ഡല്‍ഹി: നിരന്തരം വിദ്വേഷ വീഡിയോകളും വാര്‍ത്തകളും സംപ്രേക്ഷണം ചെയ്യുന്ന ‘മറുനാടന്‍ മലയാളി’ ചാനലിനെതിരെ ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വ്യവസായി എം.എ യൂസുഫലി നല്‍കിയ ഹരജി പരിശോധിക്കവെയാണ് കോടതി അപകീര്‍ത്തിപരമായ ഉള്ളടക്കമുള്ള വീഡിയോകള്‍ ഉടന്‍ നീക്കിയില്ലെങ്കില്‍ ചാനല്‍ പൂട്ടാന്‍ ഉത്തരവിട്ടത്.
24 മണിക്കൂര്‍ സമയമാണ് കോടതി ഇതിനായി അനുവദിച്ചിട്ടുള്ളത്. യൂട്യൂബിനാണ് ഹൈക്കോടതി ചാനല്‍ പൂട്ടാന്‍ നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ചന്ദ്രധാരി സിങ്ങാണ് ഉത്തരവിട്ടത്. ഡല്‍ഹി ഹൈക്കോടതിക്ക് യൂസുഫലിയുടെ ഹരജി പരിഗണിക്കാന്‍ നിയമപരമായ അവകാശമില്ലെന്ന ഷാജന്റെ വാദത്തെ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്.
മറുനാടന്റെ ഉടമസ്ഥന്‍ ഷാജന്‍ സകറിയക്കെതിരെ ലുലു ഗ്രൂപ്പ് ഉടമ എം.എ യൂസുഫലിയാണ് അപകീര്‍ത്തി കേസ് നല്‍കിയത്. യൂസുഫലിക്കും ലുലു ഗ്രൂപ്പിനും എതിരെ നിരന്തരം വിദ്വേഷ, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ വാര്‍ത്തകളും വീഡിയോകളും ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ഇതിനെതിരെയാണ് യൂസുഫലി പരാതിയുമായി രംഗത്തെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 100 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കോടതി ഉത്തരവ് പാലിക്കാന്‍ മറുനാടന്‍ തയാറായില്ലെങ്കില്‍ 24 മണിക്കൂറിനകം ചാനല്‍ സസ്‌പെന്‍ഡ് ചെയ്യുകയും വീഡിയോകളും വാര്‍ത്തകളും നീക്കം ചെയ്യണമെന്നുമാണ് ഡല്‍ഹി ഹൈക്കോടതി യൂട്യൂബിനും ഗൂഗിളിനും നിര്‍ദേശം നല്‍കിയത്. യൂസുഫലിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും മുന്‍ അറ്റോര്‍ണി ജനറലുമായ മുകുള്‍ റോഹ്തഗിയാണ് ഹാജരായത്.
📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ 👉🏻: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL