Current Date

Search
Close this search box.
Search
Close this search box.

ഡോ. അബൂബക്കര്‍: വിടവാങ്ങിയത് വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച വ്യക്തിത്വം

കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച സിജി (സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഗൈഡന്‍സ്, ഇന്ത്യ) സ്ഥാപക ഡയറക്ടറും മുംബൈ ഭാഭ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) മുന്‍ രസതന്ത്രജ്ഞനുമായ ഡോ. കെ.എം അബൂബക്കര്‍ വിദ്യാഭ്യാസ-സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച വ്യക്തിത്വമായിരുന്നു. ശാസ്ത്രത്തെയും മാനവികതയെയും ഒരുമിച്ചു ചേര്‍ത്ത വ്യക്തിത്വമായിരുന്നു.

കോളജ് പഠന കാലത്ത് തന്നെ ശാസ്ത്രത്തെയും മാനവികതയെയും ഒരുമിച്ചു ചേര്‍ത്ത് വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. ഫാറൂക് കോളജില്‍ അധ്യാപകനായി സേവനമനുഷ്ടിക്കാന്‍ ആരംഭിച്ചതോടെ തന്നെ കോഴിക്കോട്ടെ വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. ഇവിടെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി അദ്ദേഹം പുവര്‍ ഹോസ്റ്റല്‍ സ്ഥാപിച്ചു.

ഭാഭ അറ്റോമിക് സെന്ററില്‍ നിന്ന് വിരമിച്ച ശേഷം പിന്നീട് സിജിയുടെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയും ഇന്ന് കാണുന്ന രൂപത്തില്‍ സിജിയെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ഡോ. അബൂബക്കര്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. 1996 നവംബര്‍ ഒന്നിന് ഡോ. അബൂബക്കറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ സിജി, ഉപരിപഠന,തൊഴില്‍ മാര്‍ഗനിര്‍ദ്ദേശക രംഗത്ത് രാജ്യത്തിനകത്തും പടര്‍ന്ന് പന്തലിച്ചു. സമൂഹത്തിലെ പിന്നോക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും ആയിരങ്ങള്‍ക്ക് തൊഴിലവസരങ്ങളും തൊഴില്‍,ഉപരിപഠന,മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സിജിയുടെ രണ്ട് പതിറ്റാണ്ടിലേറെകാലത്തെ പ്രവര്‍ത്തനങ്ങള്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

അലീഗഡ് മുസ്ലിം സര്‍വ്വകലാശാല ഫാക്കല്‍റ്റി അംഗം, അല്‍ഫാറൂഖ് എഡ്യുക്കേഷണല്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ ദക്ഷിണമേഖലാ കൗണ്‍സില്‍ ഡയറക്ടര്‍ തുടങ്ങിയ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ മലയാളി അസോസിയേഷന്‍ സ്ഥാപിക്കുന്നതിലും, 1957ലെ കേരളപ്പിറവി ആഘോഷിക്കുന്നതിലും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചു.

1966ല്‍ ബാര്‍ക്ക് ഓഫീസേഴ്‌സ് അസോസിയേഷനും (ബാബാ അറ്റോമിക്ക് റിസേര്‍ച്ച് സെന്റര്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍), ബോംബെയില്‍ ബാര്‍ക്ക് റസിഡന്‍സ് സഹകരണ സംഘവും സ്ഥാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി മുംബൈയില്‍ ആണവശക്തി നഗറില്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ സ്ഥാപിച്ചു. 15 വര്‍ഷം ആറ്റോമിക്ക് എനര്‍ജി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ഓണററി സെക്രട്ടറിയായിരുന്നു.

2003ല്‍ വിശിഷ്ട സേവനത്തിനുള്ള പീവീസ് ദേശീയ പുരസ്‌കാരം, മികച്ച സാമുഹ്യ സേവനത്തിനുള്ള ഇമാം ഹദ്ദാദ് പുരസ്‌കാരം തുടങ്ങിയ വിവിധ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. അലീഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി സിവില്‍ സര്‍വീസ് ഗൈഡന്‍സ് സെന്റര്‍ ഉപദേശകസമിതി, കാലിക്കറ്റ് സര്‍വകലാശാല ഇസ്ലാമിക് ചെയര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നിവയില്‍ അംഗമാണ്.

SCERTയുടെയും വാഴയൂര്‍ സാഫി കോളജിന്റെയും സ്ഥാപകാംഗമായിരുന്നു. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി.എസ്.സി കെമിസ്ട്രിയും അലീഗഡ് മുസ്ലിം സര്‍വ്വകാലാശാലയില്‍ നിന്നും ഒന്നാം റാങ്കോടെ എം.എസ്.സിയും അവിടെനിന്ന് തന്നെ പി.എച്ച്.ഡിയും കരസ്ഥമാക്കിയ ഡോ: കെ.എം അബൂബക്കര്‍ 1959 മുതല്‍ 1989 വരെ ബാബ ആറ്റോമിക്ക് റിസര്‍ച്ച് സെന്ററില്‍ സേവനമനുഷ്ഠിച്ചു. കേരളത്തിലെ മുസ്ലിംകള്‍ക്കിടയില്‍ ആദ്യ കെമിസ്ട്രി ഡോക്ടറേറ്റ് ലഭിക്കുന്ന റെക്കോര്‍ഡും അദ്ദേഹം സ്വന്തമാക്കി. ആറ്റോമിക്ക് എനര്‍ജി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ ഓണററി സെക്രട്ടറി എന്ന നിലയില്‍ 30 സെക്കണ്ടറി/ ഹയര്‍സെക്കണ്ടറി സ്‌കൂളുകള്‍ സ്ഥാപിക്കുന്നതില്‍ നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട്.

വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ നേരിടുന്നതിനിടയില്‍ എറണാകുളം വൈപ്പിനിലെ ഞാറക്കലിലെ വീട്ടില്‍ വിശ്രമിക്കുന്നതിനിടെയും സിജിയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയുണ്ടായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച വൈകീട്ടോടെയായിരുന്നു അന്ത്യം. 1928 ഡിസംബര്‍ 30ന് എറണാകുളം വൈപ്പിന്‍ നായരമ്പലത്ത് കോയാലിപ്പറമ്പില്‍ മൊയ്തു-ബീവാത്തു ദമ്പതികളുടെ മകനായാണ് ജനനം.

ഭാര്യമാര്‍: പരേതയായ ആയിഷ, ഹാജറ. മക്കള്‍: സായ (അബൂദാബി മിലിട്ടറി ആശുപത്രിയില്‍ ബയോടെക്‌നോളജി വിഭാഗം മേധാവി),ഡോ. നാസ് (വാഷിങ്ടണില്‍ ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സീനിയര്‍ ജെറിയാട്രീഷ്യന്‍). ഡോ.ഗുല്‍നാര്‍ (ബാര്‍ക്കില്‍ മെറ്റലര്‍ജി വിഭാഗം സീനിയര്‍ ശാസ്ത്രജ്ഞ)മരുമക്കള്‍: അബ്ദുല്‍ റഹ്മാന്‍ പുളുക്കൂല്‍, ഡോ. ഇജാസ് ഹുസൈന്‍, വി എ അബ്ദുല്‍ കരീം (മുംബൈ). ഖബറടക്കം ബുധനാഴ്ച രാവിലെ 10:30ന് എറണാകുളം എടവനക്കാട് നായരമ്പലം ജുമാമസ്ജിദില്‍ നടന്നു.

Related Articles