Current Date

Search
Close this search box.
Search
Close this search box.

ഈജിപ്ത്: പ്രതിപക്ഷത്തെ അടിച്ചമര്‍ത്തി മൂന്നാമതും മത്സരിക്കാനൊരുങ്ങി സീസി

കൈറോ: മൂന്നാം തവണയും ഈജിപ്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി അബ്ദുല്‍ ഫതാഹ് അല്‍സീസി. ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സീസി മത്സരിക്കുമെന്ന സൂചനകളാണ് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തുവിട്ടത്.

രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി, റെക്കോര്‍ഡ് പണപ്പെരുപ്പവും കറന്‍സിയുടെ മൂല്യം ഇടിഞ്ഞതുമെല്ലാം അലട്ടുന്നതിനിടെ നടക്കുന്ന തെരഞ്ഞെടുപ്പിലും സീസി തന്നെ എതിരില്ലാതെ വിജയിക്കുമെന്നാണ് പരക്കെയുള്ള കണക്കുകൂട്ടല്‍. തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ സര്‍ക്കാരില്‍ നിന്നും ഭീഷണിയും പീഡനവും അനുഭവിക്കുന്നുവെന്നും പ്രതീപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

‘പുതിയ പ്രസിഡന്‍ഷ്യല്‍ കാലയളവില്‍ തന്റെ സ്വപ്നം പൂര്‍ത്തീകരിക്കാന്‍ എന്നെത്തന്നെ നാമനിര്‍ദ്ദേശം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു,” തിങ്കളാഴ്ച ടെലിവിഷന്‍ പ്രസംഗത്തിനിടെ അല്‍-സിസി പറഞ്ഞു. ആരാണ് യോഗ്യന്‍ എന്ന് തെരഞ്ഞെടുക്കാനുള്ള തങ്ങളുടെ ജനാധിപത്യ ദേശസ്‌നേഹ പ്രക്രിയയില്‍ പങ്കാളികളാകാന്‍ എല്ലാ ഈജിപ്തുകാരോടും ഞാന്‍ ആഹ്വാനം ചെയ്യുകയാണ്’ സീസി പറഞ്ഞു.

ഡിസംബര്‍ 10 മുതല്‍ 12 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഏകദേശം 65 ദശലക്ഷം ഈജിപ്തുകാര്‍ക്കാണ് വോട്ടവകാശമുള്ളത്. വിദേശത്ത് താമസിക്കുന്ന ഈജിപ്തുകാര്‍ക്ക് ഡിസംബര്‍ 1-3 തീയതികളിലും വോട്ട് രേഖപ്പെടുത്താം. നിരവധി രാഷ്ട്രീയ എതിരാളി്കള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വ ശ്രമങ്ങള്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആരും തന്നെ സിസിക്ക് ഗുരുതരമായ വെല്ലുവിളി ഉയര്‍ത്തുകയില്ല.

2013ല്‍ ഈജിപ്തില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുസ്ലീം ബ്രദര്‍ഹുഡിന്റെ മുഹമ്മദ് മുര്‍സി സര്‍ക്കാരിനെ സൈന്യത്തെ ഉപയോഗിച്ച അട്ടിമറിച്ച ശേഷമാണ് സീസി അധികാരത്തിലേറിയത്. തുടര്‍ന്ന് 2014 മുതല്‍ ഇതുവരെയായി ഈജിപ്തില്‍ ഏകാധിപത്യ ഭരണം നടത്തുകയാണ് സീസി. 2014ലും 2018ലും നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പുകളില്‍ 97 ശതമാനം വോട്ടോടെയാമ് സീസിയെ വിജയിയായി പ്രഖ്യാപിക്കപ്പെട്ടത്.

സീസി അധികാരത്തിലേറിയ ശേഷം രാജ്യത്ത് നൂറുകണക്കിന് ആക്ടിവിസ്റ്റുകളും രാഷ്ട്രീയ എതിരാളികളെയും പ്രതിപക്ഷ നേതാക്കളെയും അറസ്റ്റ് ചെയ്യുകയും തടവിലാക്കപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്മേലുള്ള ശക്തമായ അടിച്ചമര്‍ത്തലിനാണ് ഈ കാലയളവില്‍ ഈജിപ്ത് സാക്ഷ്യം വഹിച്ചത്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

പിന്നാലെ മുസ്ലീം ബ്രദര്‍ഹുഡിനെ ഒരു ‘ഭീകര’ സംഘടനയായി രാജ്യത്ത് നിരോധിക്കപ്പെട്ടു. ഈജിപ്തിലെ ഇതിനകെ ശിഥിലമായ രാഷ്ട്രീയ പ്രതിപക്ഷം തെരഞ്ഞെടുപ്പിന് മുമ്പായി സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 25,000 പേരുടെ പൊതു ഒപ്പുകളും പാര്‍ലമെന്റിലെ 20 അംഗങ്ങളുടെ പിന്തുണയോ ആവശ്യമാണ്.

തന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്തുണ രേഖപ്പെടുത്താന്‍ ശ്രമിക്കുന്ന രാജ്യത്തെ പൗരന്മാരെ വിവിധ കാരണങ്ങള്‍ പറഞ്ഞ് തടസ്സപ്പെടുത്തിയതായി
മുന്‍ പാര്‍ലമെന്റ് അംഗവും സിസിയുടെ ഏറ്റവും പ്രധാന എതിരാളിയുമായ അഹമ്മദ് അല്‍-തന്‍ത്വവി പറഞ്ഞിരുന്നു.

Related Articles