Current Date

Search
Close this search box.
Search
Close this search box.

ഏഴാം ദിവസവും വെടിനിര്‍ത്തല്‍ തുടരുമെന്ന് ഇസ്രായേലും ഹമാസും

ഗസ്സ സിറ്റി: ആറു ദിവസത്തെ വെടിനിര്‍ത്തല്‍ കാലാവധി വ്യാഴാഴ്ച രാവിലെ അവസാനിച്ചപ്പോള്‍ ഏഴാം ദിവസമായ വ്യാഴാഴ്ച കൂടി വെടിനിര്‍ത്തല്‍ തുടരാന്‍ ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായി. കൂടുതല്‍ ദിവസത്തേക്ക് വെടിനിര്‍ത്തല്‍ തുടരുമോ എന്ന കാര്യത്തില്‍ വരും മണിക്കൂറുകളില്‍ മാത്രമേ വ്യക്തത വരൂ എന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച വരെ വെടിനിര്‍ത്തല്‍ നീട്ടിയതായി മധ്യസ്ഥത വഹിച്ച ഖത്തറും അറിയിച്ചു.
നിലവിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നേരത്തെ നാല് ദിവസവും പിന്നീട് രണ്ട് ദിവസും നീട്ടുകയായിരുന്നു. വെടിനിര്‍ത്തല്‍ വിരാമം ഇന്ന് പ്രാദേശിക സമയം രാവിലെ 7 മണിക്ക് അവസാനിക്കുന്നതിനാലാണ് ഹമാസും ഇസ്രയേലും 24 മണിക്കൂര്‍ കൂടി സന്ധി കരാര്‍ നീട്ടുന്നതായി പ്രഖ്യാപിച്ചത്.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ന് വീണ്ടും ഇസ്രായേലിലെത്തും. തുടര്‍ന്ന് പ്രധാനമന്ത്രി നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തും. വെടിനിര്‍ത്തല്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനങ്ങള്‍ ചര്‍ച്ചയായേക്കും. അധിനിവേശ വെസ്റ്റ് ബാങ്കും ബ്ലിങ്കന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച വൈകീട്ടോടെ ഹമാസ് 16 വിദേശ ബന്ദികളെയും ഇസ്രായേല്‍ 30 ഫലസ്തീന്‍ തടവുകാരെയും വിട്ടയച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായിരുന്നു കൈമാറ്റം.

ബന്ദികളെ മോചിപ്പിക്കുന്ന പ്രക്രിയ തുടരാനുള്ള മധ്യസ്ഥരുടെ ശ്രമങ്ങളുടെ ഭാഗമായും കരാറിലെ വ്യവസ്ഥകള്‍ക്ക് വിധേയമായും ഗസ്സ മുനമ്പിലെ പോരാട്ടത്തിന് താല്‍ക്കാലിക വിരാമം തുടരുമെന്ന് ഇസ്രായേല്‍ സൈന്യവും വ്യാഴാഴ്ച രാവിലെ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ നീട്ടാന്‍ ധാരണയായതായി ഹമാസും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, ഗസ്സയില്‍ നിന്ന് മോചിപ്പിക്കപ്പെടുന്ന ഇസ്രായേലികളുടെ പുതിയ പട്ടികയില്‍ ഇരുപക്ഷവും യോജിക്കാത്തതിനെത്തുടര്‍ന്ന് വെടിനിര്‍ത്തല്‍ നീട്ടുന്നത് സംബന്ധിച്ച് ബുധനാഴ്ച വൈകീട്ട് മുതല്‍ അവസാന മണിക്കൂര്‍ വരെ അനിശ്ചിതത്വം നിലനിന്നിരുന്നു.

വിട്ടയച്ച തടവുകാരില്‍ 10 പേര്‍ നിലവിലുള്ള ഉടമ്പടി കരാറിന്റെ ഭാഗമാണെന്നും നാല് തായ് പൗരന്മാരും രണ്ട് റഷ്യന്‍-ഇസ്രായേലികളും കരാര്‍ പ്രകാരം മോചിതരായെന്നും ഖത്തര്‍ പറഞ്ഞു. ഖത്തറും ഈജിപ്തും യു.എസും ഇടപെട്ട് ഇരു വിഭാഗമായും മധ്യസ്ഥ ചര്‍ച്ച നടത്തി വെടിനിര്‍ത്തല്‍ മുന്നോട്ടുകൊണ്ടു പോകുക എന്നത് വലിയ കാഠിന്യമേറിയ പരിശ്രമമാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

 

UPDATING….

Related Articles