Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ക്രൈസ്തവ നേതാവ്

കോഴിക്കോട്: കേരളത്തില്‍ സംഘ്പരിവാര്‍ സംഘടനകളും ചില രാഷ്ട്രീയ പാര്‍ട്ടികളും പ്രചരിപ്പിക്കുന്ന ലൗ ജിഹാദ് ആരോപണങ്ങളുടെ പിന്നില്‍ രാഷ്ട്രീയം മാത്രമാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്.

കേരളത്തില്‍ ലവ് ജിഹാദ് ഉയര്‍ത്തിക്കൊണ്ടു വരുന്നതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും രാഷ്ട്രീയ താതപര്യത്തിന് അനുസരിച്ച് ഒരു സംജ്ഞയുണ്ടാക്കുകയും അതിന്റെ ലേബലില്‍ കുറെ രാഷ്ട്രീയമോ സാമുദായികമോ ആയ നേട്ടങ്ങളുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തിന് യോജിച്ച കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ലൗ ജിഹാദുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.

വ്യത്യസ്ത അന്തരീക്ഷത്തില്‍ ജീവിക്കുന്ന ആളുകള്‍ക്ക് പരസ്പരം കാണാനും ഇഷ്ടപ്പെടാനും ഉള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ ധാരാളം ഉണ്ടെന്നും അവര്‍ അന്യോന്യം കണ്ട് ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കട്ടെ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ലവ് ജിഹാദ് വിഷയത്തെ രണ്ട് തലത്തില്‍ കാണേണ്ടതുണ്ട്. ഒന്നാമതായി ഇതൊരു സാമൂഹിക വിഷയമാണ്. രണ്ടാമതായി രാഷ്ട്രീയമാണ്. സാമൂഹ്യ വിഷയത്തില്‍, നമ്മള്‍ ഒരു പേരുണ്ടാക്കുന്നു. പിന്നീട് നടക്കുന്ന എല്ലാറ്റിനെയും ആ പേരിനുള്ളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നു. ഇതൊരു സാമൂഹിക പ്രതിഭാസമാണ്. വാസ്തവത്തില്‍ അപ്രസക്തമായ ഒരു വിഷയമായാണ് ഞാന്‍ ഇതിനെ മനസ്സിലാകുന്നത്. മാറിയ ലോകത്ത് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ധാരാളം പരിചയപ്പെടാനും ഇടപെടാനും സാധ്യതയുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആ ഒരു സാഹചര്യത്തില്‍ അവര്‍ കാണുകയും ഇഷ്ടപ്പെടുകയും വിവാഹിതരാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് സ്വാഭാവികമാണ്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും അന്യോന്യം കാണട്ടെ. അവര്‍ക്കിഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാന്‍ തീരുമാനിക്കട്ടെ. അത് ഏതെങ്കിലും ഒരു മതത്തില്‍ ചേരണമെന്ന് രണ്ടു കൂട്ടര്‍ക്കും തോന്നിയാല്‍ അങ്ങനെ ചെയ്യട്ടെ. അല്ല, ധാരാളം മനുഷ്യര്‍ മതമില്ലാതെ ജീവിക്കുന്നവരുണ്ട്. വേണമെങ്കില്‍ അവര്‍ അങ്ങനെ ജീവിക്കട്ടെ.

‘എന്നാല്‍ കേരളത്തിലെ മത സാമൂഹിക പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സാഹചര്യമുണ്ട്. ഏതെങ്കിലും ഒരു കുടുംബത്തില്‍ ആകുക എന്നുള്ളത് മാതാപിതാക്കളുടെ, സഹോദരങ്ങളുടെ എല്ലാം തുണ കിട്ടാന്‍ ആവശ്യമായ ഒരു കാര്യമാണ്. ചിലയിടങ്ങളില്‍ അതു വേണ്ടാന്ന് വയ്ക്കും. ചിലര്‍ അതു വേണമെന്ന് നിര്‍ബന്ധം പിടിച്ചാല്‍ ഒന്നുകില്‍ പെണ്‍കുട്ടി പുരുഷന്റെ മതത്തിലേക്ക് മാറുകയോ അല്ലെങ്കില്‍ പുരുഷന്‍ പെണ്‍കുട്ടിയുടെ മതത്തിലേക്ക് മാറുകയോ ചെയ്യും. ഇതിനെ ഒരു കാരണവശാലും ലവ് ജിഹാദ് എന്ന പൊതു സംജ്ഞയ്ക്ക് അകത്ത് കൊണ്ടുവരാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല’ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

Related Articles