Current Date

Search
Close this search box.
Search
Close this search box.

ന്യൂനപക്ഷങ്ങള്‍ക്കുള്ള മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രം; വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങ സമൂഹത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങളായി നല്‍കിവരുന്ന മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കി കേന്ദ്രസര്‍ക്കാര്‍. വ്യാഴാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കുന്നതായി പ്രഖ്യാപിച്ചത്.

ഫെലോഷിപ്പ് മറ്റ് പദ്ധതികളുമായി ഓവര്‍ലാപ്പ് ചെയ്തതിനാലാണ് ഈ തീരുമാനമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 2009ലാണ് മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് ആരംഭിച്ചത്. ബുദ്ധമതക്കാര്‍, ക്രിസ്ത്യാനികള്‍, ജൈനമതക്കാര്‍, മുസ്ലീങ്ങള്‍, പാഴ്‌സികള്‍, സിഖുകാര്‍ എന്നീ ആറ് ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എംഫിലും പിഎച്ച്ഡിയും നേടുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതായിരുന്നു ഈ ഫെലോഷിപ്പ്.

ഇന്ത്യയിലെ മുസ്ലീങ്ങളുടെ സാമൂഹിക-സാമ്പത്തിക അവസ്ഥയെക്കുറിച്ച് പഠിച്ച സച്ചാര്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പദ്ധതി ആരംഭിച്ചത്.

മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ ഉന്നത വിദ്യാഭ്യാസത്തിന് സര്‍ക്കാര്‍ ഫെലോഷിപ്പ് നല്‍കുന്നുണ്ടെന്നും ഇറാനി വ്യാഴാഴ്ച ലോക്‌സഭയില്‍ പറഞ്ഞു.

മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് ഒഴികെയുള്ള എല്ലാ സ്‌കീമുകളും ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ എല്ലാ സമുദായങ്ങളിലെയും ഉദ്യോഗാര്‍ത്ഥികള്‍ക്കായിട്ടുള്ളതാണ്. എന്നാല്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണം ചെയ്യുന്ന ഫെലോഷിപ്പിന്റെ ഡാറ്റ MANF സ്‌കീമിന് കീഴില്‍ മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ’. സ്‌കീം മറ്റ് ഫെലോഷിപ്പുകളുമായി മറികടക്കുന്നതിനാലും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ ഇതിനകം തന്നെ ഇത്തരം സ്‌കീമുകള്‍ക്ക് കീഴില്‍ വരുന്നതിനാലും MANF സ്‌കീം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.’ ഇറാനി കൂട്ടിച്ചേര്‍ത്തി.

ഇത് അനീതിയാണെന്നും ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുള്ള അവസരത്തെയാണ് ഇത് ബാധിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിവിധ പ്രതിപക്ഷ സംഘടനകളും രാഷ്ട്രീയ നേതാക്കളും വിദ്യാര്‍ത്ഥി സംഘടനകളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Related Articles