Current Date

Search
Close this search box.
Search
Close this search box.

ബജ്‌റംഗ്ദളിനെ നിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന കാര്യത്തിര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വത്തിനിടയില്‍ ഭിന്നത. ഹിന്ദുത്വ ഗ്രൂപ്പിനെതിരെ ഉറച്ചതും നിര്‍ണായകവുമായ നടപടിയെടുക്കുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതിന് പിന്നാലെ കര്‍ണാടകയില്‍ ബജ്റംഗ്ദളിനെ നിരോധിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബുധനാഴ്ച ഭിന്നാഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്.

ചൊവ്വാഴ്ച പുറത്തിറക്കിയ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ ബജ്റംഗ് ദള്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, അല്ലെങ്കില്‍ ശത്രുതയോ വിദ്വേഷമോ പ്രോത്സാഹിപ്പിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഭരണഘടന ലംഘിക്കാന്‍ കഴിയില്ലെന്നും അത്തരത്തിലുള്ള ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നതുള്‍പ്പെടെ നിയമപ്രകാരം ഞങ്ങള്‍ നിര്‍ണായക നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.

പ്രഖ്യാപനം വിവാദമായപ്പോള്‍, സംഘടനകളെ നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലി രംഗത്തെത്തി. ബജ്റംഗ്ദള്‍ നിയമാനുസൃതമായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ നിരോധനത്തെ ഭയക്കേണ്ടതില്ലെന്നും മൊയ്ലി പറഞ്ഞു. പരാതി നല്‍കിയില്ലെങ്കില്‍ പോലും വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്ന സുപ്രീം കോടതിയുടെ നിര്‍ദ്ദേശങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലെ നിര്‍ദ്ദേശം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, മൊയ്ലി പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി, വിദ്വേഷ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുകയും സമൂഹത്തില്‍ അസന്തുഷ്ടി സൃഷ്ടിക്കുകയും ചെയ്യുന്ന സംഘടനകളെയും പാര്‍ട്ടികളെയും നിരോധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ പറഞ്ഞു.
ബജ്റംഗ്ദള്‍ എപ്പോഴും വിദ്വേഷ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ നടപടിയെടുക്കുമെന്ന് പറഞ്ഞത്. അവര്‍ വിദ്വേഷ രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍, ഞങ്ങള്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബജ്റംഗ്ദളിന്റെയും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും പേരുകള്‍ പാര്‍ട്ടി ബോധപൂര്‍വം പരാമര്‍ശിച്ചത് അതിന്റെ ഉദ്ദേശ്യം വ്യക്തമാക്കാന്‍ വേണ്ടിയാണെന്ന് കോണ്‍ഗ്രസ് പ്രകടന പത്രിക കമ്മിറ്റി വൈസ് പ്രസിഡന്റ് മധു ബംഗാരപ്പ പറഞ്ഞു.

അതേസമയം, ഒരു സംഘടനയെ നിരോധിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അധികാരത്തിന് കീഴിലാണെന്ന മൊയ്ലിയുടെ വീക്ഷണം മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ഷെട്ടാരും വെള്ളിയാഴ്ച ആവര്‍ത്തിച്ചു. ബജ്‌റംഗ്ദളിനെ നിരോധിക്കുന്ന പ്രശ്‌നമില്ലെന്ന് വീരപ്പ മൊയ്ലിയും വ്യക്തമാക്കി. ബജ്റംഗ്ദളിനെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പരാമര്‍ശങ്ങളെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി രംഗത്തെത്തിയിരുന്നു. ബജ്റംഗ് ബലി എന്നറിയപ്പെടുന്ന ഹനുമാനെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ ആരോപിച്ചു.

Related Articles