Current Date

Search
Close this search box.
Search
Close this search box.

സുഡാനില്‍ വെള്ളപ്പൊക്കം: മൂന്ന് മാസം അടിയന്തരാവസ്ഥ

കാര്‍തൂം: സുഡാനില്‍ കനത്ത മഴയും പ്രളയവും മൂലം 99 പേര്‍ മരണപ്പെട്ടു. ഒരു ലക്ഷം പേര്‍ക്ക് ഭാഗികമായി വീടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. 46ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് സുഡാനില്‍ ദേശീയ സുരക്ഷ കൗണ്‍സില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. സുഡാനെ പ്രകൃതി ദുരന്ത മേഖലയായി സുഡാന്‍ പ്രതിരോധ സമിതി പ്രഖ്യാപിച്ചിട്ടുണ്ട്. സുഡാന്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

നൈല്‍ നദിയില്‍ ജലനിരപ്പ് ഉയരുന്നതാണ് പ്രളയത്തിന് കാരണം. 2020ലെ വര്‍ഷക്കാലക്കെടുതിയും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെയും നേരിടാന്‍ സുഡാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തെ ചുമതലപ്പെടുത്തിയതായി കൗണ്‍സില്‍ അറിയിച്ചു. സുഡാനില്‍ എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ശക്തമായ കാലവര്‍ഷമാണ് അനുഭവപ്പെടാറുള്ളത്. അതിനാല്‍ തന്നെ എല്ലാ വര്‍ഷവും വെള്ളപ്പൊക്കവും പേമാരിയും നേരിടാറുണ്ട്.

നൈല്‍ നദിയില്‍ ജലനിരപ്പ് 17.58 മീറ്ററായി ഉയര്‍ന്നിട്ടുണ്ടെന്നും ഇനിയുടെ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നും വെള്ളിയാഴ്ച സുഡാന്‍ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

 

Related Articles