Current Date

Search
Close this search box.
Search
Close this search box.

‘നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’ – രോഹിത് വെമുലയുടെ ജീവത്യാഗത്തിൻ്റെ എട്ട് വർഷങ്ങൾ

ഹൈദറാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഗവേഷകനായിരുന്ന ദലിത്  വിദ്യാർഥി രോഹിത് വെമുലയുടെ സ്ഥാപനവൽകൃത കൊലപാതകത്തിന് 2024 ജനുവരി 17 ന് എട്ട് വർഷം തികയുകയാണ്. ഇന്ത്യൻ വിദ്യാർഥി രാഷ്ട്രീയത്തിൽ പുതിയൊരു അധ്യായം രചിക്കുകയായിരുന്നു രോഹിത് തൻ്റെ ജീവത്യാഗത്തിലൂടെ. താൻ അനുഭവിച്ചിരുന്ന ജാതി വിവേചനത്തിൻ്റെ ഭീകരത തുറന്നു കാട്ടുന്നതായിരുന്നു രോഹിതിൻ്റെ അവസാന വാക്കുകൾ.

രോഹിതിൻ്റെ ആത്മഹത്യ കുറിപ്പിൻ്റെ പൂർണ രൂപം

“ഗുഡ്‌മോണിംഗ്,

ഈ കത്ത് വായിക്കുമ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകില്ല. എന്നോട് ദേഷ്യം തോന്നരുത്. എനിക്കറിയാം നിങ്ങളില്‍ ചിലര്‍ എന്നെ സംരക്ഷിച്ചിട്ടുണ്ട്, ശരിക്കും സ്‌നേഹിക്കുകയും നന്നായി പെരുമാറുകയും ചെയ്‍തിട്ടുണ്ട്. എനിക്ക് ആരെക്കുറിച്ചും പരാതിയില്ല. എല്ലാം എന്റെ കുറ്റവും പ്രശ്‌നങ്ങളുമാണ്. എന്റെ ആത്മാവും ശരീരവും തമ്മിലുള്ള അന്തരം വര്‍ധിക്കുന്നതായി എനിക്കു തോന്നുന്നു. ഞാന്‍ ഒരു ഭീകരരൂപിയായി മാറിയിരിക്കുന്നു. ഞാന്‍ ഒരു എഴുത്തുകാരനാകാന്‍ ആഗ്രഹിച്ചു. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്ര എഴുത്തുകാരന്‍. എന്നാല്‍ അവസാനം എനിക്കീ ആത്മഹത്യ കുറിപ്പ് മാത്രമേ എഴുതാന്‍ സാധിച്ചുള്ളൂ.

ഞാന്‍ ശാസ്ത്രത്തെയും പ്രകൃതിയെയും നക്ഷത്രങ്ങളെയും സ്‍നേഹിച്ചു. മനുഷ്യര്‍ പ്രകൃതിയില്‍ നിന്ന് ഏറെ ഏറെ അകന്നിരിക്കുന്നു എന്നറിയാതെ മനുഷ്യരെയും ഞാന്‍ സ്‌നേഹിച്ചു. ഞങ്ങളുടെ വികാരങ്ങള്‍ രണ്ടാം തരമാണ്. ഞങ്ങളുടെ സ്‌നേഹം നിര്‍മ്മിക്കപ്പെട്ടതാണ്. ഞങ്ങളുടെ വിശ്വാസങ്ങള്‍ നിറം പിടിപ്പിച്ചതാണ്. ഞങ്ങളുടെ മൗലികത കൃത്രിമ കലകളിലൂടെയാണ് സാധുവായിത്തീരുന്നത്. മുറിവേല്‍ക്കാതെ സ്‌നേഹിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്.

മനുഷ്യന്റെ മൂല്യം അവന്റെ പെട്ടെന്നുള്ള ഐഡന്റിയിലേക്കും ഏറ്റവുമടുത്ത സാധ്യതകളിലേക്കുമൊതുക്കപ്പെട്ടു. ഒരു വോട്ടിലേക്ക്, ഒരു അക്കത്തിലേക്ക്, ഒരു വസ്തുവിലേക്ക്. എന്നാല്‍ മനുഷ്യൻ ഒരു മനസ്സെന്ന നിലയില്‍ ഒരിക്കലും പരിചരിക്കപ്പെടുന്നില്ല,  നക്ഷത്ര ധൂളിയില്‍ നിന്ന് നിര്‍മ്മിക്കപ്പെട്ട മഹത്തായ ഏതൊരു വസ്തുവെന്ന നിലയിലും, പഠന രംഗത്തും തെരുവിലും അചേതനവും സചേതനവുമായ എല്ലാ മേഖലകളിലും അതങ്ങനെയാണ്.

ഞാന്‍ ഇത്തരത്തിലൊരു കത്തെഴുതുന്നത് ആദ്യമായാണ്, ഒരു അവസാന കത്തില്‍ എന്റെ ആദ്യ അവസരവുമാണിത്, തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക.

