Current Date

Search
Close this search box.
Search
Close this search box.

ഗസ്സ പവര്‍പ്ലാന്റില്‍ അവശേഷിക്കുന്നത് ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം- ചിത്രങ്ങള്‍

ഗസ്സ സിറ്റി: ഗസ്സയ്ക്കു മേല്‍ ഇസ്രായേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍ വൈദ്യുതിക്കായി ഡീസല്‍ ഉപയോഗിച്ചുള്ള പവര്‍പ്ലാന്റ് ആയിരുന്നു പരിഹാരം. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ മാത്രം പ്രവര്‍ത്തിക്കാനുള്ള ഇന്ധനം മാത്രമാണ് ഗസ്സ പവര്‍പ്ലാന്റില്‍ അവശേഷിക്കുന്നതെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. അത് കഴിഞ്ഞാല്‍ ഗസ്സ മുനമ്പ് പൂര്‍ണ്ണമായും ഇരുട്ടിലാകും. ഇത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെയെല്ലാം ബാധിക്കും.

ഇന്ധനം തീര്‍ന്നാല്‍ വൈദ്യുത നിലയം പൂര്‍ണ്ണമായും അടച്ചുപൂട്ടിയാല്‍ വലിയ മാനുഷിക ദുരന്തത്തെയാകും മുനമ്പ് അഭിമുഖീകരിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

അതേസമയം, ഗസയില്‍ കര ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഇസ്രയേലി സൈന്യം ഗാസ മുനമ്പില്‍ അഞ്ചാം ദിവസവും ആക്രമണം തുടരുകയാണ്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച 1,055 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രായേലില്‍ മരിച്ചവരുടെ എണ്ണം 1200 ആയി. 5,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ലെബനന്‍ ആസ്ഥാനമായുള്ള ഹിസ്ബുള്ള പോരാളികളും ഇസ്രായേലിലേക്ക് വെടിയുതിര്‍ത്തു. ഹമാസ് ഇസ്രായേലിന് നേരെ റോക്കറ്റ് പ്രയോഗവും തുടരുകയാണ്. സിറിയയില്‍ നിന്ന് വിക്ഷേപിച്ച ഷെല്ലുകള്‍ ഇസ്രായേലിനുള്ളിലെ തുറസ്സായ സ്ഥലങ്ങളില്‍ പതിച്ചതായി ഇസ്രായേല്‍ സൈന്യം പറഞ്ഞു. അഷ്‌കലോണില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായി ഇസ്രായേലി എമര്‍ജന്‍സി സര്‍വീസ് അറിയിച്ചു. തങ്ങളുടെ ഒരു വിമാനം ഹിസ്ബുള്ള നിരീക്ഷണ പോസ്റ്റിന് നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഗാസയിലെ സ്ഥിതിഗതികള്‍ തീര്‍ത്തും ഭയാനകമാണെന്നും ഗാസയിലെ ഇരുപത് ലക്ഷത്തിലധികം വരുന്ന ഫലസ്തീനികളെ കൂട്ടമായി ശിക്ഷിക്കരുതെന്നും സ്‌കോട്ട്ലന്‍ഡ് പ്രധാനമന്ത്രി ഹംസ യൂസഫ് പറഞ്ഞു.

കിഴക്കന്‍ ജറുസലേം ആസ്ഥാനമായുള്ള ഫലസ്തീനികള്‍ ‘1967 ജൂണ്‍ 4ലെ തങ്ങളുടെ സ്വതന്ത്ര പരമാധികാര രാഷ്ട്രം’ നേടുന്നതുവരെ പശ്ചിമേഷ്യയില്‍ സുരക്ഷിതത്വവും സ്ഥിരതയും ഉണ്ടാകില്ലെന്ന് ജോര്‍ദാന്‍ രാജാവ് കിംഗ് അബ്ദുള്ള പറഞ്ഞു.

Related Articles