Current Date

Search
Close this search box.
Search
Close this search box.

ദലിത് യുവാവിനോട് മറ്റുള്ളവരുടെ മുന്നില്‍ സാഷ്ടാംഗം ചെയ്യാന്‍ നിര്‍ബന്ധിച്ചു; 36 പേര്‍ അറസ്റ്റില്‍

ചെന്നൈ: ദലിത് യുവാവിനെ മറ്റു ജാതിക്കാരായ ആളുകളുടെ മുന്നില്‍ വെച്ച് സാഷ്ടാംഗം ചെയ്യാന്‍ നിര്‍ബന്ധിച്ചതിന് 36 പേരെ അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പൊലിസ്. ആദി ദ്രാവിഡ സമുദായത്തിന് മുന്നില്‍ സാഷ്ടാഗം ചെയ്യാനാണ് ആവശ്യപ്പെട്ടത്.

തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ വാളറകുറിശ്ശി ഗ്രാമത്തിലാണ് സംഭവം. അന്‍ബരശന്‍ എന്നയാളുടെ മകളുടെ ഋതുമതി ചടങ്ങ് ആഘോഷിക്കാന്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി പ്രതികള്‍ താമസിക്കുന്ന തെരുവിലൂടെ ഇവരുടെ പടക്കം പൊട്ടിച്ചുകൊണ്ടുള്ള ഘോഷയാത്ര കടന്നുപോയിരുന്നു. അടുത്ത ദിവസം പ്രതികള്‍ അന്‍ബരശനെ തടയുകയും പടക്കം പൊട്ടിച്ചതിന് അധിക്ഷേപിക്കുകയും അതിന് താന്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പിന്നീട് ഇതേ പ്രദേശത്തിന് സമീപം സിഗരറ്റ് വാങ്ങാന്‍ പോയ അന്‍ബരശന്റെ സഹോദരന്‍ തിരുനാവുക്കരശുവിനെയും പ്രതികള്‍ അധിക്ഷേപിച്ചു. ഈ സംഭവത്തെ തുടര്‍ന്ന് പോലീസ് ഇടപെട്ട് ഇരുവിഭാഗത്തെയും ചര്‍ച്ചയ്ക്ക് വിളിച്ചതായും പൊലിസ് എഫ്ഐആറില്‍ പറയുന്നു.

ഇരകള്‍ തമിഴ്നാട്ടിലെ ഏറ്റവും പിന്നോക്ക വിഭാഗത്തിന്റെ ഭാഗമായ ഒരു സമുദായത്തില്‍ പെട്ടവരാണ്. അടുത്ത ദിവസം, തങ്ങളുടെ കാലില്‍ വീഴാനും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കാനും പ്രതികള്‍ തിരുനാവുക്കരശുവിനോട് പറഞ്ഞതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. പോലീസ് സ്റ്റേഷനില്‍ പോകുന്നതിന് മുമ്പ് ഇരുസമുദായങ്ങളിലെയും നേതാക്കളുടെ യോഗത്തിനിടെയാണ് തന്നോട് അങ്ങനെ ചെയ്യാന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Related Articles