Current Date

Search
Close this search box.
Search
Close this search box.

സകരിയ്യയുടെ ഉമ്മ ബിയ്യുമ്മ യു.എ.പി.എക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും

കോഴിക്കോട്: 11 വര്‍ഷമായി യു.എ.പി.എ ഭീകരനിയമത്തിന്റെ ഇരയായി തടവില്‍ കഴിയുന്ന സകരിയ്യക്ക് വേണ്ടി ഉമ്മ ബിയ്യുമ്മ സുപ്രീംകോടതിയെ സമീപിക്കുന്നു.
മകന്റെ ജയില്‍വാസത്തില്‍ പ്രയാസപ്പെട്ട് ആശുപത്രി കിടക്കയില്‍ നിന്നാണ് അവര്‍ ധീരമായ ഈ പോരാട്ടത്തിനിറങ്ങുന്നത്. ഫ്രീ സകരിയ്യ ആക്ഷന്‍ ഫോറത്തിന്റെയും സോളിഡാരിറ്റിയുടെയും പിന്തുണയോടെയാണ് ബിയ്യുമ്മ ഭീകരനിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത്. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റാണ് വാര്‍ത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും പാടില്ലാത്ത നിയമമാണ് ദേശദ്രോഹ നിയമമെന്ന് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിരുന്നു. എന്നാല്‍ സ്വതന്ത്ര്യത്തിന് ശേഷമുള്ള രാജ്യത്തിന്റെ ചരിത്രം നോക്കിയാല്‍ ദേശദ്രോഹ നിയമങ്ങളുടെ എണ്ണവും വണ്ണവും വര്‍ധിച്ചു വരുന്നതാണ് കണ്ടതെന്നും സോളിഡാരിറ്റി പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാനെന്ന പേരില്‍ എന്താണ് നിയമ വിരുദ്ധ പ്രവര്‍ത്തനമെന്ന് പോലും നിര്‍വചിക്കാതെ അധികാരികള്‍ക്ക് ഏതൊരാള്‍ക്കുമെതിരെ പ്രയോഗിക്കാനാകുന്ന തരത്തില്‍ ഭീകരനിയമങ്ങള്‍ വികസിപ്പിക്കുകയാണ് ചെയ്തത്. ടാഡ, പോട്ട എന്നിവയിലൂടെ കടന്ന് യു.എ.പി.എയിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ ഭീകര നിയമങ്ങളുടെ വളര്‍ച്ച.

2019ല്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടനെ ആദ്യ പാര്‍ലമെന്റ് സമ്മേളനത്തില്‍ യു.എ.പി.എ, എന്‍.ഐ.എ ഭേദഗതി നിയമങ്ങള്‍ പാസാക്കിയെടുത്തു. രാജ്യത്തെ ജനാധിപത്യവും ഭരണഘടനയും ഉറപ്പ് നല്‍കുന്ന എല്ലാ പൗരാവകാശങ്ങളെയും റദ്ദ് ചെയ്യുന്ന തരത്തിലേക്ക് ഭീകര നിയമങ്ങള്‍ ഉയര്‍ന്നു. ദേശ സുരക്ഷക്ക് പൗരാവകാശത്തെക്കാള്‍ പ്രാധാന്യമുണ്ടെന്ന വാദമാണ് അതിന് കാര്യമായുയര്‍ത്തിയത്. പൗരാവകാശമില്ലാതെ ദേശസുരക്ഷയുണ്ടാക്കുകയെന്നതിലെ അനീതി അധികാരികള്‍ പരിഗണിച്ചില്ല. ഈ ഭേദഗതികളിലൂടെ സംസ്ഥാനങ്ങളുടെ എല്ലാ ഫെഡറല്‍ അവകാശങ്ങളെയും ഇല്ലാതാക്കി എന്‍.ഐ.എ എന്ന കേന്ദ്ര ഏജന്‍സി സംസ്ഥാന വിഷയങ്ങളില്‍ ഇടപെടുന്ന അവസ്ഥയുണ്ടായി.

ഭേദഗതിയിലൂടെ ശക്തിപ്പെടുത്തുന്നതിന് മുമ്പുതന്നെ യു.എ.പി.എയും എന്‍.ഐ.എയും ഉപയോഗപ്പെടുത്തി അധികാരികള്‍ ആയിരക്കണക്കിന് നിരപരാധികളെ ജയിലിലടച്ചിരുന്നു. അതില്‍ മഹാഭൂരിപക്ഷവും മുസ്ലിംകളായിരുന്നു. അബ്ദുന്നാസര്‍ മഅദനി, പരപ്പനങ്ങാടിയിലെ സകരിയ്യ തുടങ്ങീ ധാരാളം പൗരന്മാര്‍ വര്‍ഷങ്ങളായി വിചാരണ തടവുകാരായി തുടരുകയാണ്. കുറ്റപത്രം സമര്‍പ്പിക്കുകപോലും ചെയ്യാതെ ഭീകരനിയമങ്ങളുടെ പിന്‍ബലത്തോടെ പീഡിപ്പിക്കപ്പെടുകയാണ് അവരെയെല്ലാം. യു.എ.പി.എ ചുമത്തപ്പെട്ട ചിലര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ മുഖ്യധാര താല്‍പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മേല്‍പറഞ്ഞ നിരപരാധികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരും തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമാണെന്നും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ഉമര്‍ ആലത്തൂര്‍, ഫ്രീ സകരിയ്യ ആക്ഷന്‍ ഫോറം പ്രസിഡന്റ് അഷ്‌റഫ് ശിഫ,സി.എ നൗഷാദ്,ഷമീര്‍ കോണിയത്ത് എന്നിവര്‍ പറഞ്ഞു.

Related Articles