Current Date

Search
Close this search box.
Search
Close this search box.

യുക്രൈന്‍ വിമാനം തകര്‍ന്നതില്‍ ഇറാന് പങ്കെന്ന് യു.എസ്

വാഷിങ്ടണ്‍: ഇറാനിലെ ഇമാം ഖമനി രാജ്യാന്തര വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം 176 പേര്‍ കൊല്ലപ്പെട്ട യുക്രൈയ്ന്‍ വിമാനാപകടത്തിനു പിന്നില്‍ ഇറാന്‍ ആണെന്ന ആരോപണവുമായി യു.എസ് രംഗത്ത്. യു.എസ് യുദ്ധവിമാനമാവാം എന്ന് കരുതി ഇറാന്‍ അബദ്ധത്തില്‍ വെടിവെച്ചിട്ടതാവാമെന്ന് യു.എസ് സൈന്യത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ അബദ്ധത്തില്‍ ആക്രമിച്ചതാവാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതായും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം കാനഡയും ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണം ഇറാന്‍ നിഷേധിച്ചു.

എന്നാല്‍, വിമാനത്താവളത്തിലേക്ക് തിരിച്ചു പറക്കുമ്പോഴാണ് വിമാനം തകര്‍ന്നതെന്നാണ് ഇറാന്‍ അന്വേഷകര്‍ പറയുന്നത്. ഇറാഖിലെ യു.എസ്. സൈനികത്താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തി മണിക്കൂറുകള്‍ക്കകമായിരുന്നു ഈ അപകടവും. അതിനാല്‍ തന്നെ വിവിധ കോണുകളില്‍ നിന്നും ഇറാനെതിരെ സംശയമുയരാന്‍ കാരണമായിട്ടുണ്ട്.

വിമാനം തകര്‍ന്നു വീണതിനെ കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് യുകെയും കാനഡയും ആവശ്യപ്പെട്ടു. 63 കാനഡ പൗരന്മാരാണ് തകര്‍ന്ന യുക്രൈയ്ന്‍ വിമാനത്തില്‍ ഉണ്ടായിരുന്നത്. പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കകമാണ് യുക്രൈയ്ന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737-800 വിമാനം തകര്‍ന്നു വീണത്. തെഹ്‌റാനില്‍ നിന്ന് യുക്രൈന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനം പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നു വീഴുകയായിരുന്നു. പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് ഇറാന്റെ പ്രാഥമികാന്വേഷണത്തിലെ കണ്ടെത്തല്‍. അതേസമയം, വിമാനം തകര്‍ന്നതിന് പിന്നില്‍ മിസൈല്‍ ആക്രമണം, ഡ്രോണ്‍ ആക്രമണം, തീവ്രവാദ ആക്രമണം, സാങ്കേതിക തകരാര്‍ എന്നിവയാണ് യുക്രൈന്‍ അന്വേഷിക്കുന്നത്.

Related Articles