Current Date

Search
Close this search box.
Search
Close this search box.

രാജ്യത്തുടനീളം പ്രതിഷേധം രൂക്ഷം; വ്യാപക അറസ്റ്റ്, നിരോധനാജ്ഞ-VEDIO

ന്യൂഡല്‍ഹി: പൗരത്വ ബില്ലില്‍ പ്രതിഷേധിച്ച് രാജ്യത്തുടനീളം പ്രതിഷേധം ശക്തമാകുന്നു. നിരവധി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെയും വിദ്യാര്‍ത്ഥി നേതാക്കളെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പൊലിസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയിലടക്കം സംസ്ഥാനങ്ങളിലും നഗരങ്ങളിലെയും വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി. വിവിധ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. അടിയന്തരാവസ്ഥക്ക് സമാനമായ നീക്കമാണ് രാജ്യതലസ്ഥാനത്തും മറ്റും അരങ്ങേറുന്നത്. ബില്ലിനെതിരെയുള്ള സമരത്തെ ശക്തമായി അടിച്ചമര്‍ത്താന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം എന്നാണ് ഇന്നത്തെ നടപടികള്‍ തെളിയിക്കുന്നത്.

വിവിധയിടങ്ങളിലായി നിരോധനാജ്ഞ ലംഘിച്ച് മാര്‍ച്ച് നടത്താനെത്തിയ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, നീലോല്‍പ്പല്‍ ബസു, രാമചന്ദ്രഗുഹ,ഡി രാജ, യോഗേന്ദ്ര യാദവ്, സന്ദീപ് ദീക്ഷിത്, ഉമര്‍ ഖാലിദ്, നദീം ഖാന്‍, ധരംവീര്‍ ഗാന്ധി ജമാഅത്തെ ഇസ്ലാമി തെലങ്കാന അധ്യക്ഷന്‍ മുഹമ്മദ് ഹാമിദ് ഖാന്‍, എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി ഡോ.തസ്ലിം റഹ്മാനി,തുടങ്ങിയവരെ പോലിസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലെ ചെങ്കോട്ടയിലും ജന്ദര്‍മന്ദറിലുമാണ് പ്രക്ഷോഭം നടത്താനുള്ള നീക്കമാണ് ഡല്‍ഹി പൊലിസ് തടഞ്ഞത്. ഡല്‍ഹിയിലെ മിക്ക മെട്രോ സ്റ്റേഷനുകളും അടച്ചു. ഉത്തര്‍ പ്രദേശില്‍ പക്ഷോഭകര്‍ ബസ്സുകള്‍ കത്തിച്ചു. ലക്നോ ഉള്‍പ്പെടെയുള്ള നഗരങ്ങളിലാണ് പ്രക്ഷോഭകര്‍ ബസ്സുകള്‍ കത്തിച്ചത്.

ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളുടെ പ്രതിഷേധം പൊലീസ് തടഞ്ഞു. വിദ്യാര്‍ഥികള്‍ കയറിയ ബസ് ഉള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു. ചെങ്കോട്ട മാര്‍ച്ചിനെത്തിയ ജാമിഅ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.

പോലിസിന്റെ നിരോധനാജ്ഞ ലംഘിച്ചും ആയിരക്കണക്കിന് ആളുകളാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കാനെത്തിയത്. പ്രതിഷേധം ശക്തമാകുന്നത് കണക്കിലെടുത്ത് ഡല്‍ഹിയിലേക്കുള്ള അതിര്‍ത്തി റോഡുകള്‍ പൊലീസ് അടച്ചിരിക്കുകയാണ്.

കൊല്‍ക്കത്ത,തമിഴ്‌നാട്,തെലങ്കാന,കേരളം എന്നീ സംസ്ഥാനങ്ങളിലും ജാമിഅ വിഷയത്തിലും സി.എ.ബിക്കെതിരെയും പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടത്താന്‍ പോലും അനുവദിക്കാതെ സമരക്കാരെയും പങ്കെടുക്കാനെത്തിയവരെയും തല്ലിച്ചതച്ചും അറസ്റ്റു ചെയ്തുമാണ് പൊലിസ് നേരിടുന്നത്.

 

 

Related Articles