Current Date

Search
Close this search box.
Search
Close this search box.

നൂഹ് സംഘര്‍ഷം: ഡല്‍ഹി ഹരിയാന ഭവനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥി നേതാക്കളടക്കം 50 പേര്‍ അറസ്റ്റില്‍

ഡല്‍ഹി: നൂഹില്‍ മുസ്ലിംകള ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയ ബുള്‍ഡോസര്‍ രാജില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലെ ഹരിയാന ഭവനിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ത്ഥി നേതാക്കളടക്കം 50ഓളം പേരെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു മാര്‍ച്ച്.

വിവിധ മനുഷ്യാവകാശ സംഘടനകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, കര്‍ഷക സംഘടനകള്‍ എന്നിവയുള്‍പ്പെടെ 22 സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് ന്യൂഡല്‍ഹിയിലെ ഹരിയാന ഭവന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചത്. അറസ്റ്റിലായവരെ മന്ദിര് മാര്‍ഗ് പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ വൈസ് പ്രസിഡന്റ് നുജൈം പികെ പറഞ്ഞു.

‘ഡൗണ്‍ ഡൗണ്‍ ഇസ്ലാമോഫോബിയ’, ‘മോനു മനേസറിനെ അറസ്റ്റ് ചെയ്യുക’, ‘നൂഹിലെ മുസ്ലീങ്ങളുടെ വീടുകള്‍ തകര്‍ക്കുന്നത് അവസാനിപ്പിക്കുക’ തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്ത് നൂറുകണക്കിന് പേരാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. മാര്‍ച്ച് ഹരിയാന ഭവന് പുറത്ത് പൊലിസ് തടഞ്ഞെന്നും ഇവിടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളെ അകാരണമായി മര്‍ദിച്ചതായും വനിതാ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടു. വിദ്യാര്‍ഥികളെ പ്രകോപനമില്ലാതെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും അവര്‍ പറഞ്ഞു.

പൊലിസ് കസ്റ്റഡിയിലെടുത്തവരില്‍ ഫ്രറ്റേണിറ്റി മൂവ്മെന്റ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ലുബൈബ് ബഷീര്‍, മേവാത്ത് സ്വദേശിയും ഫ്രറ്റേണിറ്റി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഷാരൂഖ്, ഫ്രറ്റേണിറ്റി മേവാത്ത് യൂണിറ്റ് സെക്രട്ടറി ആബിദ് ഹുസൈന്‍, ഫ്രറ്റേണിറ്റി ഡല്‍ഹി യൂണിവേഴ്‌സിറ്റി വൈസ് പ്രസിഡന്റ് നഹല എന്നിവരും ഉള്‍പ്പെടുന്നു.

Related Articles