ്ഞ് എനിക്കെതിരെ വ്യക്തിഹത്യ തുടരുകയാണ്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായ നുണകളാണ്. ഇക്കാര്യം നിങ്ങള്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരോട് പോലും ചോദിക്കാം. അവയെല്ലാം അടിസ്ഥാനരഹിതരാണ്.- ഗനി കൂട്ടിച്ചേര്‍ത്തു.

മാനുഷിക പരിഗണന നല്‍കിയാണ് ഗനിക്കും കുടുംബത്തിനും ഗള്‍ഫ് രാഷ്ട്രം ആതിഥേയത്വം വഹിക്കുന്നതെന്ന് ബുധനാഴ്ച മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പറഞ്ഞു.

രാജ്യത്തെ ഫണ്ടുകളില്‍ നിന്ന് 169 മില്യണ്‍ ഡോളര്‍ ഗനി മോഷ്ടിച്ചതായി താജിഗിസ്ഥാനിലെ അഫ്ഗാന്‍ അംബാസഡര്‍ ആരോപിക്കുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ അന്താരാഷ്ട്ര പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അഫ്ഗാന്‍ വിട്ട ഗനി എവിടെയാണെന്ന് ബുധനാഴ്ച വരെ അജ്ഞാതമായിരുന്നു, അദ്ദേഹം താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍ അല്ലെങ്കില്‍ ഒമാന്‍ എന്നിവിടങ്ങളിലേക്ക് രക്ഷപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു.

Related Articles