ഈ ലോകത്തെ മനസിലാക്കുന്നതില്‍ ഒരു പക്ഷേ എനിക്ക് തെറ്റ് പറ്റിയിരിക്കാം. സ്‌നേഹം, വേദന, ജീവിതം, മരണം എന്നിവ മനസിലാക്കുന്നതില്‍ എനിക്ക് തെറ്റിയിരിക്കാം. വലിയ അത്യാവശ്യമൊന്നുമുണ്ടായിരുന്നില്ല, പക്ഷേ എനിക്ക് എല്ലായിപ്പോഴും തിടുക്കമുണ്ടായിരുന്നു. ജീവിതം തുടങ്ങുന്നതിന് മുമ്പ് തന്നെ അങ്ങേയറ്റം നിരാശ ബാധിച്ചു. ചിലര്‍ക്ക് ജീവിതം തന്നെ ശാപമാണ്. എന്നെ സംബന്ധിച്ച് എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടം. ബാല്യത്തിലെ ഏകാന്തതയില്‍ നിന്ന് എനിക്കൊരിക്കലും മോചനം ലഭിച്ചിട്ടില്ല, ഭൂതകാലത്തിലെ ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടാത്ത ആ കുട്ടിയിൽ നിന്നും.

ഈ നിമിഷത്തില്‍ ഞാന്‍ മുറിവേറ്റവനല്ല, ഞാന്‍ ദുഃഖിതനല്ല, മറിച്ച് ശൂന്യനാണ്. സ്വന്തത്തെ കുറിച്ച് ആശങ്കയില്ലാത്തൊരാൾ. അത് പരിതാപകരമാണെന്ന് എനിക്കറിയാം, അതുകൊണ്ടു തന്നെയാണ് ഞാനിത് ചെയ്യുന്നതും. 

ഞാന്‍ പോയിക്കഴിഞ്ഞ് എന്നെ ഒരു ഭീരുവായോ സ്വാര്‍ത്ഥനായോ വിഢ്ഢിയായോ ആളുകള്‍ ചിത്രീകരിച്ചേക്കാം. ആളുകള്‍ എന്ത് കരതുന്നുവെന്നതിനെ കുറിച്ച് എനിക്ക് ആശങ്കയില്ല. മരണാനന്തര കഥകളിലോ പ്രേതം, ആത്മാവ് എന്നിവയിലോ എനിക്ക് വിശ്വാസമില്ല. എനിക്ക് നക്ഷത്രങ്ങളിലേക്ക് യാത്ര ചെയ്യാനും മറ്റു ലോക‍ങ്ങളെ കുറിച്ച് അറിയാനും സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

എനിക്ക് ഏഴ് മാസത്തെ ഫെലോഷിപ്പ് ഇനത്തില്‍ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ കിട്ടാനുണ്ട്, ഈ കത്ത് വായിക്കുന്നവര്‍ ആരായാലും ആ തുക എന്റെ കുടുംബത്തിന് കിട്ടാന്‍ സഹായിക്കണം. രാംജിക്ക് നാല്‍പ്പതിനായിരം രൂപ കൊടുക്കാനുണ്ട്. അദ്ദേഹം അത് ഒരിക്കലും എന്നോട് ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, ആ തുക തിരികെ നല്‍കണം.

ശാന്തമായ അന്തരീക്ഷത്തിലായിരിക്കണം എന്റെ സംസ്‌കാര ചടങ്ങ് നടത്തേണ്ടത്. ഞാന്‍ ഇവിടെ നിന്ന് പോയത് പോലെയേ പെരുമാറാവൂ. എനിക്ക് വേണ്ടി കണ്ണീരൊഴുക്കരുത്. എനിക്ക് ജീവിച്ചിരിക്കുന്നതിനേക്കാള്‍ സന്തോഷം മരിയ്ക്കാനാണെന്ന് അറിയുക.

‘നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്’

ഉമ അണ്ണാ, ഇതിന് താങ്കളുടെ മുറി ഉപയോഗിച്ചതില്‍ ക്ഷമിക്കുക. എ.എസ്.എ (അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) കുടുംബത്തോട്, നിങ്ങളെ നിരാശരാക്കുന്നതില്‍ ക്ഷമിക്കുക, നിങ്ങള്‍ എന്നെ വളരെയധികം സ്‌നേഹിച്ചു. നിങ്ങളുടെ ഭാവിക്ക് എല്ലാ നന്മകളും നേരുന്നു.
ഒരിക്കൽ കൂടി, ജയ് ഭീം..!

അതിനിടെ ആത്മഹത്യ കുറിപ്പിലെ ഔപചാരികതകള്‍ ഞാന്‍ മറന്നു, എന്റെ ആത്മഹത്യയ്ക്ക് ആരും ഉത്തരവാദിയല്ല. വാക്കാലോ പ്രവര്‍ത്തിയാലോ ആരും എന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചിട്ടില്ല. ഇത് എന്റെ തീരുമാനമാണ്, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വവും എനിക്ക് മാത്രമാണ്. എന്റെ മരണത്തിന് ശേഷം എന്റെ സുഹൃത്തുക്കളെയോ ശത്രുക്കളെയോ ഇതിൻ്റെ പേരിൽ ബുദ്ധിമുട്ടിക്കരുത്”.

Related Articles