Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥികളുടെ സംഗമം നടത്തി

ന്യൂഡല്‍ഹി: ഡല്‍ഹി മലയാളി ഹല്‍ഖയും സൊസൈറ്റി ഫോര്‍ സ്റ്റുഡന്റസ് വെല്‍ഫെയറും സംയുക്തമായി ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളിലെയും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലെയും മലയാളി വിദ്യാര്‍ഥികളുടെ സംഗമം സംഘടിപ്പിച്ചു. ഓഖ്ലയിലെ ജമാഅത്തെ ഇസ്ലാമി കേന്ദ്ര ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ കേന്ദ്ര വാര്‍ത്താ വിനിമയ – പ്രക്ഷേപണ മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടറും 2018ലെ സിവില്‍ സര്‍വീസ് റാങ്ക് ജേതാവുമായ ഷാഹിദ് തിരുവള്ളൂര്‍ IIS മുഖ്യാതിഥിയായിരുന്നു.

‘സമകാലിക ഇന്ത്യന്‍ രാഷ്ട്രീയം’ എന്ന വിഷയത്തില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എ. റഷീദുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ‘ദേശീയ വിദ്യാഭ്യാസ നയവും ഇന്ത്യയിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങളും’ എന്ന തലക്കെട്ടില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ എസ്.ഐ.ഒ. ദേശീയ സെക്രട്ടറി ശബീര്‍ കൊടുവള്ളി, ശാക്കിര്‍ ഹുദവി, സിദ്‌റ അലി എന്നിവര്‍ വിഷയാവതരണം നടത്തി.

വിവിധ സെഷനുകളിലായി ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി, വനിതാ വിഭാഗം കോ-സെക്രട്ടറി എ. റഹ്മത്തുന്നിസ, കേരളാ ഘടകം ജനറല്‍ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. പിഎച്ച്.ഡി. ബിരുദം നേടിയവരെയും വിവിധ അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധാവതരണം നടത്തിയവരെയും പരിപാടിയില്‍ ആദരിച്ചു. ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡന്റ് ഡോ. വി.എം. ഹബീബുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജസീല്‍ അബ്ദുല്‍ വാഹിദ് സ്വാഗതവും ‘വിദ്യാര്‍ഥി സംഗമം 2019’ ജനറല്‍ കണ്‍വീനര്‍ റമീസ് വേളം നന്ദിയും പറഞ്ഞു. നഫീസ തനൂജ, അജ്മല്‍ കുന്നക്കാവ്, ഡോ. ഷിറാസ് പൂവച്ചല്‍, സൈനബ് അമല്‍, ഡോ. ഷര്‍നാസ് മുത്തു, അനീസ് റഹ്മാന്‍, അബ്ദുല്ല കോട്ടപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles