Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യനില വഷളായി: ചന്ദ്രശേഖര്‍ ആസാദിനെ ആശുപത്രിയിലേക്ക് മാറ്റി

ലഖ്‌നൗ: പൗരത്വ നിയമത്തെ എതിര്‍ത്ത് പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയതിനെത്തുടര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

ഡിസംബര്‍ 21നാണ് ദില്ലി ജുമാ മസ്ജിദില്‍ നടന്ന പ്രതിഷേധത്തിനിടെ ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ജാമ്യം നിഷേധിച്ച കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഇതിനു പിന്നാലെ തന്നെ അദ്ദേഹത്തിന് വിവിധ അസുഖങ്ങള്‍ മൂലം ആരോഗ്യനില മോശമായിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേര്‍ അദ്ദേഹത്തിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ ആവശ്യം നിരസിക്കുകയായിരുന്നു.

ഇന്ന് വൈകീട്ടോടെയാണ് ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മെഡിക്കല്‍ പരിശോധനക്കായി അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ആസാദിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന ആസാദിന് രണ്ടാഴ്ച്ചയിലൊരിക്കല്‍ രക്തം മാറ്റേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ ഡോക്ടര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. രക്തം മാറ്റിവെക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പക്ഷാഘാതമോ ഹൃദയാഘാതമോ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ എയിംസിലേക്ക് മാറ്റണമെന്ന് പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.

Related Articles