Current Date

Search
Close this search box.
Search
Close this search box.

ബില്‍ക്കീസ് ബാനു കേസ്: ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതിയുടെ വിമര്‍ശനം

ഡല്‍ഹി: ഗുജറാത്ത് കലാപത്തിനിടെ സംഘ്പരിവാര്‍ തീവ്രവാദികള്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയ ബില്‍ക്കീസ് ബാനു കേസില്‍ ഗുജറാത്ത് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കേസിലെ പ്രതികളെ അടുത്തിടെ സര്‍ക്കാര്‍ ജയില്‍മോചിതരാക്കിയ നടപടിയെയാണ് കോടതി ചോദ്യം ചെയ്തത്. പ്രതികളെ വിട്ടയച്ചതിന്റെ കാരണങ്ങള്‍ ഗുജറാത്ത് സര്‍ക്കാര്‍ ബോധിപ്പിക്കണമെന്നും പ്രതികള്‍ കുറ്റം ചെയ്ത രീതി ഭയാനകമാണെന്നും മറ്റു കേസുകളെ പോലെ ഇതിനെ കാണാനാകില്ലെന്നും സുപ്രീം കോടതി ചൊവ്വാഴ്ച പറഞ്ഞു. ജസ്റ്റിസ് കെ.എം ജോസഫ് ആണ് വിമര്‍ശനമുന്നയിച്ചത്.

1500 ദിവസത്തെ പരോളാണ് ലഭിച്ചത്. ഇത് സാധാരണ പൗരന് ലഭിക്കുമോ. ബില്‍ക്കീസ് ബാനു കേസില്‍ സംഭവിച്ചത് നാളെ ആര്‍ക്കും സംഭവിക്കാമെന്നും കോടതി പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രതികളെ നല്ലനടപ്പെന്ന് പറഞ്ഞ് മുഴുവന്‍ പ്രതികളെയും വെറുതെ വിടാന്‍ ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ജയില്‍ മോചിതരായ പ്രതികളെ സംഘ്പരിവാര്‍ നേതാക്കള്‍ മാലയിട്ട് സ്വീകരിക്കുകയും മധുരം വിതരണം ചെയ്തും ആഘോഷമാക്കിയിരുന്നു.

2008ല്‍ മുംബൈയിലെ സി.ബി.ഐ കോടതി 11 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഗുജറാത്ത് കലാപത്തിനിടെയാണ് ബില്‍ക്കീസ് ബാനുവും കുടുംബവും കൂട്ടബലാത്സംഗത്തിന് ഇരയായ കേസിലെ പ്രതികളെ കഴിഞ്ഞ ഓഗസ്റ്റ് 15നാണ് വെറുതെ വിട്ടത്. ശിക്ഷാ ഇളവ് നയം അനുസരിച്ച് ശിക്ഷ കുറയ്ക്കാനുള്ള പ്രതികളുടെ അപേക്ഷ ഓഗസ്റ്റ് 15ന് ഗുജറാത്ത് സര്‍ക്കാര്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് കുറ്റവാളികളെ ഗോധ്ര ജയിലില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു.

2002 മാര്‍ച്ച് മൂന്നിന് 19 വയസ്സായിരുന്ന ബാനു അപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അഹമ്മദാബാദിനടുത്ത് വെച്ച് നടന്ന കലാപത്തിനിടെ മൂന്ന് വയസ്സുള്ള മകള്‍ ഉള്‍പ്പെടെ അവളുടെ കുടുംബത്തിലെ 14 പേരെ കലാപകാരികള്‍ അതിക്രൂരമായാണ് കൊലപ്പെടുത്തിയത്. ഒരു കലാപകാരി തന്റെ മൂന്ന് വയസ്സുള്ള മകളെ കൈയില്‍ നിന്ന് തട്ടിപ്പറിച്ചെടുക്കുകയും തല പാറയില്‍ ഇടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ബാനുവിന്റെ കണ്‍മുന്നില്‍ വെച്ചാണ് ഈ ക്രൂരതകളെല്ലാം നടന്നത്.

Related Articles