Current Date

Search
Close this search box.
Search
Close this search box.

‘Festival of Ideas and Resiatance’ന് തിരശ്ശീലയുയര്‍ന്നു

കോഴിക്കോട്: ആധിപത്യ ആശയങ്ങളോട് വിസമ്മതത്തിന്റെ പുതിയ രാഷ്ട്രീയം പറയുക, വിജ്ഞാന-രാഷ്ട്രീയത്തിന്റെ പുതിയ സംവാദങ്ങള്‍ തുറന്നിടുക എന്ന ലക്ഷ്യത്തോടെ എസ്.ഐ.ഒവിന്റെയും ക്യാമ്പസ് അലൈവിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന ‘Festival of Ideas and Resiatance’ എന്ന വൈജ്ഞാനിക സംവാദങ്ങളുടെ ഫെസ്റ്റിവലിന് പ്രൗഢഗംഭീര തുടക്കം.

കോഴിക്കോട് കടപ്പുറത്തെ ആസ്പിന്‍ കോര്‍ട്ട്‌യാര്‍ഡില്‍ വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച ഫെസ്റ്റിവലിന്റെ ഉദ്ഘാടനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളുടെ ദേശീയ മുഖങ്ങളായി മാറിയ ജാമിഅ മില്ലിയ ഇസ്ലാമിയ വിദ്യാര്‍ത്ഥികളായ ആയിശ റെന്ന, ലദീദ ഫര്‍സാന, ഷഹീന്‍ അബ്ദുള്ള എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രമുഖ എഴുത്തുകാരനും അക്കാദമീഷ്യനുമായ പ്രൊഫ. ഇര്‍ഫാന്‍ അഹ്മദ്, കാശ്മീരി മാധ്യമ പ്രവര്‍ത്തകയും ആര്‍ട്ടിസ്റ്റുമായ സന്ന ഇര്‍ഷാദ് മാട്ടൂ, തെലുങ്ക് സാഹിത്യകാരന്‍ സ്‌കൈ ബാബ, പ്രശസ്ത എഴുത്തുകാരി സൂസി താരു, ജമാഅത്തെ ഇസ്ലാമി ദേശീയ ജനറല്‍ സെക്രട്ടറി ടി ആരിഫലി, പ്രമുഖ ചരിത്രകാരന്‍ ബാങ്ക്യാ ബുക്ക്യാ, എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ലബീദ് ഷാഫി,നഹാസ് മാള,അഫീദ അഹ്മദ്,സാലിഹ് കോട്ടപ്പള്ളി,ബിനാസ് ടി.എ,ഷിയാസ് പെരുമാതുറ എന്നിവര്‍ സംസാരിച്ചു.

മലയാള സിനിമാ സംവിധായകരായ മുഹ്സിന്‍ പരാരി, സക്കരിയ മുഹമ്മദ്, ലീല സന്തോഷ്, ഹര്‍ഷദ് തുടങ്ങി പ്രമുഖര്‍ ഫെസ്റ്റിവലില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ഇന്ത്യക്കകത്ത് നിന്നും പുറത്തുനിന്നുമുള്ള നൂറോളം എഴുത്തുകാരും കലാ-സിനിമാ പ്രവര്‍ത്തകരും അക്കാദമീഷ്യരും പങ്കെടുക്കുന്ന പരിപാടിയില്‍ വിജ്ഞാനം, കല, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വൈജ്ഞാനികവും രാഷ്ട്രീയവുമായ തുറന്ന ആശയ സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ആവിഷ്‌കാരങ്ങളുടെയും വേദിയാണ് മൂന്ന് ദിനങ്ങളിലായി നടക്കുന്ന ഫെസ്റ്റിവല്‍.

ചെറുത്തുനില്‍പ്, ആശയങ്ങള്‍, ആഘോഷം എന്നീ മൂന്ന് കാര്യങ്ങളെ കേന്ദ്രമാക്കിയാണ് ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്‍ഡ് റെസിസ്റ്റന്‍സ് എന്ന പരിപാടിയെ ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജ്ഞാനം, സിദ്ധാന്തം, രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം, കല തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതോടൊപ്പം മുസ്ലിം കീഴാള രാഷ്ട്രീയത്തെയും ആശയങ്ങളെയും കലാവിഷ്‌കാരത്തിന്റെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ‘ഹാല്‍’ എക്‌സിബിഷനും ഫെസ്റ്റിവലിലൊരുക്കുന്നുണ്ട്.

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു, കേരള ചരിത്ര ഗവേഷക അക്കാദമി ഡയറക്ടര്‍ ഡോ.സനല്‍ മോഹന്‍, ദല്‍ഹി സര്‍വ്വകലാശാല അധ്യാപകരായ എം.ടി ഹാനി ബാബു, ജെനി റൊവീന, എഴുത്തുകാരിയും സംവിധായികയുമായ ജ്യോതി നിശ, ദലിത് ചിന്തകനായ കെ.കെ കൊച്ച്, കെ.കെ ബാബുരാജ്, തുടങ്ങി കലാ സാംസ്‌കാരിക സിനിമ മേഖലകളില്‍ നിന്നുള്ള പ്രശസ്തരാല്‍ സമ്പന്നമായിരിക്കും ഫെസ്റ്റിവല്‍.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ തടസ്സപ്പെടുകയും ജനജീവിതങ്ങള്‍ പ്രതിസന്ധിയിലാവുകയും ചെയ്ത കാശ്മീരിലെ ഇതുവരെ പുറത്തുവിടാത്ത ഫോട്ടോഗ്രാഫുകളുടെ പ്രദര്‍ശനം ഫെസ്റ്റിവലിന്റെ മുഖ്യ ആകര്‍ഷണമാണ്. കാശ്മീരില്‍ നിന്നും സന്ന ഇര്‍ഷാദ് മാട്ടൂ പകര്‍ത്തിയ ഫോട്ടോകളുടെയും വീഡിയോ ചിത്രങ്ങളുടെയും പ്രദര്‍ശനവും ഫെസ്റ്റിവലില്‍ ഉണ്ടാവും.

ഫെസ്റ്റിവലിനോടനുബന്ധിച്ചൊരുങ്ങുന്ന കലാ സന്ധ്യകളില്‍ കാശ്മീരി റാപ്പ് സംഗീതജ്ഞന്‍ മുഅസ്സം ബട്ട് , ജെ.എന്‍.യു വിദ്യാര്‍ത്ഥിയും റാപ്പ് സംഗീതജ്ഞനുമായ സുമീത് സാമോസ്, വിഖ്യാത സംഗീതജ്ഞന്‍ നാഗൂര്‍ ഹനീഫയുടെ ശിഷ്യരായ നാ ഗൂര്‍ ബോയ്സ് സംഗീതബാന്‍ഡ്,ഗസല്‍ ഖവാലി ഗായകരായ ഇമാം മജ്ബൂര്‍, സമീര്‍ ബിന്‍സി, സൂഫി സംഗീത ബാന്‍ഡ് മെഹഫിലെ സമാ തുടങ്ങിയവര്‍ അണിനിരക്കും.

Related Articles