Current Date

Search
Close this search box.
Search
Close this search box.

‘ബുള്ളി ഭായ്’: 21കാരനെ ബംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു

ബംഗളൂരു: മുസ്‌ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വെബ്‌സൈറ്റും ആപ്പും നിര്‍മിച്ച സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. 21 വയസ്സുകാരനെ ബംഗളൂരുവില്‍ വെച്ച് മുംബൈ പൊലിസാണ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി. 354-ഡി, 500 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുക, അനാവശ്യമായി പിന്തുടരുക എന്നീ വകുപ്പുകളാണ് ചുമത്തിയത്.

അതേസമയം, ‘ബുള്ളി ബായ്’ ആപ്പ് കേസില്‍ മുംബൈ പോലീസിന് വഴിത്തിരിവ് ലഭിച്ചതായി മഹാരാഷ്ട്ര മന്ത്രിസഭാഗം സതേജ് ഡി പാട്ടീല്‍ അവകാശപ്പെട്ടു. അന്വേഷണത്തിന് തടസ്സമാകുമെന്നതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റവാളികളെ ഞങ്ങള്‍ പിന്തുടരുകയാണെന്നും അവരെ ഉടനെ തന്നെ നിയമത്തിന് മുന്നില്‍കൊണ്ടുവരുമെന്നും എല്ലാ ഇരകള്‍ക്കും നീതി ലഭിക്കുമെന്ന് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും പാട്ടീല്‍ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു. മഹാരാഷ്ട്ര ഡി സി പി രശ്മി കരന്ദിക്കറാണ് കേസ് അന്വേഷിക്കുന്നത്.

നേരത്തെ മുസ്ലിം സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടിറക്കിയ ‘സുള്ളി ഡീല്‍സ്’ ആപ്പ് പ്രത്യക്ഷപ്പെട്ട് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് സമാന രീതിയില്‍ ‘ബുള്ളി ഭായ്’ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിന് വെച്ചുള്ള സംഘപരിവാര്‍ വിദ്വേഷ കാമ്പയിനാണ് ഇതിന് പിന്നില്‍. വിവാദ ‘സുള്ളി ഡീലു’കള്‍ക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് ‘ബുള്ളി ബായ്’ നിര്‍മിക്കപ്പെട്ടിരിക്കുന്നത്. 2022 ജനുവരി ഒന്നിന് ‘ബുള്ളി ബായ്’ എന്ന ആപ്പില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ‘വില്‍പനക്ക്’ എന്ന തലക്കെട്ടില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles