Current Date

Search
Close this search box.
Search
Close this search box.

ഭിന്നശേഷി സംവരണം: മുസ്ലിം സംവരണ ക്വാട്ട അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വീസില്‍ നാല് ശതമാനം ഭിന്നശേഷി സംവരണം നടപ്പാക്കാനായി തയ്യാറാക്കിയ നിര്‍ദ്ദേശം നടപ്പിലായാല്‍ മുസ്ലിം സംവരണത്തില്‍ രണ്ട് ശതമാനം നഷ്ടമാകുമെന്നത് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മുസ്ലിം സംവരണ ക്വാട്ടയെ അട്ടിമറിക്കാനുള്ള ഈ നീക്കം ഉപേക്ഷിക്കണമെന്നും നിലവിലെ പട്ടകജാതി-പട്ടിക വര്‍ഗ, പിന്നാക്ക സംവരണീയ സമുദായങ്ങളുടെ സംവരണ ക്വാട്ടയില്‍ കുറവു വരുത്താതെ വേണം പിന്നാക്ക സംവരണം നല്‍കാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇപ്പോള്‍ സംവരണത്തിനായി പി.എസ്.സി കണ്ടെത്തിയ 1, 26, 51, 76 ടേണുകളില്‍ 26 ഉം 76 ഉം ടേണുകള്‍ മുസ്ലിം സമുദായ ക്വാട്ടയാണ്. ഇതിന് പി.എസ്.സിയും സര്‍ക്കാരും അംഗീകാരം നല്‍കരുത്. മറ്റ് പിന്നാക്ക സംവരണ സമുദായങ്ങളുടെ ടേണുകളും അതിനായി മാറ്റരുത്. പിന്നാക്ക സമുദായങ്ങള്‍ക്കൊന്നും ജനസംഖ്യാനുപാതിക പ്രാതിനിധ്യം സര്‍ക്കാര്‍ സര്‍വ്വീസിലില്ല എന്നിരിക്കെ അവരുടെ ക്വാട്ട എടുക്കുന്നത് തികഞ്ഞ അനീതിയാണ്. ഇതനുവദിക്കാനാവില്ല.

സര്‍വ്വീസില്‍ ജനസംഖ്യയെക്കാള്‍ പ്രാതിനിധ്യമുള്ള മുന്നാക്ക വിഭാഗങ്ങള്‍ക്കായി മാത്രം നല്‍കുന്ന ഇ.ഡബ്യൂ.എസ് എന്ന പേരിലെ സവര്‍ണ സംവരണ ക്വാട്ടയില്‍ നിന്നോ പൊതു ക്വാട്ടയില്‍ നിന്നോ ആണ് ഭിന്ന ശേഷിക്കാര്‍ക്ക് സംവരണം നല്‍കാന്‍ എടുക്കേണ്ടത്. സര്‍ക്കാര്‍ സര്‍വ്വീസിലെ സാമൂഹ്യ നീതി അട്ടിമറി നടത്തുന്ന 20 റൊട്ടേഷന്‍ സമ്പ്രദായം പരിഷ്‌കരിക്കണമെന്ന ആവശ്യത്തെ മുഖവിലക്കെടുക്കാന്‍ സര്‍ക്കാരോ പി.എസ്.സിയോ തയ്യാറാവാത്തത് മെറിറ്റില്‍ അട്ടിമറി നടത്തി സംവരണ സമുദായങ്ങളുടെ ഉദ്യോഗ പങ്കാളിത്തം കുറയ്ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ മുസ്ലിം സംവരണത്തില്‍ കൈവെയ്ക്കാന്‍ തുനിയുന്നത്. ഇതില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധങ്ങള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

 

Related Articles