Current Date

Search
Close this search box.
Search
Close this search box.

‘ശവരതി പേടിച്ച് ഖബര്‍ താഴിട്ട് പൂട്ടുന്നു’- സംഘ്പരിവാര്‍ കള്ളപ്രചാരണം ഏറ്റുപിടിച്ച് മലയാള മാധ്യമങ്ങളും

കഴിഞ്ഞ ദിവസങ്ങളില്‍ ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാര്‍ സൈബര്‍ പോരാളികളും അവരുടെ മാധ്യമങ്ങളും വ്യാപകമായി പ്രചരിപ്പിച്ച ഒരു വ്യാജ വാര്‍ത്തയായിരുന്നു പാകിസ്താനില്‍ ശവരതി പേടിച്ച് രക്ഷിതാക്കള്‍ പെണ്‍കുട്ടികളുടെ ഖബര്‍ ഗ്രില്‍ വെച്ച് താഴിട്ട് പൂട്ടുന്നു എന്നത്. പാകിസ്ഥാനില്‍ മൃതദേഹങ്ങളെ പോലും വളരെ ക്രൂരമായ രീതിയില്‍ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്നും മറവുചെയ്ത മൃതദേഹങ്ങളെ കുഴിമാടത്തില്‍ നിന്നും പുറത്തെടുത്താണ് ലൈംഗികമായി പീഡിപ്പിക്കുന്നത് എന്നെല്ലാമാണ് പടച്ചുവിട്ടത്.

എന്നാല്‍ ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ അള്‍ട്ട് ന്യൂസ് ആണ് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നത്. ഇന്ത്യയിലെ ഹൈദരാബാദില്‍ നിന്നുള്ള ഖബര്‍ ആണ് ചിത്രത്തിലെന്നും മറ്റുള്ളവര്‍ ഖബറിന് മുകളില്‍ ചവിട്ടാതിരിക്കാനും സ്ഥലപരിമിതി മൂലം ഭാവിയില്‍ ഖബര്‍ പൊളിക്കാതിരിക്കാനും പ്രദേശത്തെ ഒരു വ്യക്തി തന്റെ മാതാവിന്റെ ഖബര്‍ ഇങ്ങനെ ഗ്രില്ലിട്ട് പൂട്ടുകയായിരുന്നു എന്നതാണ് ഇതിന്റെ സത്യാവസ്ഥ.

ദേശീയ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് ആദ്യമായി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. നിരീശ്വരവാദിയായ ഹാരിസ് സുല്‍ത്താന്റെ ട്വീറ്റ് ആയിരുന്നു വാര്‍ത്തക്ക് ആധാരം. പിന്നാലെ ടൈംസ് ഓഫ് ഇന്ത്യ, എന്‍.ഡി.ടി.വി, ഇന്ത്യ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി പ്രിന്റ്, ടൈംസ് നൗ, ഫസ്റ്റ് പോസ്റ്റ്, ന്യൂസ്18, എ.ബി.പി, സീ ന്യൂസ്, ഇന്ത്യ ടി.വി ഉള്‍പ്പെടെ പാകിസ്താനിലേതെന്ന പേരില്‍ ഇതേ വാര്‍ത്ത നല്‍കി.

മലയാളമാധ്യമങ്ങളായ മനോരമ, കേരള കൗമുദി, സൗത്ത് ലൈവ്, ജനം ടി.വി തുടങ്ങിയവരെല്ലാം ഓണ്‍ലൈന്‍ എഡിഷനില്‍ ഈ വാര്‍ത്ത അതേപടി പ്രചരിപ്പിച്ചു. വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും തെറ്റ് സമ്മതിക്കാനോ വാര്‍ത്ത പിന്‍വലിക്കാനോ ഇതുവരെയും ഇവര്‍ തയാറായിട്ടില്ല. മനോരമയും ജനം ടി.വിയും പിന്നീട് വാര്‍ത്ത ഡിലീറ്റ് ചെയ്‌തെങ്കിലും തെറ്റ് പറ്റിയ കാര്യം സമ്മതിക്കുകയോ ശരിയായ വാര്‍ത്ത നല്‍കുകയോ ചെയ്തില്ല.

ഗ്രില്‍ സ്ഥാപിച്ചത് ശവഭോഗം പേടിച്ചല്ല മറിച്ച്, പഴയ ഖബറുകള്‍ക്കടുത്തും, മുകളിലും ആളുകള്‍ പുതിയ ഖബറുകള്‍ അനുവാദമില്ലാതെ ഉണ്ടാക്കുന്നത് തടയുക ആണ് ലക്ഷ്യമെന്നും ഇതിന് മഹല്ല് അധികൃതരുടെ സമ്മതം ഇല്ലെന്നും അള്‍ട്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദ് സ്വദേശിയായ സാമൂഹികപ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീല്‍ മസ്ജിദിലെ ഇമാമുമായി സംസാരിക്കുന്ന വീഡിയോയും ഇതൊടൊപ്പം അവര്‍ പുറത്തുവിട്ടിട്ടുണ്ട്. അള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈര്‍ ഇക്കാര്യം ട്വീറ്റ് ചെയ്തു.

പെണ്‍കുട്ടികളുടെ കല്ലറകളില്‍ പോലും ഇരുമ്പ് ചട്ടക്കൂടിട്ട് പൂട്ടുന്ന തരത്തിലുള്ള ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹമായി പാകിസ്ഥാന്‍ മാറിയെന്നും സാമൂഹിക വ്യവസ്ഥയാണ് ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹമായി പാകിസ്ഥാനെ മാറ്റിയതെന്നും അതിനാലാണ് പലര്‍ക്കും തങ്ങളുടെ പെണ്‍മക്കളുടെ കല്ലറകള്‍ പോലും താഴിട്ട് പൂട്ടേണ്ടി വരുന്നത്. ബലാത്സംഗവും ആളുകളുടെ വസ്ത്രധാരണവും തമ്മിലുള്ള വ്യാകുലതയിലെ കാപട്യമാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും പലയിടങ്ങളിലും സ്ത്രീകളുടെ മൃതശരീരം കുഴിച്ച് എടുത്ത് മറ്റ് പല സ്ഥലങ്ങളിലേക്കും മാറ്റി സംസ്‌കരിക്കേണ്ടി വരുന്ന സ്ഥിതിയുണ്ടെന്നും തുടങ്ങിയ വ്യാപകമായ കള്ളപ്രചാരണങ്ങളാണ് മനോരമയടക്കമുള്ള മലയാള മാധ്യമങ്ങള്‍ എഴുതിച്ചേര്‍ത്തത്.

 

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles