Current Date

Search
Close this search box.
Search
Close this search box.

കേരള സ്റ്റോറി : സർക്കാർ നടപടി സ്വീകരിക്കണം

കോഴിക്കോട്: സംഘ്പരിവാറിന്റെ കള്ളക്കഥകള്‍ അടിസ്ഥാനമാക്കി കേരളത്തിനെതിരെ വ്യാജ ആരോപണം അഴിച്ചുവിടുന്ന ‘ദി കേരള സ്റ്റോറി’ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സിനിമക്ക് വിലക്കേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കൂടുതല്‍ പേര്‍ രംഗത്ത്. സിനിമക്കെതിരെ ശക്തമായ പ്രതിഷേധവുമായി വിവിധ സംഘടനകളും രാഷ്ട്രീയക്കാരും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മന്ത്രി സജി ചെറിയാന്‍, ഡി.വൈ.എഫ്.ഐ, മുസ്ലിം ലീഗ്, എസ്.വൈ.എസ്, വെല്‍ഫെയര്‍ പാര്‍ട്ടി, ഐ.എസ്.എം, സോളിഡാരിറ്റി തുടങ്ങിയ നിരവധി സംഘടനകളും സിനിമക്കെതിരെ രംഗത്തു വന്നിട്ടുണ്ട്.

കേരള സ്റ്റോറി : സർക്കാർ നടപടി സ്വീകരിക്കണം , പൊതു സമൂഹം തള്ളിക്കളയണം – രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ

തിരുവനന്തപുരം : കേരളത്തിന്റെ സൗഹാർദ്ദാന്തരീക്ഷത്തെയും പുരോഗമന മൂല്യങ്ങളെയും നിരാകരിക്കുകയും അപകീർത്തി പ്പെടുത്തുകയും ചെയ്യുന്ന കേരള സ്റ്റോറിയെ കേരളീയ സമൂഹം ബഹിഷ്കരിക്കണമെന്നും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും രാഷ്ട്രിയ, സാമൂഹ്യ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ ആഹ്വാനം ചെയ്തു.
രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ വെല്ലുവിളിക്കുന്ന ചിത്രം . സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് തിരിച്ചറിയണം. കേരളത്തിൽ സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തി മുതലെടുക്കാനുള്ള സംഘ്പരിവാർ ശ്രമത്തിന്റെ തുടർച്ചയുടെ ഭാഗമാണിതും. വിവിധ അന്വേഷണ ഏജൻസിക ളും കേരള ഹൈക്കോടതിയും തള്ളിക്കളഞ്ഞ ലൗ ജിഹാദിനെ പുനരാനയിക്കുകയും സാമുദായികാന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചെയ്യുന്ന പ്രമേയത്തെ ചലചിത്രത്തിന്റെ പേരിൽ അംഗീകരിക്കാനാവില്ലെന്നും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ

കൊടിക്കുന്നിൽ സുരേഷ് എം പി
ഇ.ടി മുഹമ്മദ് ബഷീർ എം പി
റഷീദലി ശിഹാബ് തങ്ങൾ
കടക്കൽ അബ്ദുൽ അസീസ് മൗലവി
പി മുജീബ് റഹ്മാൻ
ഡോ ഹുസൈൻ മടവൂർ
ടി കെ അഷ്‌റഫ്‌
സി.പി ഉമ്മർ സുല്ലമി
ഡോ. കെ എൻ പണിക്കർ
കെ . സച്ചിദാനന്ദൻ
പെരുമ്പടവം ശ്രീധരൻ
ഒ.അബ്ദുറഹ്മാൻ
കൽപറ്റ നാരായണൻ
ഡോ. ഫസൽ ഗഫൂർ
പി. സുരേന്ദ്രൻ
കെ.ഇ.എൻ
ഡോ.പി.കെ. പോക്കർ
ഭാസുരേന്ദ്ര ബാബു
ഫാദർ പോൾ തേലക്കാട്ട്
ഡോ വി പി സുഹൈബ് മൗലവി
പ്രഭാവർമ
റസാഖ് പാലേരി
എം ലിജു
കടക്കൽ ജുനൈദ്
സുദേഷ് എം രഘു
പ്രമോദ് രാമൻ
ഡോ.ജെ. ദേവിക
ഡോ.സി.എസ് ചന്ദ്രിക
ആസാദ്
ഐ. ഗോപിനാഥ്
എൻ.പി ചെക്കുട്ടി
എ. സജീവൻ
കെ.എ ഷാജി
കെ.അംബുജാക്ഷൻ
പി കെ പാറക്കടവ്
ശൈഖ് മുഹമ്മദ് കാരകുന്ന്
വി.എം. ഇബ്രാഹിം
ഡോ.കെ.എസ് മാധവൻ
കെ.കെ. കൊച്ച്
കെ.കെ.ബാബുരാജ്
സണ്ണി എം. കപിക്കാട്
ഡോ. ഒ.കെ. സന്തോഷ്
ജെ രഘു
ദാമോദർ പ്രസാദ്
സി.ദാവൂദ്
അഡ്വ. പി എ പൗരൻ
സി.കെ അബ്ദുൽ അസീസ്
ഇലവുപാലം ശംസുദ്ധീൻ മന്നാനി
അനൂപ് വി.ആർ
കെ പി റെജി
കെ.അംബിക
ജോളി ചിറയത്ത്
ഡോ.പി.ജെ വിൻസെന്റ്
ജി.പി രാമചന്ദ്രൻ
സുനിൽ പി ഇളയിടം
ഡോ.എ.കെ വാസു
ഡോ പി ജെ ജെയിംസ്
ബാബുരാജ് ഭഗവതി
ഡോ. അഷ്റഫ് കടക്കൽ
എൻ. മാധവൻ കുട്ടി
ഡോ. അസീസ് തരുവണ
അഡ്വ. തുഷാർ നിർമൽ സാരഥി
അഡ്വ. നന്ദിനി
പി.എ. പ്രേം ബാബു
ബിനു മാത്യു
വി.കെ.ജോസഫ്
ദേശാഭിമാനി ഗോപി
അഡ്വ. പി ചന്ദ്രശേഖർ
വയലാർ ഗോപകുമാർ
ശംസുദ്ദിൻ ഖാസിമി
ശുകൂർ ഖാസിമി പത്തനംതിട്ട
ഡോ നെടുമുടി ഹരികുമാർ
അഡ്വ. അബിൻ വർക്കി കോടിയാട്ട്
സി ടി സുഹൈബ്
മൃദുല ദേവി
ടി.കെ സഈദ്
ഡോ വർഷ ബഷീർ
കമൽ സി നജ്മൽ
റെനി ഐലിൻ
ആർ. അജയൻ
അനീഷ് പാറമ്പുഴ
ചെറുകര സണ്ണി ലുക്കോസ്
എ ജെ വിജയൻ
കെ എ ഷാജി
ഡോ അസീസ് തരുവണ
ടി പി മുഹമ്മദ് ശമീം
എ എം നദ്‌വി
മോയിൻ മലയമ്മ
കെ സന്തോഷ്‌ കുമാർ
ടി കെ വിനോദൻ
മധു ജനാർദ്ദനൻ
ശിഹാർ മൗലവി
പ്രേമ ജി പിഷാരടി
എന്നിവർ പ്രസ്താവനയിൽ ഒപ്പുവെച്ചു

വി.എസിന്റെ പ്രസ്താവനയില്‍ സി.പി.എം നിലപാട് വ്യക്തമാക്കണം: മുസ്ലിം ലീഗ്

മുന്‍ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍ 2010ല്‍ നടത്തിയ പ്രസ്താവനയെ ഉദ്ധരിച്ച് പുറത്തിങ്ങാന്‍ പോകുന്ന സംഘ്പരിവാര്‍ അനുകൂല സിനിമ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ സാഹചര്യത്തില്‍ ആ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് സി.പി.എം വ്യക്തമാക്കേണ്ടതുണ്ട്.20 വര്‍ഷം കൊണ്ട് കേരളത്തെ ഇസ്ലാമിക രാജ്യമാക്കാന്‍ വേണ്ടി ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റാനായി അവരിലെ ചെറുപ്പക്കാര്‍ പണിയെടുക്കുന്നുണ്ടെന്നുമാണ് 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ് പറഞ്ഞത്. കേരളത്തെ തീവ്രവാദത്തിന്റെ കേന്ദ്രമായും ഐ.എസ് റിക്രൂട്ട്‌മെന്റ് സെന്ററായും അവതരിപ്പിക്കുന്ന കേരള സ്റ്റോറി എന്ന സംഘ്പരിവാര്‍ സ്‌പോണ്‍സേഡ് സിനിമയില്‍ ഈ വാദം സമര്‍ത്ഥിക്കാന്‍ വേണ്ടി വി.എസിന്റെ പ്രസ്താവനയെ ആണ് ആശ്രയിച്ചിരിക്കുന്നത്.
ഒരു സമുദായത്തെ ഒന്നടങ്കം സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതായിരുന്നു വി.എസിന്റെ പ്രസ്താവന. സംഘ്പരിവാര്‍ പ്രൊപ്പഗണ്ടയെ ഔദ്യോഗികമായി അവതരിപ്പിക്കുകയാണ് വി.എസ് അച്യുതാനന്ദന്‍ ചെയ്തത്. ലൗ ജിഹാദ് സമര്‍ത്ഥിക്കാന്‍ വേണ്ടി കഴിഞ്ഞ കുറേ കാലമായി സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ വി.എസ്സിന്റെ ഈ പ്രസ്താവനയെ ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ 33,000 പെണ്‍കുട്ടികളെ കേരളത്തില്‍നിന്ന് കാണാതായി എന്ന നുണക്കഥ പറഞ്ഞുകൊണ്ടാണ് സിനിമ പുറത്തിറങ്ങുന്നത്. ഈ സിനിമയുടെ ട്രെയിലറിലും വി.എസ്സിനെയാണ് ഔദ്യോഗിക സ്രോതസ്സായി ഉയര്‍ത്തിക്കാട്ടുന്നത്. വി.എസ്സിന്റെ പ്രസ്താവനയെ സി.പി.എം തള്ളിപ്പറയാത്തത് കൊണ്ട് വലിയ പ്രത്യാഘാതമാണ് സമൂഹത്തിലുണ്ടായത്. ഇനിയെങ്കിലും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സി.പി.എം തയ്യാറാവണം. മതസ്പര്‍ധയുണ്ടാക്കുന്ന ഈ സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കരുത്.

 

രാജ്യവിരുദ്ധ ശക്തികളുടെ പങ്ക് അന്വേഷിക്കണം: എസ് വൈ എസ്

ഇസ്ലാം ഭീതി വളര്‍ത്തി ജനങ്ങളെ സാമുദായികമായി പിളര്‍ത്താനും കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുമായി പടച്ചുണ്ടാക്കിയ കേരള സ്റ്റോറി സിനിമക്ക് രാജ്യത്തെ തിയേറ്ററുകളില്‍ പ്രദര്‍ശനാനുമതി നല്കരുതെന്ന് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി കേന്ദ്ര കേരളാ സര്‍ക്കാറുകളൊട് ആവശ്യപ്പെട്ടു. സുപ്രീം കോടതിയും കേന്ദ്ര അന്വേഷണ ഏജന്‍സികളും തള്ളിക്കളഞ്ഞ ലവ് ജിഹാദ് ഉണ്ടെന്ന് സ്ഥാപിക്കാന്‍ മാത്രമല്ല അതിനു സംഘടിതമായ ശ്രമങ്ങളുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ കൂടിയാണ് സിനിമ ഉദ്യമിക്കുന്നത്. എങ്കില്‍ എന്തുകൊണ്ട് ആ സംഘടിത ശ്രമം കണ്ടെത്താന്‍ അന്വേഷണഏജന്‍സികള്‍ക്ക് സാധിച്ചില്ല? 32,000 മലയാളി യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ എസ് എസ് കേന്ദ്രത്തിലേക്ക് കടത്തി എന്നാണ് സിനിമ ആരോപിക്കുന്നത്. ഇത്രയേറെ ആളുകളെ കടത്തിക്കൊണ്ട് പോയിട്ടും ഒന്നും ചെയ്യാന്‍ പറ്റാതിരുന്ന ഭരണകൂടമാണ് രാജ്യത്ത് നിലവിലുള്ളത് എന്ന ആരോപണം കൂടിയാണ് അടിസ്ഥാനപരമായി സിനിമ ഉന്നയിക്കുന്നത്. സര്‍ക്കാരും അന്വേഷണ ഏജന്‍സികളും ഒന്നിനും കൊള്ളാത്തവരാണ് എന്ന പ്രചാരണം രാജ്യവിരുദ്ധ ശക്തികള്‍ക്കാണ് ഊര്‍ജം പകരുക. അത്തരം ഇന്ത്യാവിരുദ്ധ മനോഭാവം പുലര്‍ത്തുന്ന വിധ്വoസക ശക്തികളുടെ ഫണ്ട് ഉപയോഗിച്ചാണോ ഈ സിനിമ നിര്‍മ്മിച്ചത് എന്ന് കേന്ദ്രം അന്വേഷിക്കണം.

ഈ സിനിമ രാജ്യത്തെ ഹൈന്ദവ, ക്രൈസ്തവ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ സംശയമുനയില്‍ നിര്‍ത്തുകയാണ്. അവര്‍ പ്രണയചാപല്യങ്ങളില്‍ പെട്ട് തീവ്രവാദികള്‍ക്കൊപ്പം ചേരാന്‍ സന്നദ്ധമായി നില്കുകയാണ് എന്ന് ധ്വനിപ്പിക്കുന്നത് അവരുടെ ബൗദ്ധികനിലവാരത്തെയും വിദ്യാഭ്യാസമികവിനെയും അപഹസിക്കുന്ന നടപടിയാണ്. രണ്ടു പ്രധാന മതസമുദായങ്ങളിലെ കുടുംബങ്ങളെ ഇങ്ങനെ ആക്ഷേപിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ വകവെച്ചു നല്‍കരുത്. രാജ്യത്തെ ഒരു സ്‌ക്രീനും ഇത് പ്രദര്‍ശിപ്പിക്കാതിരിക്കാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലടക്കം ഇത് പ്രചരിപ്പിക്കാതിരിക്കാനുമുള്ള നടപടികള്‍ കേന്ദ്രം കൈക്കൊള്ളണം. കേരളത്തെയാണ് മുഖ്യമായി ലക്ഷ്യമിടുന്നത് എന്നതിനാല്‍ സംസ്ഥാനസര്‍ക്കാര്‍ പ്രത്യേകമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും എസ് വൈ എസ് ആവശ്യപ്പെട്ടു.

ഡി.വൈ.എഫ്.ഐ

സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമയുടെ ട്രെയിലര്‍ മതവികാരം വ്രണപ്പെടുത്തുന്നതും വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണ്. മത സൗഹാര്‍ദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തില്‍ പൊതുബോധം നിര്‍മ്മിക്കാനുള്ള ശ്രമങ്ങള്‍ സംഘ്പരിവാര്‍ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളം കൂടി ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ യൂണിയന്‍, ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാര്‍ സമീപിക്കുന്നത്.

രാജ്യത്തിന്റെ നിയമ നിര്‍മ്മാണ സഭയില്‍ യൂണിയന്‍ അഭ്യന്തര മന്ത്രാലയം തന്നെ തള്ളി കളഞ്ഞ ലൗ ജിഹാദ് ഉള്‍പ്പെടെയുള്ള നുണ കഥകള്‍ വീണ്ടും ഉന്നയിക്കുകയാണ്.
മുസ്ലിം = തീവ്രവാദം എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളര്‍ത്തുവാനും വര്‍ഗ്ഗീയത പടര്‍ത്താനുമാണ്. ഇതിന് സിനിമ എന്ന ജന പ്രിയ മാധ്യമം ഉപയോഗ പ്പെടുത്തുകയാണ്. മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാര്‍ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്. ഈ സിനിമയ്‌ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.

