Current Date

Search
Close this search box.
Search
Close this search box.

കോവിഡ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ഈജിപ്ത് പുറത്താക്കി

കൈറോ: കോവിഡ് ബാധയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് മാധ്യമപ്രവര്‍ത്തകയോട് രാജ്യം വിടാന്‍ ഈജിപ്ത് നിര്‍ദേശിച്ചു. ‘ദി ഗാര്‍ഡിയന്‍’ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ റൂത് മിഷേല്‍സണിനോടാണ് രാജ്യം വിട്ടുപോകാന്‍ രാജ്യത്തെ വിവര വകുപ്പ് ഏജന്‍സിയും ബ്രിട്ടീഷ് നയതന്ത്രജ്ഞരും ആവശ്യപ്പെട്ടത്.
രാജ്യത്തെ കൊറോണ കേസുകള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ കൂടുതലാണെന്ന് റൂത് തന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജര്‍മന്‍ പൗരയായ റൂത് 2014 മുതല്‍ ഈജിപ്തില്‍ മാധ്യമപ്രവര്‍ത്തകയായി ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞയാഴ്ചയാണ് അവരോട് ഈജിപ്ത് സുരക്ഷ സേവന വിഭാഗവും പശ്ചാത്യന്‍ നയതന്ത്രജ്ഞരും എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകണമെന്ന് ആവശ്യപ്പെട്ടത്. അവരുടെ പ്രസ് അക്രഡിറ്റേഷന്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച ബ്രിട്ടീഷ് ന്യൂസ് ഏജന്‍സികളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് 15ന് മിഷേല്‍സണ്‍ എഴുതിയ ലേഖനത്തിലാണ് മാര്‍ച്ച് ആദ്യവാരത്തില്‍ ഈജിപ്തില്‍ കോവിഡ് കേസുകള്‍ 6,000നും 19,300നും ഇടയിലാണെന്നും റിപ്പോര്‍ട്ട് ചെയ്ത്. എന്നാല്‍ ഈ സമയത്ത് ഈജിപ്ത് ഔദ്യോഗികമായി രാജ്യത്ത് ആകെ മൂന്ന് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

Related Articles