Current Date

Search
Close this search box.
Search
Close this search box.

ഓസിലിന്റെ ചിത്രം ഉയര്‍ത്തി ജര്‍മനിയുടെ വംശീയതയെ പരിഹസിച്ച് ആരാധകര്‍

ദോഹ: ജര്‍മന്‍ ഫുട്‌ബോള്‍ ടീമിന്റെ വിവേചനത്തിനും വംശീയതക്കുമെതിരെ ഓസിലിന്റെ ചിത്രം ഉയര്‍ത്തി വേറിട്ട പ്രതിഷേധമാണ് കഴിഞ്ഞ ദിവസം അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നിന്നും ഉയര്‍ന്നത്.

ലോകകപ്പ് മത്സരത്തില്‍ എല്‍.ജി.ബി.ടി.ക്യു സമൂഹത്തിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുള്ള ‘വണ്‍ ലൗ’ ആം ബാന്‍ഡ് കൈയില്‍ കെട്ടാന്‍ ഫിഫ സമ്മതം നല്‍കാത്തതിനെതിരെ തങ്ങളുടെ ഒന്നാമത്തെ മത്സരത്തിന് മുന്‍പായി ജര്‍മന്‍ ഫുട്‌ബോള്‍ ടീം വായ പൊത്തിപ്പിടിച്ച് പ്രതിഷേധിച്ചിരുന്നു. മത്സരത്തിനു മുന്നോടിയായി ടീമിന്റെ ഗ്രൂപ്പ് ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴായിരുന്നു ഇത്. എന്നാല്‍ ജര്‍മന്‍ ടീമിന്റെ ഈ നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിന്നാലെ ഉയര്‍ന്നത്. ജര്‍മന്‍ ടീമിന്റെ നടപടി കാപട്യവും ഇരട്ടത്താപ്പുമാണെന്നായിരുന്നു പ്രധാന വിമര്‍ശനം.

ജര്‍മന്‍ ടീമംഗമായ തുര്‍ക്കി വംശജന്‍ മെസ്യൂത് ഓസിലിനെതിരെ രൂക്ഷമായ വംശീയ അധിക്ഷേപങ്ങളാണ് കഴിഞ്ഞ ലോകകപ്പില്‍ ജര്‍മന്‍ ഫുട്‌ബോള്‍ ടീം പുറത്തായതിനു പിന്നാലെ ആരാധകരില്‍ നിന്നും നേരിട്ടിരുന്നത്. മുസ്ലിമായതിന്റെ പേരിലായിരുന്നു ഓസിലിനെതിരായി അധിക്ഷേപങ്ങളെല്ലാം. പിന്നാലെ ആക്ഷേപങ്ങള്‍ സഹിക്കവയ്യാതെ ഓസില്‍ ദേശീയ ടീമില്‍ നിന്നും പടിയിറങ്ങുകയും ചെയ്തു.

ഇതിനെതിരെയായിരുന്നു ഞായറാഴ്ച നടന്ന ജര്‍മനി-സ്‌പെയിന്‍ മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ നിന്നും ഒരു കൂട്ടം ജര്‍മന്‍ ആരാധകര്‍ ഓസിലിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വായ പൊത്തിപ്പിടിച്ച് പ്രതിഷേധിച്ചത്. ഗ്യാലറിയില്‍ നിരവധി ജര്‍മന്‍ ആരാധകരാണ് ഈ പ്രതിഷേധത്തില്‍ പങ്കാളികളായത്. ജര്‍മന്‍ പതാകയും ഓസിലിന്റെ ചിത്രവും പിടിച്ചിള്ള വീഡിയോകളും ഫോട്ടോകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.

Related Articles