Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതികളുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍

കോഴിക്കോട്: കോവിഡ് ബാധിച്ച് മരണമടഞ്ഞ നിര്‍ധനരായ ഗള്‍ഫ് പ്രവാസി കുടുംബങ്ങള്‍ക്ക് പുനരധിവാസ പദ്ധതികളുമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍. നിര്‍ധനരായ പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് വീട്, മരണമടഞ്ഞ പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അര്‍ഹരായ കുടുംബാംഗങ്ങളില്‍ ഒരാള്‍ക്ക് സ്വയം തൊഴില്‍ പദ്ധതി, ഭൂരഹിതരായ പ്രവാസി കുടുംബങ്ങള്‍ക്ക് ഭൂമി എന്നിവ ഉള്‍ക്കൊള്ളുന്നതാണ് പുനരധിവാസ പദ്ധതികള്‍.

പണി പൂര്‍ത്തിയാകാത്ത വീടുകള്‍ പൂര്‍ത്തിയാക്കാനും പുതിയ വീടുകള്‍ നിര്‍മിക്കാനും സഹായം നല്‍കും. വീടുവെക്കാന്‍ സ്വന്തമായി സ്ഥലമില്ലാത്ത കുടുംബങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്റെ കൈവശം വിവിധ ജില്ലകളിലുള്ള സ്ഥലം അവര്‍ക്ക് സൗകര്യപ്രദമാണെങ്കില്‍ നല്‍കും. കേരളത്തിന്റെ സമഗ്ര വികസന മേഖലയില്‍ നിര്‍ണ്ണായകമായ പങ്കാണ് പ്രവാസികള്‍ വഹിക്കുന്നത്. പീപ്പിള്‍സ് ഫൗണ്ടേഷന്റെ ജനസേവന പദ്ധതികളിലെലാം പ്രവാസികളുടെ അധ്വാനത്തിന്റെ പങ്ക് അവഗണിക്കാന്‍ പറ്റാത്തതാണ്. മറ്റ് സന്നദ്ധ സംഘടനകളും പ്രവാസികള്‍ക്കായി പദ്ധതികളുമായി മുന്നോട്ട് വരണമെന്നാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ ആഗ്രഹിക്കുന്നത്.

മാര്‍ച്ച് ആദ്യ വാരം മുതല്‍ തന്നെ കോവിഡ് 19 പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പീപ്പിള്‍സ് ഫൗണ്ടേഷന്‍ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.’കോവിഡ് 19 കരുതലോടെ ഒരുമിച്ച് ജാഗ്രത പുലര്‍ത്താം’ എന്ന തലക്കെട്ടില്‍ ഓണ്‍ലൈന്‍ ബോധവല്‍ക്കരണം നടത്തിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. കുടുംബ നാഥന്മാര്‍ വീടുകളിലും മറ്റും രോഗസംശയത്താല്‍ നിരീക്ഷണത്തില്‍ കഴിയുന്ന നിത്യജീവിതത്തിന് പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ എത്തിച്ചു നല്‍കാന്‍ എല്ലാ ജില്ലകളിലും, ഏരിയ തലങ്ങളിലും ലോക്ക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ പീപ്പിള്‍സ് ഫൗണ്ടേഷന്‍ സൗകര്യമൊരുക്കി.

18440 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റുകള്‍ , 17981 പേര്‍ക്ക് ഭക്ഷണ പൊതികള്‍ , 28176 മാസ്‌ക്കുകള്‍, 1757 നിത്യരോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എന്നിവ ലോക്ക് ഡൗണ്‍ കാലത്ത് പീപ്പിള്‍സ് ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. പുറമെ ഹെല്‍ത്ത് സെന്ററുകള്‍ – പഞ്ചായത്ത് ബില്‍ഡിങ് സാനിറ്റൈസ് ചെയ്യല്‍, ഇമ്മ്യൂണിറ്റി മെഡിസിന്‍ വിതരണം, ഓണ്‌ലൈന്‍ കൗണ്‍സിലിംഗ്, ക്യാമ്പ് അംഗങ്ങള്‍ക്ക് വസ്ത്ര വിതരണം, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ മലയാളികള്‍ക്ക് യാത്രാ സൗകര്യമൊരുക്കല്‍, കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷണ സാധനങ്ങള്‍, അതിഥി തൊഴിലാളികള്‍ക്കായി ഹെല്‍പ്പ്‌ഡെസ്‌ക് സേവനങ്ങള്‍ എന്നീ സേവനങ്ങളും നിര്‍വഹിച്ചു വരുന്നു. കോവിഡ് 19 പ്രതിരോധ- പ്രവര്‍ത്തന രംഗത്തുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പ്രത്യേകം തയ്യാറാക്കിയ 400 പി.പി.ഇ കിറ്റുകളും കാസര്‍കോട്, കോഴിക്കോട്, മഞ്ചേരി, കളമശ്ശേരി തുടങ്ങി നാല് മെഡിക്കല്‍ കോളേജുകള്‍ക്ക് കൈമാറി.

Related Articles