Current Date

Search
Close this search box.
Search
Close this search box.

സുഡാന്‍ പ്രതിസന്ധി: മധ്യസ്ഥ ചര്‍ച്ചക്ക് തുടക്കമിട്ട് എത്യോപ്യ

കാര്‍തൂം: സുഡാനില്‍ സമരക്കാര്‍ക്കു നേരെ കൂട്ടമായ വെടിവെപ്പ് നടത്തിയ സംഭവത്തിനു പിന്നാലെ ക്രമസമാധാന നില വഷളായ സുഡാനില്‍ മധ്യസ്ഥ ശ്രമങ്ങളുമായി എത്യോപ്യ. ഇതിനായി എത്യോപ്യന്‍ പ്രധാനമന്ത്രി അബിയ് അഹ്മദ് സുഡാന്‍ തലസ്ഥാനമായ കാര്‍തൂമില്‍ എത്തി. സൈനിക-പ്രതിപക്ഷ തലവന്മാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. നിലവില്‍ സുഡാനില്‍ ഭരണം കൈയാളുന്ന സൈനിക പരിവര്‍ത്തന കൗണ്‍സിലുമായും അദ്ദേഹം ചര്‍ച്ച നടത്തും.

കഴിഞ്ഞ ഏതാനും മാസങ്ങളായി സുഡാനില്‍ സിവിലിയന്‍ ഭരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങി സമരം ചെയ്യുകയാണ്. പ്രാരംഭം മുതല്‍ തന്നെ പ്രക്ഷോഭകരെ ശക്തമായി അടിച്ചമര്‍ത്തുകയാണ് സൈന്യം. കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയായ കാര്‍തൂമില്‍ സമരം ചെയ്യുന്ന പ്രക്ഷോഭകര്‍ക്കു നേരെ പട്ടാളം കനത്ത വെടിവെപ്പും നടത്തുകയും 12ാളം പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് രാജിവെച്ച ഒമര്‍ അല്‍ബാശിറിന്റെ ഭരണകൂടത്തിന് പകരം സിവിലിയന്‍ ഭരണം നടപ്പിലാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കാര്‍തൂമില്‍ ക്യാംപ് ചെയ്യുന്ന പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ വേണ്ടിയാണ് സൈന്യം വെടിയുതിര്‍ത്തത്.

 

Related Articles