Current Date

Search
Close this search box.
Search
Close this search box.

രോഗികള്‍ക്കെതിരായ വിദ്വേഷ പ്രചാരണം തടയണം: സോളിഡാരിറ്റി

കോഴിക്കോട്: കോവിഡ്-19 വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാസര്‍ക്കോട്ടെ പ്രവാസികള്‍ക്കെതിരെയും ഇടുക്കിയിലെ പൊതുപ്രവര്‍ത്തകനെതിരെയും നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ അടിയന്തര നടപടിയുണ്ടാകണമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള. കാസര്‍ക്കോട്ടെ പ്രവാസികളുടെ പേരില്‍ എല്ലാ പ്രവാസികള്‍ക്കെതിരെയും ചില തല്‍പരകക്ഷികള്‍ വംശീയമായ വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്.

രാജ്യവും സംസ്ഥാനവും സമ്പൂര്‍ണ്ണ ലോക്ഡൗണിന് തീരുമാനിക്കുന്നതിന് മുമ്പും രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പുമാണ് പലരും പുറത്തിറങ്ങി നടന്നത്. പൊതുപരീക്ഷകള്‍ നടത്താനും ബീവറേജുകളും ബാറുകളും പ്രവര്‍ത്തിക്കാനും അവസരം നല്‍കിയിരുന്ന ഘട്ടവുമായിരുന്നു അത്. ഇടുക്കിയിലെ പൊതുപ്രവര്‍ത്തകന്‍ വിദേശത്തു നിന്ന് വന്നതോ നിരീക്ഷണത്തിലുള്ള വ്യക്തിയോ ആയിരുന്നില്ല. എന്നിട്ടും അദ്ദേഹത്തെ വേട്ടയാടാന്‍ സഹായിക്കുന്ന സംശയമുണ്ടാക്കുന്ന വാക്കുകളാണ് മുഖ്യമന്ത്രി തന്നെ പ്രയോഗിക്കുന്നത്.

രോഗികള്‍ക്കെതിരായ ഇത്തരം പ്രചാരണങ്ങള്‍ ഗൗരവമുള്ളതാണ്. ഇത് തടയാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും നഹാസ് മാള ആവശ്യപ്പെട്ടു.
രോഗത്തിന്റെ സാമൂഹിക വ്യാപനത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി എല്ലാവരും സൂക്ഷ്മത പാലിക്കുകയും അധികാരികളോട് സഹകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles