Current Date

Search
Close this search box.
Search
Close this search box.

യാത്രക്കാരെ നമസ്‌കരിക്കാന്‍ അനുവദിച്ചതിന് ബസ് ഡ്രൈവറെ സസ്പന്റ് ചെയ്തു – വീഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ യാത്രക്കാരെ നമസ്‌കരിക്കാന്‍ അനുവദിച്ചത് ഡ്രൈവറെ സസ്പന്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്റെ ബസ് ഡ്രൈവറെയും സഹായിയെയുമാണ് സസ്‌പെന്റ് ചെയ്തത്. ബസില്‍ യാത്ര ചെയ്തിരുന്ന രണ്ട് യാത്രക്കാര്‍ ബസ് റോഡരികില്‍ നിര്‍ത്തിയ സമയത്ത് നമസ്‌കാരം നിര്‍വഹിക്കുകയും അവരുടെ നമസ്‌കാരം പൂര്‍ത്തിയാകുന്നത് വരെ ഡ്രൈവര്‍ കാത്തുനിര്‍ക്കുകയുമായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.

ബറൈലി ബസ് ടെര്‍മിനലില്‍ നിന്നും പുറപ്പെട്ട ബസ് റാംപൂര്‍ ജില്ലയിലെ മിലാകിലെ ദേശീയപാതയോരത്ത് നിര്‍ത്തിയ സമയത്ത് രണ്ട് യാത്രക്കാര്‍ റോഡരികില്‍ വെച്ച് നമസ്‌കരിക്കുകയായിരുന്നു. ബസില്‍ ഈ സമയം 14 യാത്രക്കാരാണുണ്ടായിരുന്നത്. റോഡരികിലെ ടോയ്‌ലറ്റ് ഉപയോഗിക്കാന്‍ വേണ്ടി യാത്രക്കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസ് നിര്‍ത്തിയതെന്ന് ഡ്രൈവര്‍ കെ.പി സിങ് പറഞ്ഞു. ഈ സമയം രണ്ട് യാത്രക്കാര്‍ തങ്ങള്‍ക്ക് നമസ്‌കരിക്കണമെന്ന് പറഞ്ഞപ്പോള്‍ അതിന് സമ്മതിക്കുകയും ഏതാനും മിനുറ്റുകള്‍ മാത്രം ബസ് റോഡരികില്‍ നിര്‍ത്തിയിടുകയുമായിരുന്നെന്നും സിങ് പറഞ്ഞു.

എന്നാല്‍, ബസിലെ മറ്റു ചില യാത്രക്കാര്‍ ഈ രണ്ട് യാത്രക്കാര്‍ക്ക് പ്രാര്‍ത്ഥന പൂര്‍ത്തിയാക്കാനാണ് ഡ്രൈവര്‍ കാത്തിരിക്കുന്നതെന്ന് ആരോപിച്ച് പ്രതിഷേധിക്കുകയും വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. പൊലിസിനെ ടാഗ് ചെയ്യുകയും ചെയ്തു.

ഡ്രൈവര്‍ സിങ്ങിനെയും സഹായി യാദവിനെയും പ്രാഥമിക അന്വേഷണത്തിന് ശേഷം സസ്പെന്‍ഡ് ചെയ്തുവെന്നും തിരക്കേറിയ ഹൈവേയില്‍ ബസ് നിര്‍ത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം, സിങ്ങിനും യാദവിനും എതിരായ നടപടി ആശ്ചര്യമുണ്ടാക്കിയെന്ന് നമസ്‌കരിച്ച യാത്രക്കാരായ ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി ഹുസൈന്‍ മന്‍സൂരി പറഞ്ഞു. ‘മറ്റ് യാത്രക്കാര്‍ക്കായി ബസ് നിര്‍ത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സമയം അനുവദിച്ചതിന് അധികൃതര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതില്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. ആവശ്യമെങ്കില്‍, അവരെ പിന്തുണയ്ക്കാന്‍ ഞാന്‍ സാധ്യമായതെല്ലാം ചെയ്യും’-മന്‍സൂരി പറഞ്ഞു.

അതേസമയം, സസ്പെന്‍ഷന്‍ ഉത്തരവിനെ താനും സിംഗും ചോദ്യം ചെയ്യുമെന്ന് യാദവ് പറഞ്ഞു. ‘പ്രാര്‍ത്ഥന നടത്തിയ അവര്‍ എന്തെങ്കിലും തെറ്റ് ചെയ്തതായി ഞങ്ങള്‍ കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു. എംപ്ലോയീസ് വെല്‍ഫെയര്‍ അസോസിയേഷനും സിങ്ങിനും യാദവിനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

വീഡിയോ: https://twitter.com/i/status/1665652995072335872

Related Articles