ദ കേരള സ്റ്റോറിക്ക് പ്രദര്‍ശനാനുമതി നല്‍കരുത്: വെല്‍ഫെയര്‍ പാര്‍ട്ടി

സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ദ കേരള സ്റ്റോറി എന്ന സിനിമ വരുന്ന മെയ് അഞ്ചിന് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. കേരളത്തെ കുറിച്ച് നിരവധി കള്ളങ്ങള്‍ നിറച്ചു വെച്ചതും മുസ്ലിം സമൂഹത്തെ പൈശാചികവത്കരിക്കുകയും ചെയ്യുന്ന മറ്റൊരു സംഘ്പരിവാര്‍ പ്രോപഗണ്ട മൂവി ആണിത് എന്നതില്‍ സംശയമില്ല.

കേരളത്തില്‍ നിന്ന് 32000 യുവതികളെ ഇസ്ലാമിലേക്ക് മതം മാറ്റി ഐ എസ് ക്യാമ്പിലെത്തിച്ചു എന്ന പച്ചക്കള്ളമാണ് സിനിമയുടെ കഥാ കേന്ദ്രമായി വരുന്നത്. സംഘ് പരിവാര്‍ കേന്ദ്രങ്ങളും നിക്ഷിപ്ത താല്പര്യത്തോട് കൂടി മറ്റു ചിലരും കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നുവെന്ന പ്രചണ്ഡമായ പ്രചാരണങ്ങള്‍ നടത്തിയിട്ടും ഏതെങ്കിലും കേന്ദ്ര അന്വേഷണ ഏജന്‍സിയോ കേരളത്തിലെ അന്വേഷണ ഏജന്‍സിയോ അങ്ങനെ ഒന്നുള്ളതായി ഇതേ വരേയ്ക്കും കണ്ടെത്തിയിട്ടില്ല. കേരളത്തിലെ ഡി.ജി.പി മാരും മുന്‍ മുഖ്യമന്ത്രിമാരും ഈ ആരോപണം പലവുരു തള്ളിക്കളഞ്ഞിട്ടുണ്ട്.

കേരളത്തെ സവിശേഷമായി ഉന്നം വെക്കുന്ന സാംസ്‌കാരിക ഫാഷിസ്റ്റ് പദ്ധതിയെ കേരളം ഒറ്റക്കെട്ടായി ചെറുക്കണം. സംസ്ഥാന ഭരണകൂടം ഈ പ്രതിരോധത്തിന് നേതൃത്വം നല്‍കണം. വിഷലിപ്തമായ വംശീയ പദ്ധതികള്‍ക്ക് ഇവിടെ ഇടം കൊടുക്കരുത്. സിനിമയുടെ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്ത് സത്വര നിയമ നടപടികള്‍ കൈക്കൊള്ളണം. പരാതി ലഭിച്ചിട്ടും തുടര്‍ നടപടികള്‍ വൈകുന്നത് ശരിയല്ല. വംശീയ ഉള്ളടക്കമുള്ള ഇത്തരം പ്രോപഗണ്ടാ മൂവികള്‍ക്ക് പിറകിലെ സാമ്പത്തിക ശക്തികളെയും രാഷ്ട്രീയ ബന്ധങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടത്തണം.

സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. സാമുദായിക ധ്രുവീകരണവും വെറുപ്പുല്‍പാദനവും വംശീയമായ അപരവത്കരണവും മാത്രം ലക്ഷ്യമാക്കി പടച്ചു വിടുന്ന നിര്‍മ്മിതികള്‍ക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ആനുകൂല്യങ്ങള്‍ അനുവദിക്കാനാവില്ല.

