Current Date

Search
Close this search box.
Search
Close this search box.

ബുള്‍ഡോസറുകള്‍ ഷഹീന്‍ ബാഗില്‍: റോഡില്‍ തടഞ്ഞ് പ്രദേശവാസികള്‍

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരിക്ക് പിന്നാലെ ചെറിയ ഇടവേളക്ക് ശേഷം ഇടിച്ചുനിരത്തലുമായി ബുള്‍ഡോസറുകള്‍ ഷഹീന്‍ ബാഗിലേക്കും. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് തിങ്കളാഴ്ച രാവിലെ ബുള്‍ഡോസറുകളുമായി അധികൃതര്‍ ഷഹീന്‍ ബാഗിലെത്തിയത്. എന്നാല്‍ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി ചെറുത്തുനിന്നതോടെ പ്രദേശത്ത് കനത്ത പൊലിസിനെ വിന്യസിച്ചിരിക്കുകയാണ് അധികൃതര്‍. നാട്ടുകാര്‍ ജെ.സി.ബികള്‍ റോഡില്‍ തടഞ്ഞു. കയ്യേറ്റ വിരുദ്ധ യജ്ഞത്തിനെതിരെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് രംഗത്തെത്തിയത്.

ഇതോടെ പൊളിക്കല്‍ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രദേശത്ത് സംഘര്‍ഷാവസ്ഥയും നിലനില്‍ക്കുന്നുണ്ട്. പൊലിസും നാട്ടുകാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു.
കോണ്‍ഗ്രസ് മീഡിയ സെല്‍ വൈസ് ചെയര്‍മാന്‍ പര്‍വേസ് ആലം ഉള്‍പ്പെടെയുള്ള ഡല്‍ഹി കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, കോര്‍പറേഷന്റെ പൊളിക്കല്‍ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ പരാതിക്കാര്‍ ഹരജി ഫയല്‍ ചെയ്തിട്ടുണ്ട്. ഹരജി ഇന്ന് തന്നെ പരിഗണിച്ചേക്കും.

തുഗ്ലക്കാബാദ്, സംഗവിഹാര്‍, ന്യൂ ഫ്രണ്ട്‌സ് കോളനി, ഷഹീന്‍ ബാഗ് എന്നിവിടങ്ങളിലെ കൈയേറ്റങ്ങളും അനധികൃത കുടിയേറ്റങ്ങളും നീക്കം ചെയ്യുമെന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു.

നേരത്തെ, ആം ആദ്മി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സ്ഥലത്തെത്തി ധര്‍ണ നടത്തിയിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ഷഹീന്‍ ബാഗ്, കാളിന്ദി കുഞ്ച്, ജയ്ത്പൂര്‍, സരിതാ വിഹാര്‍, മഥുര റോഡ് എന്നിവിടങ്ങളില്‍ കനത്ത ഗതാഗതക്കുരുക്കുണ്ടായി. 2019 ഡിസംബറില്‍, പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെയും കുത്തിയിരിപ്പ് സമരങ്ങളുടെയും കേന്ദ്രമായിരുന്നു ഷഹീന്‍ ബാഗ്.

Related Articles