Current Date

Search
Close this search box.
Search
Close this search box.

കേരളത്തിലെ ആദ്യത്തെ അറബിക് കലിഗ്രഫി സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെ ആദ്യത്തെ അറബിക് കലിഗ്രഫി സെന്ററായ ‘സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ മോഡേണ്‍ ആന്‍ഡ് ക്ലാസിക്കല്‍ കലിഗ്രഫി’ എറണാകുളം ജില്ലയിലെ മുവാറ്റുപ്പുഴ വനിത ഇസ്‌ലാമിയ കോളേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ഉദ്ഘടനം ചെയ്തു. കേരളത്തിലെ വൈജ്ഞാനിക മേഖലയില്‍ വേറിട്ട മാതൃകകള്‍ സൃഷ്ടിച്ച് കഴിഞ്ഞ 60 വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സ്ഥാപനമാണ് എം.ഐ.ഇ.ടി ട്രസ്റ്റിന് കീഴിലുള്ള ബനാത്ത് ഇസ്ലാമിയ കോളേജ്. ഓരോ വ്യക്തിയിലേയും ജന്മസിദ്ധമായ കഴിവുകളെ വളര്‍ത്തി അവരുടെ മേഖലയില്‍ തന്നെ നിപുണരാക്കുന്ന ഇന്‍ ബോണ്‍ ക്വാളിറ്റി ഡെവലപ്‌മെന്റ് എന്ന ഫാക്കല്‍റ്റിക്ക് കീഴിലാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

കേരളത്തിലെ അറബിക് കലിഗ്രഫിയുടെ ചരിത്ര വായനകള്‍ക്ക് അറബികള്‍ക്ക് മലയാള നാടിനോടുള്ള ബന്ധത്തോളം തന്നെ പഴക്കമുണ്ട് എന്നത് വസ്തുതയാണ്. ഇന്ന് ഈ മേഖലയില്‍ ലോകത്ത് തന്നെ എടുത്തു പറയാന്‍ കഴിയുന്ന നിരവധി പ്രതിഭകള്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നുള്ളവരാണെന്ന് ശ്രദ്ധേയമാണ്.

ചരിത്രത്തിന്റെ പിന്‍ബലം എത്ര തന്നെ അവകാശപ്പെടാമെങ്കിലും അറബിക് കലിഗ്രഫിയില്‍ വളര്‍ന്നു വരാന്‍ ആഗ്രഹിക്കുന്ന പുതുതലമുറയിലെ കലാ പ്രതിഭകള്‍ക്ക് വ്യക്തമായ ദിശാബോധം ലഭിക്കാന്‍ ഉതകുന്ന സംവിധാനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല. നൂതന സംവിധാനങ്ങളോടെ വ്യത്യസ്ത മേഖലകള്‍ക്ക് വേണ്ടി മികച്ച സൗകര്യങ്ങള്‍ സൃഷ്ടിക്കപെടുമ്പോഴും ലോകത്ത് ഇത്രയേറെ ശ്രദ്ധിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതുമായ കലിഗ്രഫി എന്ന കലാവിഷ്‌ക്കാരത്തിനു വേണ്ട രീതിയിലുള്ള പരിഗണന ലഭിക്കുന്നില്ല. ഈ സന്ദര്‍ഭത്തിലാണ് കാലിഗ്രഫിക്ക് പുത്തന്‍ ഭാവവും മുഖവും നല്‍കി കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യത്തെ സ്ഥാപനമായി മുവാറ്റുപുഴ വനിത ഇസ്‌ലാമിയ കോളേജ് വ്യത്യസ്ത മാതൃക സൃഷ്ടിക്കുന്നത്.

കേരളത്തിലെ അറബിക് കാലിഗ്രഫി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളെ ഒരൊറ്റ കൂട്ടായ്മയായി പ്രവര്‍ത്തിപഥത്തില്‍ കൊണ്ട് വരാനാണ് സംഘാടകരുടെ ശ്രമം. സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി പ്രഗത്ഭരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കാനും ലക്ഷ്യമിടുന്നതായി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ മോഡേണ്‍ ആന്‍ഡ് ക്ലാസിക്കല്‍ കലിഗ്രഫി’യുടെ ഡയറക്ടര്‍ സബാഹ് ആലുവ പറഞ്ഞു.

Related Articles