സിനിമക്കെതിരെ സര്‍ക്കാര്‍ നടപടി വൈകുന്നത് പ്രതിഷേധാര്‍ഹം: സോളിഡാരിറ്റി

കേരളത്തെ കുറിച്ച് വംശീയ-വിദ്വേഷ പ്രചാരണങ്ങള്‍ നിറച്ച് പുറത്തിറങ്ങുന്ന ‘കേരള സ്റ്റോറി’ എന്ന സിനിമക്കെതിരെ പരാതി ലഭിച്ചിട്ടും സര്‍ക്കാര്‍ നടപടി എടുക്കാത്തത് പ്രതിഷേധാര്‍ഹവും കുറ്റകരവുമാണെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്. കേരളത്തില്‍ നിന്ന് 32000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അം?ഗങ്ങളാക്കിയെന്ന പച്ചക്കള്ളവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സിനിമക്കെതിരെ തമിഴ് മാധ്യമ പ്രവര്‍ത്തകനായ ബി.ആര്‍ അരവിന്ദാക്ഷന്‍ കേരള മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ ഡി.ജി.പി അനില്‍ കാന്ത് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും ഇത് വരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാരും കേരള ആഭ്യന്തര വകുപ്പും ലവ്ജിഹാദ് കേസുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നത് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. അവയയെല്ലാം മുഖവിലക്കെടുക്കാതെ മുസ്ലിം സമൂഹത്തിനെതിരെ സംഘ്പരിവാര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലവ്ജിഹാദ് എന്ന വ്യാജ ആരോപണത്തെ അതേപടി ഏറ്റെടുക്കുകയാണ് സിനിമ ചെയ്യുന്നത്. ലൗജിഹാദും ഐ എസ് റിക്രൂട്ട്‌മെന്റും അടക്കമുള്ള നുണക്കഥകളെ മുന്‍നിര്‍ത്തി ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് ഭീതി ഉത്പാദിപ്പിച്ച് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെക്കുന്ന ഈ സിനിമ കേരളത്തെ സംബന്ധിച്ച് ദൂരവ്യാപക പ്രത്യാ?ഘാതം സൃഷ്ടിക്കുന്നതാണ്.

മെയ് 5 ന് പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലറില്‍ മുന്‍മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയാണ് ലവ്ജിഹാദ് ആരോപണത്തിന്റെ പ്രധാന രേഖയായി കൊടുത്തിട്ടുള്ളത്. വ്യത്യസ്ത അഭിമുഖങ്ങളിലൂടെയായി സിനിമയയുടെ സംവിധായകന്‍ സുധീപ്‌തോ സെന്നും ഇത് കേരളത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന വസ്തുതയെ പുറത്ത് കൊണ്ട് വരുന്ന സിനിമയാണെന്ന പച്ചക്കള്ളം ആവര്‍ത്തിക്കുന്നുണ്ട്. ആള്‍ട്ട് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിച്ച, കേരളത്തില്‍ 2006 മുതല്‍ ഇസ്ലാം സ്വീകരിച്ച സ്ത്രീകളുടെ കണക്കിനെയും ലവ്ജിഹാദിന്റെ ഔദ്യോ?ഗിക രേഖയാക്കി ദുര്‍വ്യാഖ്യാനിക്കുകയാണ് സംവിധായകന്‍ ചെയ്യുന്നത്. കേരളത്തിലെ മുന്‍മുഖ്യമന്ത്രിമാരുടെ പ്രസ്താവനകളെ തെളിവാക്കിക്കൊണ്ട് ഒരു സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുമ്പോള്‍ അതിന്റെ വസ്തുത ബോധ്യപ്പെടുത്താതെ മൗനം പാലിക്കുന്നത് കേരള സര്‍ക്കാരിന്റെയും ഭരിക്കുന്ന പാര്‍ട്ടിയുടെയും ഭാ?ഗത്ത് നിന്നുള്ള കുറ്റകരമായ അനാസ്ഥയാണ്.

കേരളത്തെ തീവ്രവാദികളുടെ ഹബ് ആക്കി വ്യാജ പ്രചാരണം നടത്തുന്ന സംഘ്പരിവാര്‍ ആശയത്തിന് വളം വെക്കുന്നതും മുസ്ലിം ജനവിഭാ?ഗത്തെക്കുറിച്ച് വിദ്വേഷം ജനിപ്പിക്കുന്നതുമായ കേരള സ്റ്റോറിയുടെ സംവിധായകനും നിര്‍മ്മാതാവിനും എതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണം. സിനിമയുടെ പ്രദര്‍ശനാനുമതി തടയാനുള്ള അടിയന്തിരമായ നിയമനടപടികള്‍ക്കും സര്‍ക്കാര്‍ മുന്‍കൈയെടുക്കണം. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിയേറ്റ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

 

 

Related Articles